ആശുപത്രിയ്‌ക്കെന്നും പറഞ്ഞ് നടന്‍ ശ്രീനിവാസന്റെ കൈയ്യില്‍ നിന്നും ചുളുവിലയ്ക്ക് ഭൂമി വാങ്ങി ! ആശുപത്രിയുടെ നഷ്ടം നികത്താന്‍ ആദ്യം ഭൂമി വന്‍വിലയ്ക്ക് മറിച്ചു വിറ്റു പിന്നെ ആശുപത്രിയും; പുറത്തു വരുന്നത് വന്‍തട്ടിപ്പിന്റെ കഥകള്‍…

പേരാവൂര്‍ സഹകരണ ആശുപത്രി വില്‍പ്പനയുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കളുടെ കൂടുതല്‍ കള്ളക്കളികള്‍ പുറത്ത്. ഏരിയാ കമ്മിറ്റി അംഗത്തെ കരുവാക്കി തടിയൂരാന്‍ ശ്രമിച്ച നേതാക്കള്‍ ഒടുവില്‍ കുടുങ്ങിയത് സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടല്‍ മൂലമായിരുന്നു.പരാതി ഒതുക്കാന്‍ ജില്ലാ നേതൃത്വം ശ്രമിച്ചെങ്കിലും സംസ്ഥാന നേതൃത്വം ഇടപെട്ടതോടെയാണു കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിക്കൂട്ടിലായത്.

പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ ആശുപത്രി സ്വകാര്യ വ്യക്തിക്കു വിറ്റതുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്നപ്പോള്‍ മൂന്ന് ഏരിയാ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെട്ട അന്വേഷണ കമ്മിഷനെയാണു ജില്ലാ കമ്മിറ്റി നിയോഗിച്ചത്. വില്‍പന നടക്കുമ്പോള്‍ സഹകരണ സംഘം പ്രസിഡന്റായിരുന്ന കെ.പി.സുരേഷ്‌കുമാറിനെതിരെ മാത്രം നടപടിയെടുക്കാനുള്ള അന്വേഷണ കമ്മിഷന്‍ ശുപാര്‍ശ അംഗീകരിച്ചു പരാതി അവസാനിപ്പിക്കാനായിരുന്നു ജില്ലാ നേതൃത്വത്തിന്റെ തീരുമാനം.

എന്നാല്‍ കച്ചവടത്തിലും സാമ്പത്തികതിരിമറിയിലും മറ്റു ചില നേതാക്കള്‍ക്കും പങ്കുണ്ടെന്നു പരാതി ലഭിച്ചതോടെ സംസ്ഥാന നേതൃത്വം ഇടപെട്ടു. വിഷയം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രത്യേക യോഗം വിളിച്ചു. യോഗത്തില്‍ ജയിംസ് മാത്യു എംഎല്‍എയുടെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ കമ്മിഷനെ നിയോഗികയും ചെയ്തു.

ക്രമക്കേടില്‍ സംസ്ഥാന കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാനും പങ്കുണ്ടെന്നു കണ്ടെത്തിയതോടെ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് സംസ്ഥാന സമിതിയുടെ പരിഗണനയ്ക്കു വയ്ക്കുകയായിരുന്നു. ടി.കൃഷ്ണനെ കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനത്തു നിന്നു നീക്കാനും ജില്ലാ കമ്മിറ്റി അംഗം വി.ജി.പത്മനാഭനെ താക്കീതു ചെയ്യാനും പേരാവൂര്‍ ഏരിയാ കമ്മിറ്റി അംഗം കെ.പി.സുരേഷ്‌കുമാറിനെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്നു നീക്കം ചെയ്യാനുമായിരുന്നു സംസ്ഥാന സമിതിയുടെ തീരുമാനം.

ആശുപത്രിക്കു വേണ്ടിയെന്ന പേരില്‍ നടന്‍ ശ്രീനിവാസന്റെ പക്കല്‍ നിന്നു വിലയ്ക്കു വാങ്ങിയ സ്ഥലം മറിച്ചുവിറ്റതുമായി ബന്ധപ്പെട്ടും ഇവര്‍ക്കെതിരേ ആരോപണമുണ്ട്. ആശുപത്രിക്കായി വാങ്ങിയ കെട്ടിടത്തോടു ചേര്‍ന്നു ശ്രീനിവാസന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന 33.5 സെന്റാണു സഹകരണ സംഘം വാങ്ങിയത്. സഹകരണ ആശുപത്രിക്കായതിനാല്‍ കുറഞ്ഞ വിലയ്ക്കാണു ശ്രീനിവാസന്‍ സ്ഥലം നല്‍കിയത്.

എന്നാല്‍ ആശുപത്രിയുടെ നഷ്ടം നികത്താന്‍ നാലിരട്ടിയോളം തുകയ്ക്കു പിന്നീടു സ്ഥലം മറിച്ചുവിറ്റു. പകരം ആശുപത്രിക്കു പിന്നിലുള്ള സ്ഥലം നിസ്സാരവിലയ്ക്കു വാങ്ങി. ഇതില്‍ നിന്നു ലഭിച്ച പണം എന്തിനുപയോഗിച്ചുവെന്നു വ്യക്തമല്ല. ആശുപത്രിയുടെ നഷ്ടം നികത്താനാണു സ്ഥലം വിറ്റതെങ്കിലും പിന്നീട് നഷ്ടത്തിന്റെ പേരു പറഞ്ഞ് ആശുപത്രി തന്നെ വില്‍ക്കുകയും ചെയ്തു.

Related posts