തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നയൻതാരയെയും രശ്മിക മന്ദാനയെയും പിന്നിലാക്കി മറ്റൊരു നടി റിക്കാർഡ് പ്രതിഫലം വാങ്ങുന്നുവെന്ന് റിപ്പോർട്ട്. ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ആ നടി ആരെന്ന് അറിയാമോ? പ്രേമം എന്ന സിനിമയിലൂടെ മലയാളത്തിലെത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ സാക്ഷാൽ സായ് പല്ലവി.
നിതേഷ് തിവാരിയുടെ ബ്രഹ്മാണ്ഡ ചിത്രം രാമായണത്തിൽ സീതയായി വേഷമിട്ടതോടെയാണ് സായ് പല്ലവിയുടെ പ്രതിഫലം കുതിച്ചുയർന്നത്. റിപ്പോർട്ടുകൾ പ്രകാരം ഈ ചിത്രത്തിന്റെ രണ്ട് ഭാഗങ്ങൾക്കുമായി 18-20 കോടി രൂപയാണ് താരം കൈപ്പറ്റുന്നത്. സാധാരണ ഒരു ചിത്രത്തിന് 5 കോടി രൂപ വാങ്ങുന്ന സ്ഥാനത്താണിത്. ഇതോടെയാണ് നയൻതാരയെയും രശ്മികയെയും പിന്നിലാക്കി സായ് പല്ലവി ഒന്നാം സ്ഥാനത്തെത്തിയത്.
സൽമാൻ ഖാൻ നായകനായ സിക്കന്ദർ എന്ന ചിത്രത്തിനായി 13 കോടി രൂപയാണ് രശ്മിക പ്രതിഫലം വാങ്ങിയത്. പുഷ്പ 2-നായി പത്തു കോടി രൂപയും താരം വാങ്ങിയിരുന്നു. ഫോർബ്സ് കണക്കുകൾ പ്രകാരം രശ്മികയുടെ ആകെ ആസ്തി 66 കോടി രൂപയാണ്. ഷാരൂഖ് ഖാൻ ചിത്രം ജവാനു ശേഷം നയൻതാരയുടെ വിപണി മൂല്യം വർധിച്ചു. ഒരു ചിത്രത്തിന് പത്തു കോടി രൂപയാണ് നയൻതാര ഇപ്പോൾ ഈടാക്കുന്നത്. കൂടാതെ തന്റെ വിവാഹ ഡോക്യുമെന്ററിയുടെ അവകാശം നെറ്റ്ഫ്ലിക്സിന് നൽകിയതിലൂടെ 25 കോടി രൂപ താരം സമ്പാദിച്ചിരുന്നു. ഏകദേശം 200 കോടി രൂപയാണ് നയൻതാരയുടെ ആസ്തി.
വിശ്വംഭര, സ്പിരിറ്റ്, തഗ് ലൈഫ് തുടങ്ങി വരാനിരിക്കുന്ന ചിത്രങ്ങൾക്കായി പത്തു മുതൽ 12 കോടി രൂപ വരെയാണ് തൃഷ വാങ്ങുന്നത്. 2025ലെ കണക്കനുസരിച്ച് തൃഷയുടെ ആകെ ആസ്തി 85 കോടി രൂപയാണ്. ബാഹുബലിയിലൂടെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ അനുഷ്ക ഷെട്ടി ഒരു ചിത്രത്തിന് ആറു കോടി രൂപയാണ് വാങ്ങുന്നത്.
ഹൈദരാബാദിൽ 12 കോടി രൂപ വിലമതിക്കുന്ന ഫാം ഹൗസും ബിഎംഡബ്ല്യു, ഔഡി തുടങ്ങിയ ആഡംബര കാറുകളും താരത്തിനുണ്ട്. അനുഷ്കയുടെ ആകെ ആസ്തി 133 കോടി രൂപയാണ്.
സിറ്റാഡൽ: ഹണി ബണ്ണി എന്ന വെബ് സീരീസിനായി 10 കോടി രൂപയാണ് സാമന്ത റൂത്ത് പ്രഭു വാങ്ങിയത്. ഏകദേശം 100-110 കോടി രൂപയുടെ ആസ്തി സാമന്തയ്ക്കുണ്ട്.
