ശരീരത്തില്‍ കൊറോണ വൈറസിനെതിരായുള്ള ആന്റിബോഡിയുമായി കുഞ്ഞിന്റെ ജനനം ! കുഞ്ഞു ജനിച്ചത് കോവിഡ് ഭേദമായ യുവതിയ്ക്ക്…

ഗര്‍ഭിണിയായിരിക്കെ കോവിഡ് ബാധിക്കുകയും പിന്നീട് രോഗമുക്തയാകുകയും ചെയ്ത യുവതി ജന്മം നല്‍കിയ കുഞ്ഞിന്റെ ശരീരത്തില്‍ കൊറോണ വൈറസിനെതിരെയുള്ള ആന്റിബോഡികള്‍ കണ്ടെത്തി.

അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് കോവിഡ് പകരാമെന്ന വിഷയത്തില്‍ തുടരുന്ന പഠനത്തിന് ഇത് പുതിയ ഊര്‍ജം നല്‍കുമെന്നുറപ്പാണ്. മാര്‍ച്ചില്‍ കോവിഡ് ബാധിതയായ സെലിന്‍ നിഗ്-ചാന്‍ ഈ മാസമാണ് കുഞ്ഞിന് ജന്മം നല്‍കിയത്.

ജനിച്ചയുടനെ നടത്തിയ പരിശോധനയില്‍ കുഞ്ഞിന് രോഗമില്ല എന്ന കാര്യം സ്ഥിരീകരിച്ചു. പക്ഷെ കുഞ്ഞിന്റെ ശരീരത്തില്‍ വൈറസിനെതിരെയുള്ള ആന്റിബോഡികള്‍ കണ്ടെത്തി.

സെലിന്റെ ശരീരത്തില്‍ നിന്ന് കുഞ്ഞിലേക്ക് ആന്റിബോഡികള്‍ എത്തിച്ചേര്‍ന്നതാവാമെന്നാണ് വിദഗ്ധര്‍ കരുതുന്നത്.

മാര്‍ച്ചിലാണ് സെലിന് കോവിഡ് ബാധിച്ചത്. രോഗം ഗുരുതരമാകാത്തതിനാല്‍ രണ്ടര ആഴ്ച ചികിത്സയില്‍ കഴിഞ്ഞ ശേഷം ആശുപത്രിയില്‍ നിന്ന് മടങ്ങി.

കുഞ്ഞിനെ ഗര്‍ഭപാത്രത്തില്‍ ആവരണം ചെയ്തിരുന്ന ദ്രാവകസാംപിളുകളിലോ മുലപ്പാലിലോ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടില്ല.

കോവിഡ് രോഗിയായ അമ്മയില്‍ നിന്ന് കുഞ്ഞുങ്ങളിലേക്ക് രോഗം പകരുന്നത് അപൂര്‍വമാണെന്ന് ജാമ പീഡിയാട്രിക്സില്‍ ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.

അമ്മയില്‍ നിന്ന് ഭ്രൂണാവസ്ഥയിലോ ഗര്‍ഭാവസ്ഥയിലോ പ്രസവസമയത്തതോ കുഞ്ഞിലേക്ക് കോവിഡ് പകരുമെന്ന കാര്യത്തില്‍ ഇതു വരെ സ്ഥിരീകരണമില്ലെന്ന് ലോകാരോഗ്യസംഘടന പറഞ്ഞു.

എമര്‍ജിങ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ കോവിഡ് രോഗിയായ അമ്മയ്ക്ക് ജനിക്കുന്ന കുട്ടികളില്‍ കാണപ്പെടുന്ന ആന്റിബോഡികളെ കുറിച്ചും കാലക്രമേണ അവയില്‍ വരുന്ന കുറവിനെ കുറിച്ചും പ്രതിപാദിച്ചിട്ടുണ്ട്. എന്തായാലും പുതിയ വിവരം കോവിഡിനെതിരായുള്ള ഗവേഷണങ്ങള്‍ക്ക് ഊര്‍ജം പകരുമെന്ന കാര്യത്തില്‍ സംശയമില്ല.

Related posts

Leave a Comment