അഭിപ്രായങ്ങളെ അഭിപ്രായം കൊണ്ടോ മൗനം കൊണ്ടോ നേരിടാം ! മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളില്‍ ഒരാളാണ് പാര്‍വതി; വിവാദങ്ങള്‍ക്കിടയില്‍ പാര്‍വതിയെ പിന്തുണച്ച് മുരളി ഗോപി

കസബ വിവാദത്തിലകപ്പെട്ട് ഫാന്‍സുകാരുടെ സോഷ്യല്‍ മീഡിയാ ആക്രമണം ഏറ്റുവാങ്ങിയ പാര്‍വതിയെ പിന്തുണച്ച് നടന്‍ മുരളി ഗോപി. മലയാളത്തിലെ പ്രതിഭാധനരായ അഭിനേതാക്കളില്‍ ഒരാളാണ് പാര്‍വതിയെന്നും മുരളി ഗോപി പറഞ്ഞു. അവര്‍ ഒരു അഭിപ്രായം (അത് തെറ്റോ ശരിയോ ആയിക്കൊള്ളട്ടെ) പറഞ്ഞതിന്റെ പേരില്‍ അവര്‍ പങ്കുകൊള്ളുന്ന സിനിമകള്‍ക്ക് നേരെ പടനീക്കം നടത്തുക എന്നത് തികച്ചും നിരാശാജനകമാണ്. ഒരുപാട് പേരുടെ പ്രയത്നമാണ് ഒരു സിനിമ. അഭിപ്രായങ്ങളെ അഭിപ്രായങ്ങള്‍ കൊണ്ടോ മൗനം കൊണ്ടോ നേരിടാം. അസഭ്യം കൊണ്ടും ആയുധം കൊണ്ടും നേരിട്ടാല്‍. ഓര്‍മ്മയാകുന്നത് ഔചിത്യവും മര്യാദയും ആയിരിക്കും- മുരളി ഗോപി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കസബ വിവാദത്തിന്റെ തുടര്‍ച്ചയായി മൈ സ്റ്റോറി എന്ന ചിത്രത്തിലെ പാര്‍വതി-പൃഥ്വിരാജ് ഗാനത്തിന് ഡിസ്‌ലൈക്ക് കൊണ്ടൊരു റിക്കാര്‍ഡ് പിറന്നിരുന്നു. ഇഷ്ടമായില്ല എന്ന അര്‍ഥത്തില്‍ യുട്യൂബില്‍ ഈ പാട്ടിന് പ്രേക്ഷകര്‍ നല്‍കിയ ഡിസ്‌ലൈക്കുകളുടെ എണ്ണം ഒരു ലക്ഷം കടന്നു. ആദ്യമായാണ് ഒരു മലയാളം സിനിമാ ഗാനം ഇത്രയധികം ഡിസ് ലൈക്കുകള്‍ നേടുന്നത്. ഒരു തരത്തില്‍ ഈ ഡിസ് ലൈക്കുകള്‍ അനുഗ്രഹമാവുകയും ചെയ്തു. 12 ലക്ഷം പേരാണ് ഇതുവരെ പാട്ടു കണ്ടത്.

ഹരിനാരായണന്‍ രചിച്ച് ഷാന്‍ റഹ്മാന്‍ ഈണമിട്ട ‘പതുങ്ങി പതുങ്ങി’ എന്ന ഗാനമാണ് ഡിസ് ലൈക്കുകളിലൂടെ ശ്രദ്ധേയമായത്. ബെന്നിദയാലും മഞ്ജരിയും ആലപിച്ചിരിക്കുന്ന ഈ ഗാനത്തില്‍ പാര്‍വതിയും പൃഥിരാജുമാണ് അഭിനയിക്കുന്നത്. പാര്‍വതിയുടെ സാന്നിദ്ധ്യമാണ് പാട്ടിന് ഡിസ് ലൈക്കുകള്‍ നല്‍കിയത്. റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രേക്ഷകരുടെ പ്രതികരണം ഏറെ വേദനയുണ്ടാക്കുന്നുവെന്നാണ് ഷാന്‍ റഹ്മാനും റോഷ്‌നി ദിനകറും പ്രതികരിച്ചത്.

Related posts