പുലിമുരുകനും മേലെ മോഹൻലാലിന്‍റെ ഒടിയൻ വരുന്നു; മലയാളത്തിലെ ഏറ്റവും വലിയ ബജറ്റിൽ

Mohanlal_odiyan01കോടികൾ മുടക്കി കോടികൾ വാരിയ പുലിമുരുകനും അണിയറയിലൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം വില്ലനും പിന്നാല മോഹൻലാലിന്‍റെ മറ്റൊരു ബ്രഹ്മാണ്ഡചിത്രം എത്തുന്നു. ഒടിയൻ എന്നു പേരിട്ടിരിക്കുന്ന ചിത്രം മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമയായി മാറാനൊരുങ്ങുകയാണ്. മുന്നൂറു കോടിയിൽ ഒരുക്കുന്ന എംടിയുടെ രണ്ടാമൂഴത്തിനും മുന്നേ ഒടിയൻ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത പരസ്യ ചിത്ര സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോന്‍ ആണ്. രണ്ടാമൂഴവും ശ്രീകുമാറാണ് ഒരുക്കുന്നത്. പത്രപ്രവര്‍ത്തകനും ദേശീയഅവാര്‍ഡ് നേടിയ തിരക്കഥാകൃത്തുമായ ഹരികൃഷ്ണനാണ് തിരക്കഥയൊരുക്കുന്നത്. മഞ്ജു വാര്യരാണ് നായിക. ചിത്രത്തിൽ തെന്നിന്ത്യൻ താരം പ്രകാശ് രാജ് ആയിരിക്കും വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതേസമയം മറ്റു താരങ്ങളുടെ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ബോളിവുഡിൽ നിന്നും ഏതാനും താരങ്ങൾ കൂടി ചിത്രത്തിലുണ്ടാകുമെന്നാണ് കരുതുന്നത്.

മോഹൻലാലിന്‍റെ അഭിനയമൂഹൂര്‍ത്തങ്ങളും ഗംഭീര ആക്ഷന്‍രംഗങ്ങളുമാകും ഒടിയന്‍റെ പ്രത്യേകത. പുലിമുരുകനും വില്ലനും ശേഷം പ്രസിദ്ധ സ്റ്റണ്ട് മാസ്റ്റർ പീറ്റർ ഹെയ്നും മോഹൻലാലും ഒന്നിക്കുന്ന ചിത്രം കൂടി‍യാകും ഒടിയൻ. ബാഹുബലിയും എന്തിരനുമടക്കം നിരവധി ബ്രഹ്മാണ്ഡചിത്രങ്ങളുടെ കലാസംവിധായകനായ സാബു സിറിലും ചിത്രത്തിലുണ്ട്. ഷാജികുമാറാണ് കാമറ. ബാഹുബലിയുടെ സൗണ്ട് ഡിസൈനര്‍ സതീഷാണ് ചിത്രത്തിന്‍റെ ശബ്ദലേഖനം. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്. റഫീഖ് അഹമ്മദ്, ലക്ഷ്മി ശ്രീകുമാർ എന്നിവരുടെ വരികൾക്ക് എം. ജയചന്ദ്രൻ ഈണമൊരുക്കുന്നു.

വിദേശത്തുനിന്നുള്ള സാങ്കേതികവിദഗ്ധരായിരിക്കും ചിത്രത്തിലെ വിഎഫ്എക്സ് രംഗങ്ങളൊരുക്കുക. വിഎഫ്എക്സിനു വേണ്ടി മാത്രം കോടികളാണ് ചെലവാക്കുന്നത്. മെയ്25ന് ചിത്രീകരണം ആരംഭിക്കും. പാലക്കാട്, തസറാക്ക്, ഉദുമല്‍പേട്ട്, പൊള്ളാച്ചി, ബനാറസ്,ഹൈദരാബാദ് എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകൾ.

Related posts