ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, പ്രധാനമന്ത്രി മോദിയുടെ രാഷ്ട്രീജിവിതവുമായി ബന്ധപ്പെട്ടു നടത്തിയ പരാമർശങ്ങളിൽ പ്രതികരണവുമായി വിദേശകാര്യമന്ത്രാലയം. ട്രംപിന്റെ പ്രസ്താവന അടങ്ങിയ വീഡിയോ കണ്ടിട്ടില്ലെന്നും ദൃശ്യങ്ങളുടെ സത്യാവസ്ഥ പരിശോധിച്ച ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നു വിദേശകാര്യമന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി. ഇന്നലെ നടന്ന പ്രതിവാര വാർത്താസമ്മേളനത്തിലാണ് ജയ്സ്വാൾ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്.
എഫ്ബിഐ ഡയറക്ടറുമായി നടത്തിയ വാർത്താ സമ്മേളനത്തിനിടെ മോദിയെക്കുറിച്ച് ട്രംപ് നടത്തുന്ന പ്രസ്താവനകളാണ് ചർച്ചയായതയ്. “മോദി ഒരു മികച്ച മനുഷ്യനാണ്, അദ്ദേഹം ട്രംപിനെ സ്നേഹിക്കുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം തകർക്കാൻ എനിക്ക് താത്പര്യമില്ല. വർഷങ്ങളായി ഞാൻ ഇന്ത്യയെ നിരീക്ഷിക്കുന്നു…’ എന്നാണ് ട്രംപ് വീഡിയോയിൽ പറയുന്നത്.
ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാര കരാറിനെക്കുറിച്ച് വൈറ്റ് ഹൗസ് പുറത്തിറക്കിയ തിരുത്തലുകളെക്കുറിച്ചും ജയ്സ്വാൾ വിശദീകരണം നൽകി. ഫെബ്രുവരി 7നു പുറത്തിറക്കിയ സംയുക്ത പ്രസ്താവനയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനമെന്നും, യുഎസ് രേഖയിലെ മാറ്റങ്ങൾ ഈ ധാരണകളെ പ്രതിഫലിപ്പിക്കുന്നതാണെന്നും ജയ്സ്വാൾ കൂട്ടിച്ചേർത്തു.
ഇന്ത്യ പുറത്തുവിട്ട പ്രസ്താവനയുമായി വൈരുദ്ധ്യമുണ്ടെന്ന റിപ്പോർട്ടുകൾ വന്നതിനു പിന്നാലെയാണ് ഈ വിശദീകരണം. റഷ്യയുമായുള്ള ബന്ധം വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകുമെന്നും ജയ്സ്വാൾ പറഞ്ഞു. വ്യാപാരം, സാംസ്കാരികം, പ്രതിരോധം തുടങ്ങി എല്ലാ മേഖലകളിലും റഷ്യയുമായുള്ള സഹകരണം തുടരുമെന്നും വിദേശകാര്യമന്ത്രാലയവക്താവ് വ്യക്തമാക്കി.
