കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പുഫലം വിലയിരുത്താന്‍ സിപിഎം ജില്ലാ കമ്മിറ്റി 22, 23 തീയതികളില്‍ ചേരും. പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്, സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ പി.കെ. ബിജു, കെ.കെ. ജയചന്ദ്രന്, വി.എന്‍. വാസവന് എന്നിവര്‍ പങ്കെടുക്കും.
ബ്രാഞ്ച് സെക്രട്ടറിമാരോട് ബൂത്തുതല കണക്കുകള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. മൂന്നു നിയമസഭാ മണ്ഡലങ്ങളില്‍ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധനയുണ്ടായതായാണു വിലയിരുത്തല്‍. എന്നാല്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം കൂടിയായ മന്ത്രി വി.എന്‍. വാസവന്റെ മണ്ഡലത്തിലെ കുമരകം ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ തോല്‍വി വിശദമായി പരിശോധിക്കും.
അതിരമ്പുഴ ജില്ലാ പഞ്ചായത്ത് ഡിവിഷന് തിരിച്ചു പിടിക്കാനായത് നേട്ടമാണെങ്കിലും മന്ത്രിയുടെ മണ്ഡലത്തിലെ അയ്മനം പഞ്ചായത്തില്‍ ബിജെപി ഭൂരിപക്ഷം നേടിയതും ഏറ്റുമാനൂര്‍ നഗരസഭയില്‍ ബിജെപി അംഗങ്ങള്‍ വര്‍ധിച്ചതും ചര്‍ച്ചയാകും.
കുമരകം, പൊന്‍കുന്നം, തൃക്കൊടിത്താനം, വെള്ളൂര്‍ ജില്ലാ ഡിവിഷനുകളിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വിമര്‍ശനമുണ്ട്. കുമരകത്ത് ജില്ലാ പഞ്ചായത്ത് മുന്‍പ്രസിഡന്റ് കെ.വി. ബിന്ദുവിന് ഒരവസരംകൂടി നല്കിയിരുന്നെങ്കില് വിജയിക്കാമായിരുന്നുവെന്ന് അഭിപ്രായമുണ്ട്.
ജില്ലയിലെ ഒരു സംസ്ഥാന നേതാവിന്റെ ഇടപെടലും താത്പര്യവും ദോഷം ചെയ്തതായി വിമര്‍ശനമുണ്ട്. മുണ്ടക്കയം ഡിവിഷനില്‍ ജില്ലാ സെക്രട്ടേറിയറ്റംഗം കെ. രാജേഷ് പരാജയപ്പെട്ടതിലെ സമുദായ ധ്രുവീകരണം ആഴത്തില്‍ പഠിക്കുന്നുണ്ട്.
കോട്ടയം നഗരസഭയില്‍ ശക്തമായ പോരാട്ടം നടത്തിയിട്ടും വിജയിക്കാനാവാത്തതില്‍ നേതാക്കള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. വൈക്കം, ഈരാറ്റുപേട്ട, ചങ്ങനാശേരി, ഏറ്റുമാനൂര്‍ നഗരസഭകളിലെ തോല്‍വിയും പരിശോധിക്കും.
ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത പഞ്ചായത്തുകളില്‍ എന്തു നിലപാട് എന്നതും പാലാ ഉള്‍പ്പെടെ നഗരസഭകളിലെ നിലപാടും ഭരണം ലഭിച്ച പഞ്ചായത്തുകളിലെയും ബ്ലോക്കിലെയും അധ്യക്ഷന്മാരെ സംബന്ധിച്ചുള്ള തീരുമാനവും യോഗത്തിലുണ്ടാകും.
