രാത്രിയില്‍ വീടിനു പുറത്തുപോലും തനിച്ച് ഇറങ്ങാത്ത മിഷേലെങ്ങനെ ഗോശ്രീ പാലത്തിലെത്തി ! വെള്ളംകുടിച്ചതിന്റെ ലക്ഷണവും മീന്‍ കൊത്തിയ പാടുകളും മൃതദേഹത്തിലില്ലാഞ്ഞിട്ടും പോലീസിന്റെ കാഴ്ചയില്‍ സംഭവം ആത്മഹത്യ തന്നെ; അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു…

കൊച്ചി: സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു. സംഭവം ആത്മഹത്യയാണെന്ന് തറപ്പിച്ചു പറയുകയാണ് പോലീസ്. കേസില്‍ പൊലീസ് അനാസ്ഥ കാണിക്കുകയാണെന്നും ആരോപിച്ച് ജസ്റ്റീസ് ഫോര്‍ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ എറണാകുളം ഹൈക്കോടതി ജംഗ്ഷനില്‍ ഇന്ന് വൈകിട്ട് നാലിന് പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. മരണം കൊലപാതകമാണെന്ന് നിഗമനത്തില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ് കൗണ്‍സില്‍ അംഗങ്ങള്‍. 2017 മാര്‍ച്ച് അഞ്ചിന് കാണാതായ മിഷേലിനെ പിറ്റേന്ന് വൈകിട്ട് കൊച്ചി കായലില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. മിഷേല്‍ ഗോശ്രീ പാലത്തിന്റെ മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം. മാത്രമല്ല മരണവുമായി ബന്ധപ്പെട്ട് ഒരു യുവാവ് പിടിയിലായെങ്കിലും ഇയാളെ വിട്ടയച്ചിരുന്നു. മിഷേലിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ സാധിക്കാത്തതാണ് അന്വേഷണത്തെ സാരമായി ബാധിച്ചത്.

ഇതിനിടെ മിഷേലിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അച്ഛന്‍ ഷാജി വര്‍ഗീസ് രംഗത്തെത്തിയിരുന്നു. സംഭവ ദിവസം മിഷേല്‍ കലൂര്‍ പള്ളിയില്‍ പ്രാര്‍ത്ഥന നടത്തി പുറത്തിറങ്ങുന്ന ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. പാലത്തില്‍ നിന്ന് ചാടിയെന്നും മണിക്കൂറുകള്‍ വെള്ളത്തില്‍ കിടന്നെന്നും പറയുന്പോഴും മിഷേലിന്റെ മൃതദേഹത്തില്‍ കാര്യമായ പരിക്കുകളില്ലായിരുന്നുവെന്നതാണ് സംഭവം കൊലപാതകമാണെന്ന സംശയത്തിന് കാരണമായി കുടുംബം പറയുന്നത്. മിഷേലിന്റെ മോതിരവും വാച്ചും മൊബൈല്‍ ഫോണും ബാഗും കണ്ടെത്താനാകാത്തതിലും ദുരൂഹതയുണ്ടെന്നാണ് പരാതി. മിഷേല്‍ വെള്ളത്തില്‍ മുങ്ങിയാണ് മരിച്ചതെന്നും ബലപ്രയോഗമോ പീഡനശ്രമമോ ഉണ്ടായിട്ടില്ലെന്നു ഡോക്ടറുടെ മൊഴിയിലും വ്യക്തമാണെന്നായിരുന്നു ക്രൈംബ്രാഞ്ച് പറഞ്ഞിരുന്നത്.

സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു മിഷേലിന്റെ പിതാവ് ഷാജി വര്‍ഗീസ് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു വിശദീകരണം.സംഭവം നടന്നിട്ട് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും സംഭവത്തിലെ ദുരൂഹത നീങ്ങിയിട്ടില്ല. ആത്മഹത്യയാണെന്നു പറയുന്ന പൊലീസും ക്രൈംബ്രാഞ്ചും എന്തുകൊണ്ടാണ് അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് നല്‍കാത്തതെന്നും ഷാജി വര്‍ഗീസ് ചോദിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ് ഷാജിയും ആക്ഷന്‍ കമ്മിറ്റിയും.

മിഷേലിന്റെ മരണം കൊലപാതകമെന്ന് സംശിക്കാന്‍ ഷാജി ചൂണ്ടിക്കാട്ടുന്ന കാരണങ്ങല്‍ ഇവയാണ്. 24 മണിക്കൂറോളം കഴിഞ്ഞാണു മൃതദേഹം കിട്ടിയത്. പക്ഷേ, മൃതദേഹം തീരെ അഴുകിയിരുന്നില്ല. വെള്ളത്തില്‍ വീണിട്ടു കുറച്ചു മണിക്കൂറുകള്‍ മത്രമേ ആയിട്ടുള്ളൂ എന്ന നിലയിലായിരുന്നു മൃതദേഹം. വെള്ളം കുടിച്ചതിന്റെ ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. മീനുകളോ ഈ ഭാഗത്തു വെള്ളത്തില്‍ കാണാറുള്ള പ്രാണികളോ മൃതദേഹത്തെ കൊത്തിയിട്ടില്ല. ഇതേ പാലത്തില്‍ നിന്നു വീണ്, മുങ്ങിമരിച്ച നിലയില്‍ പിന്നീടു കണ്ടെത്തിയ രണ്ടു സ്ത്രീകളുടെയും മൃതദേഹങ്ങള്‍ വികൃതമായിരുന്നു. ഗോശ്രീ പാലത്തിലേക്കു മിേഷല്‍ നടക്കുന്നതിനു തെളിവായി പൊലീസ് പറയുന്ന ദൃശ്യങ്ങളിലുള്ളതു മിഷേലല്ല. മൃതദേഹത്തിലുണ്ടായിരുന്ന ക്ഷതങ്ങളും പാടുകളും പോസ്റ്റ്‌മോര്‍ട്ടത്തില്‍ പരിഗണിച്ചില്ല. മിഷേലിന്റെ ഫോണ്‍, വാച്ച് ,മോതിരം എന്നിവ എങ്ങനെ നഷ്ടപ്പെട്ടുവെന്നതിലും വ്യക്തത നല്‍കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

സാധാരണ ഗതിയില്‍ വെള്ളത്തില്‍ വീഴുന്നവര്‍ വെള്ളംകുടിച്ചാണ് മരിക്കുന്നതെങ്കിലും 200 മില്ലിയോളം വെള്ളം മാത്രമായിരുന്നു മിഷേലിന്റെ ഉള്ളിലുണ്ടായിരുന്നത്, ശ്വാസകോശത്തില്‍ രക്തം നിറഞ്ഞിരുന്നു. ശരീരം ലഭിക്കുമ്പോള്‍ പോലും മൂക്കിലൂടെ രക്തമൊഴുകുന്ന അവസ്ഥ. എത്രയോ മണിക്കൂറുകള്‍ വെള്ളത്തില്‍ കിടന്നിട്ടും ശരീരം ഒട്ടും അഴുകിയിട്ടില്ല. എന്നിട്ടും അവര്‍ പറയുന്നു അത് ആത്മഹത്യയാണെന്നും ഒരു പകലിന്റെ പഴക്കമുണ്ടെന്നും! ഞങ്ങള്‍ എങ്ങനെ വിശ്വസിക്കണം? അന്ന് ഹോസ്റ്റലില്‍ നിന്ന് ഇറങ്ങുമ്പോഴും അവിടെയൊരു കുട്ടി എന്തോ സ്വകാര്യ പ്രശ്‌നം കൊണ്ട് സങ്കടത്തിലായിരുന്നു. അവളെ ആശ്വസിപ്പിച്ച ശേഷം പള്ളിയില്‍ നിന്നും തിരികെ വരുമ്പോഴേക്കും ചിരിച്ച മുഖത്തോടെ ഇരിക്കണം എന്ന് നിര്‍ദ്ദേശിച്ചിട്ടാണ് അന്ന് മിഷേല്‍ വൈകുന്നേരം പള്ളിയിലേക്ക് പോയത്. അങ്ങനെ പോയ ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്യും എന്ന് എങ്ങനെ വിശ്വസിക്കാനാണ്?” മിഷേലിന്റെ ഹോസ്റ്റല്‍ റൂമില്‍ ഒപ്പം താമസിക്കുന്ന കൂട്ടുകാരികള്‍ വന്നു പോയപ്പോള്‍ അവര്‍ പറഞ്ഞ കാര്യങ്ങളും ഓര്‍ത്തെടുക്കുന്നുണ്ട് മിഷേലിന്റെ ആന്റിമാര്‍.

സന്ധ്യ കഴിഞ്ഞാല്‍ സ്വന്തം വീടിനടുത്താണെങ്കില്‍ പോലും ഒറ്റയ്ക്ക് നടക്കാന്‍ പേടിയുള്ള കുട്ടി ഗോശ്രീ പാലത്തിലൂടെ രാത്രി ഏഴു മണിക്കൊക്കെ നടന്നു എന്ന് പറയുമ്പോള്‍ വിശ്വസിക്കാന്‍ തോന്നുന്നില്ല… മിഷേലിന് ക്രോണിനോടോ മറ്റേതെങ്കിലും ആണ്‍ കുട്ടികളോടോ പ്രണയമുണ്ടായിരുന്നതായി അവര്‍ക്കും ഉറപ്പുകളില്ല. ഇതിനാല്‍ തന്നെ സംഭവം ആത്മഹത്യയാണെന്നു പോലീസ് പറയുന്നത് വിശ്വസിക്കാന്‍ പ്രയാസമാണെന്നതാണ് യാഥാര്‍ഥ്യം.

Related posts