യുവതാരങ്ങളുടെ അഭാവം ചെന്നൈയെ അപകടത്തിലാക്കും: ഗാവസ്‌കർ

ക്യാപ്റ്റൻ കൂൾ മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിൽ 3 കിരീടങ്ങൾ നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് ഐ‌പി‌എൽ ചരിത്രത്തിലെ ഏറ്റവും വിപണിമൂല്യമുള്ള ഫ്രാഞ്ചൈസികളിലൊന്നാണ്. എന്നാൽ, ഇത്തവണ യുവതാരങ്ങളുടെ അഭാവം ഐപിഎലിൽ ചെന്നൈക്കു ക്ഷീണം ചെയ്യുമെന്ന് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരങ്ങളിൽ ഒരാളായ സുനിൽ ഗാവസ്‌കർ അഭിപ്രായപ്പെട്ടു.

സുരേഷ് റെയ്ന, ഹർഭജൻ സിംഗ് എന്നിവർ ടൂർണമെന്റിനു മുൻപ് പിൻവാങ്ങിയത് ടീമിന് കനത്ത തിരിച്ചടിയായെന്നു സി‌എസ്‌കെയുടെ സാധ്യതകളെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കവേ ഗവാസ്‌കർ പറഞ്ഞു.

“റെയ്‌നയുടെയും ഹർഭജന്റെയും അഭാവം സി‌എസ്‌കെ ടീമിൽ വലിയൊരു ശൂന്യത സൃഷ്ടിച്ചു, അത്തരം കളിക്കാർക്ക് പകരക്കാരെ കണ്ടെത്തുക ബുദ്ധിമുട്ടാണ്. എന്നാലും, ഇത് ടീമിലെ യുവാക്കൾക്ക് തങ്ങളുടെ സാന്നിധ്യം അറിയിക്കാൻ അവസരമൊരുക്കുന്നു,” സ്പോർട്സ് ടോക്കിനു നൽകിയ അഭിമുഖത്തിൽ ഗവാസ്കർ പറഞ്ഞു.

സി‌എസ്‌കെയുടെ ഏറ്റവും വലിയ കരുത്ത് അനുഭവസമ്പത്താണെങ്കിലും ടീമിലുള്ള മിക്ക താരങ്ങളും മുപ്പതുകളുടെ നല്ല ഭാഗം കടന്നവരായതു കൊണ്ട് അവരെ കൊണ്ട് നേട്ടം കൊയ്യാൻ നായകൻ ധോണി പ്രയാസപ്പെടും എന്നാണ് ഗവാസ്കറുടെ അഭിപ്രായം.

“ഏതൊരു നല്ല ഐ‌പി‌എൽ ടീമും അനുഭവസമ്പന്നരായ താരങ്ങളുടെയും യുവതാരങ്ങളുടെയും സമ്മിശ്രമായിരിക്കണം. എന്നാൽ ടീമിനെ വിജയത്തിലേക്ക് കൈപിടിച്ചുയർത്താൻ കഴിവുള്ള യുവതാരങ്ങൾ സി‌എസ്‌കെക്ക് ഉണ്ടോ? ഇതാണ് ചെന്നൈ ടീം നേരിടുന്ന പ്രതിസന്ധി. ഇക്കാരണത്താൽ ഐ‌പി‌എല്ലിൽ സി‌എസ്‌കെയുടെ മുന്നോട്ടുള്ള പ്രയാണം അത്ര എളുപ്പമാകില്ല എന്ന് എനിക്ക് തോന്നുന്നു, ”ഗവാസ്കർ പറഞ്ഞു.

ഈയൊരു പ്രതിസന്ധിയെ മറികടക്കാൻ ഗാവസ്‌കർ വച്ച പ്രതിവിധി മുരളി വിജയ്‌ക്ക് ഇന്നിംഗ്സ് തുറക്കാൻ അവസരം നൽകി അമ്പാട്ടി നായിഡുവും ധോണിയും യഥാക്രമം 3, 4 സ്ഥാനങ്ങളിൽ ബാറ്റ് ചെയ്യുക എന്നതാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം ഐപിഎൽ കളിക്കുന്നത് ധോണിക്ക് അധിക സമ്മർദ്ദമുണ്ടാകില്ല എന്ന് പറഞ്ഞ ഗാവസ്‌കർ ധോണിയെ പ്രശംസിക്കാനും മറന്നില്ല.

തങ്ങളുടെ നാലാം കിരീടം ലക്ഷ്യമിട്ടു കളത്തിലിറങ്ങുന്ന ചെന്നൈ സൂപ്പർ കിങ്‌സ് സെപ്റ്റംബർ 19നു ഉൽഘാടന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ നേരിടും. കഴിഞ്ഞ സീസൺ ഫൈനലിൽ തങ്ങളെ പരാജയപ്പെടുത്തി കപ്പെടുത്ത മുംബൈ ഇന്ത്യൻസിനോട് പകരം വീട്ടി ഇത്തവണ സീസൺ ആരംഭിക്കാനാണു ധോണിയും കൂട്ടരും തയ്യാറെടുക്കുന്നത്.

Related posts

Leave a Comment