ഫ്രെയിമില്‍ നിന്ന് നിഴല്‍ നീക്കം ചെയ്യാന്‍ പാവം വീഡിയോക്കാരന്‍ വിട്ടുപോയി! പാലം ഉദ്ഘാടനത്തിനെത്തിയപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘പ്രകടനത്തെ’ ട്രോളി സോഷ്യല്‍മീഡിയ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാമറ പ്രേമം പ്രശസ്തമാണ്. ഏത് പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയാലും ഏത് രാജ്യം സന്ദര്‍ശിച്ചാലും കാമറയ്ക്ക് മുന്നില്‍ തന്റെ മുഖം വെളിപ്പെടുത്തുക എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന വിനോദം എന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണവും. ട്രോളന്മാരും അദ്ദേഹത്തിന്റെ ഈ പ്രത്യേകതരം വീക്ക്‌നെസ് ആഘോഷിക്കാറുണ്ട്.

വിമര്‍ശകരുടെ ഈ ആരോപണം ഏറെക്കുറെയെങ്കിലും ശരിയാണെന്ന് തോന്നിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും വീഡിയോകളുമാണ് നരേന്ദ്രമോദിയുടേതായി ഇപ്പോള്‍ പുറത്ത് വരുന്നതും.

കഴിഞ്ഞ ദിവസം അസമില്‍ ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയില്‍ റോഡ് പാലം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോള്‍ മോദിയ്ക്കു ചെറിയൊരു അബദ്ധം പറ്റി. ക്യാമറകള്‍ക്കു മുന്നില്‍ കൈവീശി മുന്നോട്ടു നടന്നു നീങ്ങുന്ന വിഡിയോയില്‍ ക്യാമറയുടേയും ട്രോളിയുടേയും ചിത്രീകരിക്കുന്നയാളുടേയും നിഴല്‍ പതിഞ്ഞതാണ് വിനയായത്.

സംഭവം സോഷ്യല്‍മീഡിയയില്‍ ട്രോളായി പ്രചരിക്കുകയാണ്. മികച്ച നടനെന്ന് മോദി ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണെന്നാണ് ചിലരുടെ കമന്റ്. ഉറക്കത്തിലും മോദി ഇതുപോലെ കൈ വീശുമെന്നു മറ്റു ചിലര്‍. പാവം, ഫ്രെയിമില്‍ നിന്നും നിഴല്‍ നീക്കം ചെയ്യാന്‍ വീഡിയോക്കാരന്‍ വിട്ടു പോയെന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.

Related posts