കേരളത്തെ സഹായിക്കാന്‍ ആവുന്നതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി അറിയിച്ചതായി മോഹന്‍ലാല്‍ പറഞ്ഞതിന് പിന്നാലെ ട്വിറ്ററില്‍ താരത്തെ പിന്തുടര്‍ന്ന് നരേന്ദ്രമോദി! അവിസ്മരണീയ കൂടിക്കാഴ്ചയെന്ന് വിശേഷിപ്പിച്ച് കുറിപ്പും

നടന്‍ മോഹന്‍ലാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിക്കുകയും കേരളത്തെ സഹായിക്കാന്‍ ആകുന്നതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞതായി മോഹന്‍ലാല്‍ അറിയിക്കുകയും ചെയ്തതിന് പിന്നാലെ മോഹന്‍ലാലിനെ ട്വിറ്ററില്‍ പിന്തുടര്‍ന്ന് മോദി.

വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കാന്‍സര്‍ സെന്റര്‍ തുടങ്ങുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്‌തെന്നും എല്ലാ പിന്തുണയും മോദി അറിയിച്ചെന്നും മോഹന്‍ലാല്‍ അറിയിച്ചിരുന്നു.

ഇതിനുശേഷമാണ് മോഹന്‍ലാലിനെ പ്രശംസിച്ച്, ട്വിറ്ററില്‍ അദ്ദേഹത്തെ പിന്തുടര്‍ന്ന് മോദി എത്തിയിരിക്കുന്നത്. ‘മോഹന്‍ലാലുമായുള്ള കൂടിക്കാഴ്ച അവിസ്മരണീയമായിരുന്നു. സാമൂഹ്യപ്രവര്‍ത്തനരംഗത്തെ അദ്ദേഹത്തിന്റെ പുതിയ സംരംഭങ്ങള്‍ വളരെ മികച്ചതും പ്രചോദനം നല്‍കുന്നതുമാണ്.’മോദി കുറിച്ചു.

പ്രധാനമന്ത്രി പിന്തുടരുന്ന ചുരുക്കം ചില സിനിമാതാരങ്ങളില്‍ ഓരാളായിരിക്കുകയാണ് മോഹന്‍ലാല്‍. എന്നാല്‍ ഇതോടെല്ലാം കൂട്ടിച്ചേര്‍ത്ത് പ്രചരിക്കുന്ന, മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും അങ്ങനെയൊരു ആലോചന പോലുമില്ലെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചിട്ടുമുണ്ട്.

Related posts