താ​​ജു​​ദ്ദീ​​ന്‍റേ​​ത് അ​​റ​​ബി​​ക്ക​​ഥ​​യ​​ല്ല

താ​​ജു​​ദ്ദീ​​ൻ എ​​ന്ന നി​​ര​​പ​​രാ​​ധി​​യെ ക​​ള്ള​​നാ​​ക്കി അ​​ധി​​ക്ഷേ​​പി​​ച്ച്, ജ​​യി​​ലിലി​​ട്ട്, വി​​ദേ​​ശ​​ത്തെ ജോ​​ലി​​യും ന​​ഷ്‌​ട​പ്പെ​​ടു​​ത്തി​​യ ക​​ഥ വാ​​യി​​ച്ച മ​​ല​​യാ​​ളി​​ക​​ളി​​ൽ പ​​ല​​രും ഇ​​ന്ന​​ലെ ചി​​ന്തി​​ച്ച​​ത്, ഏ​​തെ​​ങ്കി​​ലും ഒ​​രു രാ​​ത്രി​​യോ പ​​ക​​ലോ ത​​ങ്ങ​​ളു​​ടെ വാ​​ഹ​​ന​​ത്തി​​നും പോ​​ലീ​​സ് കൈ ​​കാ​​ണി​​ക്കു​​മോ എ​​ന്നാ​​ണ്. യ​​ഥാ​​ർ​​ഥ ക​​ള്ള​​ൻ പി​​ടി​​യി​​ലാ​​യ​​തോ​​ടെ കോ​​ട​​തി​​യി​​ലെ​​ത്തി​​യ താ​​ജു​​ദ്ദീ​​നു ന​​ഷ്‌​ട​പ​​രി​​ഹാ​​രം കൊ​​ടു​​ക്കാ​​ൻ വി​​ധി​​യു​​ണ്ടാ​​യി.

കേ​​ട്ടാ​​ൽ അ​​തി​​ശ​​യോ​​ക്തി ക​​ല​​ർ​​ന്നൊ​​രു അ​​റ​​ബി​​ക്ക​​ഥ​​യെ​​ന്നു തോ​​ന്നു​​മെ​​ങ്കി​​ലും പോ​​ലീ​​സു​​കാ​​രു​​ടെ എ​​ഫ്ഐ​​ആ​​റി​​ൽ​​നി​​ന്നെ​​ടു​​ത്തൊ​​രു ത​​ല​​ശേ​​രി​​ക്ക​​ഥ​​യാ​​ണി​​ത്. പ​​ക്ഷേ, പോ​​ലീ​​സു​​മാ​​യു​​ള്ള പോ​​രാ​​ട്ട​​ത്തി​​ൽ എ​​പ്പോ​​ഴും നി​​ര​​പ​​രാ​​ധി​​ക​​ൾ വി​​ജ​​യി​​ക്ക​​ണ​​മെ​​ന്നി​​ല്ല. എ​​ല്ലാ​​വ​​രും കോ​​ട​​തി​​യി​​ൽ പോ​​കി​​ല്ല. ശാ​​സ്ത്ര-​​സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​യു​​ടെ വേ​​ലി​​യേ​​റ്റ​​ക്കാ​​ല​​ത്ത് സാ​​മാ​​ന്യ​​ ബു​​ദ്ധി​​പോ​​ലും ഉ​​പ​​യോ​​ഗി​​ക്കാ​​തെ കേ​​സു​​ക​​ൾ കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന പോ​​ലീ​​സി​​നു കൂ​​ടു​​ത​​ൽ പ​​രി​​ശീ​​ല​​നം ന​​ൽ​​കു​​ന്നി​​ല്ല. കു​​റ്റ​​വാ​​ളി​​ക​​ളെ​​ന്ന​​റി​​ഞ്ഞി​​ട്ടും നി​​ര​​വ​​ധി ഉ​​ദ്യോ​​ഗ​​സ്ഥ​​രെ തീ​​റ്റി​​പ്പോ​​റ്റു​​ന്നു. കാ​​ക്കി​​പ്പ​​ട ച​​വി​​ട്ടി​​യ​​ര​​ച്ച ജീ​​വി​​ത​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക നീ​​ളു​​ക​​യാ​​ണ്.
2018 ജൂ​​ലൈ 11ന് ​​പു​​ല​​ര്‍​ച്ചെ​​യാ​​ണ് തു​​ട​​ക്കം. മ​​ക​​ളു​​ടെ വി​​വാ​​ഹാ​​വ​​ശ്യ​​ത്തി​​നു​​വേ​​ണ്ടി ര​​ണ്ടാ​​ഴ്ച​​ത്തെ അ​​വ​​ധി​​ക്കു ഖ​​ത്ത​​റി​​ൽ​​നി​​ന്നു നാ​​ട്ടി​​ലെ​​ത്തി​​യ​​താ​​യി​​രു​​ന്നു താ​​ജു​​ദ്ദീ​​ൻ. സ​​ഹോ​​ദ​​രി​​യു​​ടെ വീ​​ട്ടി​​ല്‍​നി​​ന്നു കു​​ടും​​ബ​​സ​​മേ​​തം മ​​ട​​ങ്ങു​​മ്പോ​​ള്‍ ക​​തി​​രൂ​​രി​​ല്‍ വ​​ച്ച്, ച​​ക്ക​​ര​​ക്ക​​ല്‍ എ​​സ്‌​​ഐ​​യാ​​യി​​രു​​ന്ന ബി​​ജു​​വും സം​​ഘ​​വും കാ​​ര്‍ ത​​ട​​ഞ്ഞു. പോ​​ലീ​​സ് ജീ​​പ്പ് താ​​ഴ്ന്നു​​പോ​​യ​​ത് ഉ​​യ​​ർ​​ത്താ​​ൻ സ​​ഹാ​​യി​​ക്ക​​ണ​​മെ​​ന്നാ​​യി​​രു​​ന്നു ചെ​​റി​​യൊ​​രു ആ​​വ​​ശ്യം.

താ​​ജു​​ദ്ദീ​​ന്‍റെ മ​​ക​​നും ര​​ണ്ട് സു​​ഹൃ​​ത്തു​​ക്ക​​ളും സ​​ഹാ​​യി​​ക്കാ​​ൻ കാ​​റി​​ൽ​​നി​​ന്നി​​റ​​ങ്ങി. ന​​ടു​​വേ​​ദ​​ന​​യു​​ള്ള​​തി​​നാ​​ൽ താ​​ജു​​ദ്ദീ​​ൻ ഇ​​റ​​ങ്ങി​​യി​​ല്ല. പോ​​ലീ​​സ് അ​​ദ്ദേ​​ഹ​​ത്തെ പു​​റ​​ത്തി​​റ​​ക്കി വ​​ഴി​​യി​​ൽ നി​​ർ​​ത്തി ഫോ​​ട്ടോ​​യെ​​ടു​​ത്തു. എ​​ന്താ​​ണു സം​​ഭ​​വ​​മെ​​ന്നു ചോ​​ദി​​ച്ച​​പ്പോ​​ൾ, അ​​ഞ്ച​​ര​​പ്പ​​വ​​ന്‍റെ മാ​​ല സ്കൂ​​ട്ട​​റി​​ലെ​​ത്തി പൊ​​ട്ടി​​ച്ച കേ​​സാ​​ണ്, തി​​രി​​കെ കൊ​​ടു​​ത്താ​​ൽ ഒ​​ത്തു​​തീ​​ർ​​പ്പാ​​ക്കാ​​മെ​​ന്നു പ​​റ​​ഞ്ഞു. നി​​ര​​പ​​രാ​​ധി​​യാ​​ണെ​​ന്നു ക​​ര​​ഞ്ഞു​​ പ​​റ​​ഞ്ഞി​​ട്ടും താ​​ജു​​ദ്ദീ​​നെ​​യും കു​​ടും​​ബ​​ത്തെ​​യും ബ​​ല​​മാ​​യി സ്റ്റേ​​ഷ​​നി​​ലെ​​ത്തി​​ച്ചു.

സ്‌​​കൂ​​ട്ട​​റി​​ലെ​​ത്തി​​യ ഒ​​രാ​​ള്‍ മാ​​ല​​ പൊ​​ട്ടി​​ക്കു​​ന്ന ദൃ​​ശ്യ​​ങ്ങ​​ളും കാ​​ണി​​ച്ചു. അ​​ത് മ​​റ്റൊ​​രാ​​ളാ​​ണെ​​ന്നും ട​​വ​​ര്‍ ലൊ​​ക്കേ​​ഷ​​ന​​ട​​ക്കം പ​​രി​​ശോ​​ധി​​ക്ക​​ണ​​മെ​​ന്നും ഹ​​ര്‍​ജി​​ക്കാ​​ര​​നും കു​​ടും​​ബ​​വും അ​​പേ​​ക്ഷി​​ച്ചെ​​ങ്കി​​ലും അ​​വ​​ഗ​​ണി​​ച്ചു. ഭാ​​ര്യ​​യു​​ടെ സ്വ​​ർ​​ണം പ​​ണ​​യം​​ വ​​ച്ച​​തി​​ന്‍റെ 50,000 രൂ​​പ താ​​ജു​​ദ്ദീ​​ന്‍റെ അ​​ക്കൗ​​ണ്ടി​​ലു​​ണ്ടാ​​യി​​രു​​ന്നു. മാ​​ല വി​​റ്റ പ​​ണ​​മാ​​ണ​​തെ​​ന്നു പോ​​ലീ​​സ് കോ​​ട​​തി​​യി​​ൽ വ്യാ​​ഖ്യാ​​നി​​ച്ചു. 54 ദി​​വ​​സ​​മാ​​ണ് താ​​ജു​​ദ്ദീ​​നു റി​​മാ​​ൻ​​ഡി​​ൽ ക​​ഴി​​യേ​​ണ്ടിവ​​ന്ന​​ത്. തെ​​ളി​​വെ​​ടു​​പ്പി​​ന്‍റെ പേ​​രി​​ൽ പൊ​​തു​​ജ​​ന​​മ​​ധ്യ​​ത്തി​​ലും ബ​​ന്ധു​​വീ​​ടു​​ക​​ളി​​ലും കൊ​​ണ്ടു​​പോ​​യി ക്രൂ​​ര​​മാ​​യി അ​​പ​​മാ​​നി​​ക്കു​​ക​​യും ചെ​​യ്തു. പി​​ന്നീ​​ട് യ​​ഥാ​​ർ​​ഥ മോ​​ഷ്‌​ടാ​​വ് പീ​​താം​​ബ​​ര​​ൻ അ​​റ​​സ്റ്റി​​ലാ​​യി.

പ​​ക്ഷേ, താ​​ജു​​ദ്ദീ​​ന്‍റെ ന​​ഷ്‌​ട​ങ്ങ​​ളു​​ടെ പ​​ട്ടി​​ക നീ​​ളു​​ക​​യാ​​യി​​രു​​ന്നു. ജ​​യി​​ലി​​ലാ​​യ​​തി​​നെ​​ത്തു​​ട​​ര്‍​ന്ന് നി​​ശ്ചി​​ത ​സ​​മ​​യ​​ത്ത് തി​​രി​​കെ എ​​ത്താ​​ത്ത​​തി​​നാ​​ല്‍ ഖ​​ത്ത​​റി​​ലെ ക​​ന്പ​​നി​​യു​​ടെ കേ​​സി​​ൽ 23 ദി​​വ​​സം വീ​​ണ്ടും ജ​​യി​​ലി​​ൽ. ജോ​​ലി ന​​ഷ്ട​​പ്പെ​​ട്ടു. കു​​റ്റ​​വാ​​ളിയുടെ പ​​രി​​വേ​​ഷ​​ത്തോ​​ടെ ഇ​​ന്ത്യ​​യി​​ലേ​​ക്ക് തി​​രി​​ച്ച​​യ​​ച്ചു. കേ​​സി​​നും മ​​റ്റു​​മാ​​യി ഉ​​ള്ള​​തെ​​ല്ലാം വി​​റ്റു​​പെ​​റു​​ക്കി. താ​​ജു​​ദ്ദീ​​നും കു​​ടും​​ബ​​വും ന​​ഷ്‌​ട​​പ​​രി​​ഹാ​​രക്കേ​​സു​​മാ​​യി മു​​ന്നോ​​ട്ടു​​ പോ​​യ​​തോ​​ടെ​​യാ​​ണ് 14 ല​​ക്ഷം രൂ​​പ ന​​ൽ​​കാ​​ൻ വി​​ധി​​യു​​ണ്ടാ​​യ​​ത്.

ഒ​​രു പാ​​സ്പോ​​ർ​​ട്ട് വെ​​രി​​ഫി​​ക്കേ​​ഷ​​നു​​പോ​​ലും പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ ക​​യ​​റാ​​ൻ ഇ​​ട​​യാ​​ക​​രു​​തേ​​യെ​​ന്നു പ്രാ​​ർ​​ഥി​​ക്കു​​ന്ന സ്ഥി​​തി​​യി​​ലേ​​ക്ക് മ​​ല​​യാ​​ളി​​യെ എ​​ത്തി​​ച്ച​​ത് മാ​​റി​​മാ​​റി​​ വ​​ന്ന സ​​ർ​​ക്കാ​​രു​​ക​​ളാ​​ണ്. ഇ​​പ്പോ​​ഴ​​തു പാ​​ര​​മ്യ​​ത​​യി​​ലെ​​ത്തി. പാ​​സ്പോ​​ർ​​ട്ട് വെ​​രി​​ഫി​​ക്കേ​​ഷ​​നെ​​ന്നു പ​​റ​​ഞ്ഞു വി​​ളി​​ച്ചു​​വ​​രു​​ത്തി യു​​വ​​തി​​യെ ക​​ട​​ന്നു​​പി​​ടി​​ച്ച​​ത് കൊ​​ച്ചി പ​​ള്ളു​​രു​​ത്തി സ്റ്റേ​​ഷ​​നി​​ലെ പോ​​ലീ​​സാ​​ണ്. മ​​റ​​ച്ചു​​വ​​ച്ച സി​​സി​​ടി​​വി ദൃ​​ശ്യ​​ങ്ങ​​ൾ സ​​മീ​​പ​​കാ​​ല​​ത്ത് കോ​​ട​​തി ഇ​​ട​​പെ​​ട​​ലി​​ൽ പു​​റ​​ത്തു​​വി​​ട്ട​​പ്പോ​​ൾ പോ​​ലീ​​സു​​കാ​​രു​​ടെ പ​​ല ക്രൂ​​ര​​ത​​ക​​ളും കേ​​ര​​ളം ക​​ണ്ടു.

പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത ഭ​​ർ​​ത്താ​​വി​​നെ കാ​​ണാ​​ൻ ര​​ണ്ട് കൈ​​ക്കു​​ഞ്ഞു​​ങ്ങ​​ളു​​മാ​​യി എ​​റ​​ണാ​​കു​​ളം നോ​​ർ​​ത്ത് സ്റ്റേ​​ഷ​​നി​​ലെ​​ത്തി​​യ ഗ​​ർ​​ഭി​​ണി​​യാ​​യ യു​​വ​​തി​​യെ എ​​സ്എ​​ച്ച്ഒ അ​​തി​​ക്രൂ​​ര​​മാ​​യി മ​​ർ​​ദി​​ക്കു​​ന്ന ദൃ​​ശ്യ​​ങ്ങ​​ൾ പു​​റ​​ത്തു​​വ​​ന്നി​​രി​​ക്കു​​ന്നു. അ​​തി​​നു നാ​​ലു മാ​​സം മു​​ന്പാ​​ണ്, യൂ​​ത്ത് കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് വി.​​എ​​സ്. സു​​ജി​​ത്തി​​നെ കു​​ന്നം​​കു​​ളം പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ​​വ​​ച്ച് പോ​​ലീ​​സു​​കാ​​ർ കു​​നി​​ച്ചു​​നി​​ർ​​ത്തി ഇ​​ടി​​ക്കു​​ന്ന ദൃ​​ശ്യം പു​​റ​​ത്തു​​ വ​​ന്ന​​ത്.

ക​​ഴി​​ഞ്ഞ മേ​​യി​​ലാ​​ണ് തി​​രു​​വ​​ന​​ന്ത​​പു​​രം പേ​​രൂ​​ർ​​ക്ക​​ട​​യി​​ൽ മാ​​ല മോ​ഷ്‌​ടി​​ച്ചെ​​ന്നു പ​​റ​​ഞ്ഞ് ബി​​ന്ദു എ​​ന്ന ദ​​ളി​​ത് യു​​വ​​തി​​യെ കു​​ടി​​വെ​​ള്ളം പോ​​ലും കൊ​​ടു​​ക്കാ​​തെ 20 മ​​ണി​​ക്കൂ​​റോ​​ളം പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ നി​​ർ​​ത്തി​​യ സം​​ഭ​​വം. ഒ​​ടു​​വി​​ൽ പ​​രാ​​തി​​ക്കാ​​രി​​യു​​ടെ, അ​​താ​​യ​​ത്, യു​​വ​​തി ജോ​​ലി​​ക്കു​​നി​​ന്ന വീ​​ട്ടി​​ൽ​​നി​​ന്നു​​ത​​ന്നെ മാ​​ല ക​​ണ്ടെ​​ടു​​ത്തു. ക​​ൽ​​ക്ക​​ണ്ടം, എ​​ൽ​​എ​​സ്ഡി സ്റ്റാ​​ന്പ്, മ്ലാ​​വി​​റ​​ച്ചി… പോ​​ലീ​​സ് കെ​​ട്ടി​​ച്ച​​മ​​ച്ച ക​​ള്ള​​ക്കേ​​സു​​ക​​ൾ ഒ​​റ്റ​​പ്പെ​​ട്ട​​ത​​ല്ല.

സ​​ർ​​ക്കാ​​രി​​ന്‍റെ കൈ​​യി​​ൽ ക്രി​​മി​​ന​​ൽ പോ​​ലീ​​സി​​ന്‍റെ ആ​​യി​​ര​​ത്തോ​​ട​​ടു​​ത്ത വ​​ലി​​യൊ​​രു പ​​ട്ടി​​ക​​യു​​ണ്ട്. വി​​ര​​ലി​​ലെ​​ണ്ണാ​​വു​​ന്ന​​വ​​രെ​​യാ​​ണ് പി​​രി​​ച്ചു​​വി​​ട്ടി​​ട്ടു​​ള്ള​​ത്. ബാ​​ക്കി​​യു​​ള്ള​​വ​​ർ സ​​ർ​​ക്കാ​​രി​​ന്‍റെ ത​​ണ​​ലി​​ൽ സം​​സ്ഥാ​​ന​​ത്തി​​ന്‍റെ ‘ക്ര​​മ​​സ​​മാ​​ധാ​​നം’ സം​​ര​​ക്ഷി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ന്നു. ക​​ഴി​​വു​​ള്ള​​വ​​രും സ​​ത്‌​​സ്വ​​ഭാ​​വി​​ക​​ളു​​മാ​​ണ് സേ​​ന​​യി​​ലേ​​റെ​​യും. അ​​വ​​ർ​​ക്കും അ​​പ​​മാ​​ന​​മാ​​യ കു​​റ്റ​​വാ​​ളി​​ക​​ളു​​ടെ കാ​​ക്കി യൂ​​ണി​​ഫോം അ​​ഴി​​പ്പി​​ക്കാ​​തെ ഈ ​​വ​​കു​​പ്പി​​നെ പ​​രി​​ഷ്ക​​രി​​ക്കാ​​നാ​​കി​​ല്ല. പോ​​ലീ​​സി​​ലെ ഒ​​ഴി​​വു​​ക​​ൾ നി​​ക​​ത്തു​​ക​​യും അ​​മി​​ത​​ജോ​​ലി​​യു​​ടെ സ​​മ്മ​​ർ​​ദം ഒ​​ഴി​​വാ​​ക്കു​​ക​​യും വേ​​ണം.

കു​​റ്റാ​​ന്വേ​​ഷ​​ണ​​ത്തി​​ൽ കാ​​ലാ​​നു​​സൃ​​ത​​മാ​​യ പ​​രി​​ശീ​​ല​​നം ന​​ൽ​​ക​​ണം. എ​​ല്ലാ​​റ്റി​​ലു​​മു​​പ​​രി, സ​​ർ​​ക്കാ​​ർ ​​ത​​ലം മു​​ത​​ൽ പ്രാ​​ദേ​​ശി​​ക പാ​​ർ​​ട്ടി ​​ഘ​​ട​​കം​ വ​​രെ ന​​ട​​ത്തു​​ന്ന രാ​​ഷ്‌​​ട്രീ​​യ ഇ​​ട​​പെ​​ട​​ലു​​ക​​ൾ അ​​വ​​സാ​​നി​​പ്പി​​ക്ക​​ണം. പോ​​ലീ​​സ് സേ​​ന​​യെ ശു​​ദ്ധീ​​ക​​രി​​ച്ചി​​ല്ലെ​​ങ്കി​​ൽ സ​​ർ​​ക്കാ​​രി​​നും രാ​​ഷ്‌​​ട്രീ​​യ പാ​​ർ​​ട്ടി​​ക​​ൾ​​ക്കും അ​​വ​​രു​​ടെ സം​​ര​​ക്ഷ​​ണ​​യു​​ള്ള സ​​ന്പ​​ന്ന​​ർ​​ക്കു​​മൊ​​ന്നു​​മ​​ല്ല, ന​​ഷ്ടം സാ​​ധാ​​ര​​ണ​​ക്കാ​​രാ​​യ മ​​നു​​ഷ്യ​​ർ​​ക്കാ​​ണ്. ആ ​​പ​​ട്ടി​​ക​​യി​​ൽ താ​​ജു​​ദ്ദീ​​ൻ പു​​തി​​യ ആ​​ളാ​​ണ്. നി​​ർ​​ഭാ​​ഗ്യ​​വ​​ശാ​​ൽ അ​​വ​​സാ​​ന​​ത്തെ ആ​​ളാ​​യി​​രി​​ക്കി​​ല്ല.

Related posts

Leave a Comment