ന്യൂഡൽഹി: നീരജ് ചോപ്ര ഈ സീസണിലെ ശേഷിക്കുന്ന എല്ലാ മത്സരങ്ങളിൽ നിന്നും പിന്മാറി. കണങ്കാലിനേറ്റ പരിക്കിനെത്തുടർന്നാണ് ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസ് ഉൾപ്പെടെയുള്ള പ്രധാന ടൂർണമെന്റുകളിൽ നിന്നും ഒളിമ്പിക് മെഡൽ ജേതാവായ ഇന്ത്യൻ ജാവലിൻ താരം പിന്മാറിയത്. ലുസെയ്ൻ ഡയമണ്ട് ലീഗിൽ 88.05 മീറ്റർ എറിഞ്ഞ് സീസണിലെ മികച്ച പ്രകടനം പുറത്തെടുത്തതിന് പിന്നാലെയാണ് താരത്തിന് പരിക്കേറ്റിരിക്കുന്നത്.
തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ നീരജ് തന്നെയാണ് സീസണിൽ നിന്നും പിന്മാറുന്ന വിവരം അറിയിച്ചത്. കഠിനാധ്വാനത്തിനുശേഷം ലുസെയ്നിൽ സീസണിലെ ഏറ്റവും മികച്ച ദൂരം കണ്ടെത്തിയതോടെ മികച്ച ഫോമിലേക്ക് തിരിച്ചെത്തുകയാണെന്ന് തനിക്ക് തോന്നിയിരുന്നുവെന്നും എന്നാൽ പരിശീലനത്തിനിടെ നിർഭാഗ്യവശാൽ കാലിനു പരിക്കേൽക്കുകയായിരുന്നുവെന്നും താരം കുറിച്ചു.
ഡോക്ടർമാരുമായും ടീം അംഗങ്ങളുമായും സംസാരിച്ച ശേഷമാണ് ഈ സീസണിലെ ബാക്കി മത്സരങ്ങളിൽ നിന്ന് മാറിനിൽക്കാൻ തീരുമാനിച്ചതെന്നും താളം കണ്ടെത്തുന്ന സമയത്ത് ഇങ്ങനെയൊരു തിരിച്ചടിയുണ്ടായത് നിരാശാജനകമാണെങ്കിലും തിരിച്ചടികൾ കായികജീവിതത്തിന്റെ ഭാഗമാണെന്നും പൂർണ്ണ കായികക്ഷമത വീണ്ടെടുത്ത് കൂടുതൽ കരുത്തോടെ തിരിച്ചെത്തുകയാണ് ഇനി ലക്ഷ്യമെന്നും നീരജ് വ്യക്തമാക്കി.
ഈ പിന്മാറ്റത്തോടെ ഏഷ്യൻ ഗെയിംസിനൊപ്പം നേരത്തെ യോഗ്യത ഉറപ്പാക്കിയിരുന്ന ഡയമണ്ട് ലീഗ് ഫൈനലും നീരജിന് നഷ്ടമാകും.
