കൊച്ചി: ആലപ്പുഴ പുറങ്കടലില്‍ മുങ്ങിയ ലൈബീരിയന്‍ ചരക്കു കപ്പലായ എംഎസ്സി എല്‍സ 3 യിലെ എണ്ണ നീക്കം ചെയ്യാനുള്ള നടപടികള്‍ അനിശ്ചിതത്വത്തിലായതോടെ കപ്പല്‍ കമ്പനിക്ക് അന്ത്യശാസനവുമായി ഷിപ്പിംഗ് ഡയറക്ടറേറ്റ്. എണ്ണ നീക്കം ചെയ്യാനുള്ള നടപടികള്‍ ഉടന്‍ ആരംഭിച്ചില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് കടക്കുമെന്നാണ് ഷിപ്പിംഗ് ഡയറക്ടര്‍ ജനറല്‍ അറിയിച്ചിരിക്കുന്നത്.
എണ്ണ നീക്കം ചെയ്യന്നതിനായി എംഎസ്സി കമ്പനി നിയോഗിച്ച ടി ആന്‍ഡ് ടി സാല്‍വേജ് കമ്പനി ദൗത്യത്തില്‍നിന്ന് പിന്മാറിയിരുന്നു. പ്രവൃത്തികള്‍ക്കായി എത്തിയ ഈ കമ്പനിയുടെ ഡൈവിംഗ് സഹായ കപ്പല്‍ തിരിച്ചുപോവുകയും ചെയ്തു. ഇതോടെ ജൂലൈ മൂന്നിനുള്ളില്‍ തീര്‍ക്കേണ്ട എണ്ണ നീക്കല്‍ ദൗത്യം പൂര്‍ണമായും നിലച്ച അവസ്ഥയിലാണ്. ഇതോടെയാണ് ഷിപ്പിംഗ് ഡയറക്ടര്‍ ജനറല്‍ അന്ത്യശാസനം നല്‍കിയത്.
ടി ആന്‍ഡ് ടി സാല്‍വേജ് കമ്പനിക്ക് പകരം സിംഗപ്പൂര്‍, ഡച്ച് കമ്പനിയെ എണ്ണ നീക്കം ചെയ്യാനുള്ള നടപടികള്‍ക്കായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് ഏറ്റവുമൊടുവില്‍ എംഎസ്സി അറിയിച്ചിരിക്കുന്നത്. കടല്‍ പ്രക്ഷുബ്ധമായി തുടരുമ്പോള്‍ കപ്പലിന്റെ ടാങ്കില്‍ പൈപ്പ് ഘടിപ്പിച്ച് മറ്റൊരു കപ്പലിലേക്ക് എണ്ണ ഊറ്റുന്ന നടപടി ഏറെ സങ്കീര്‍ണമാണെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
ഏതെങ്കിലും കാരണവശാല്‍ പൈപ്പില്‍ ചോര്‍ച്ചയുണ്ടായാല്‍ എണ്ണ കടലില്‍ പടരാന്‍ ഇടയാകും. ഈ സാഹചര്യത്തില്‍ കാലാവസ്ഥ അനുകൂലമാകുന്നതു വരെ സമയം വേണമെന്നാണ് കപ്പല്‍ കമ്പനിയുടെ ആവശ്യം. അതേസമയം കപ്പല്‍ മുങ്ങിയ ഭാഗത്ത് നേര്‍ത്ത എണ്ണപ്പാളികള്‍ കണ്ടു തുടങ്ങിയെന്ന് കോസ്റ്റഗാര്‍ഡ് അറിയിച്ചു. എന്നാല്‍ ഇത് ഇന്ധന ടാങ്കിലെ എണ്ണ ചോരുന്നതല്ലെന്നാണ് കപ്പല്‍ കമ്പനിയുടെ വാദം.
ഇന്ധനനീക്കത്തിന് സഹായിക്കുന്ന ഗാര്‍ഡ് വെസല്‍ “കനറ മേഘ’ 28ന് എത്തിയേക്കും. നിലവില്‍ “നന്ദ് സാര്‍ഥി’ ടഗാണ് സ്ഥലത്തുള്ളത്.
മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ കപ്പലിലെ ഇന്ധന ടാങ്കുകളില്‍ നിന്ന് എണ്ണ ചോരുന്നില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നന്ദ് സാര്‍ഥി ടഗ്ഗിന്റെ സഹായത്തോടെ കപ്പല്‍ മുങ്ങിയ സ്ഥലത്തിന് സമീപം കണ്ട നേര്‍ത്ത എണ്ണപാട നീക്കം ചെയ്യുമെന്നാണ് സൂചന.
ഇത് കപ്പലിന്റെ ഇന്ധനടാങ്കില്‍ നിന്നുള്ള ചേര്ച്ചയല്ലെന്നാണ് പ്രാഥമിക നിരീക്ഷണം. കപ്പലില്‍ നിന്നുള്ള പ്ലാസ്റ്റിക്ക് തരികള്‍ കൊല്ലം, വിഴിഞ്ഞം തുറമുഖങ്ങളിലേയ്ക്ക് മാറ്റാന്‍ ധാരണയായതായി ഡിജി ഷിപ്പിംഗ് അറിയിച്ചു. തിരുവനന്തപുരത്തെ ബീച്ചുകളില്‍നിന്ന് ലഭിച്ച 190 ടണ്‍ പ്ലാസ്റ്റിക്ക് മാലിന്യം തുറമുഖത്തേയ്ക്ക് ഉടന്‍ മാറ്റിത്തുടങ്ങും. കസ്റ്റംസിന്റെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും മേല്‍നോട്ടത്തിലായിരിക്കും ഇത് നീക്കുക.