എഞ്ചിനിയറായ മകനും ഗള്‍ഫുകാരനായ മകനും തിരിഞ്ഞു നോക്കിയില്ല; 92-ാം വയസില്‍ മരണമടഞ്ഞ കുഞ്ഞമ്മയുടെ ജീവിതം ആരുടെയും കണ്ണു നനയിക്കും.

old-ladyആലപ്പുഴ: നൊന്തു പെറ്റ മാതാവിനെ ഒരു നോക്കു കാണാന്‍ പോലും കൂട്ടാക്കാതെ എഞ്ചിനിയറായ മകനും ഗള്‍ഫുകാരനായ മകനും കൈയ്യൊഴിഞ്ഞ കുഞ്ഞമ്മയ്ക്ക് 92-ാം വയസില്‍ ദാരുണാന്ത്യം. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് മുതുകുളം പഞ്ചായത്ത് 15 ാം വാര്‍ഡില്‍ കല്ലുചിറയില്‍ കുഞ്ഞമ്മയെ ഏകദേശം ഒന്നര പതിറ്റാണ്ടിനു മുമ്പാണ് മക്കള്‍ ഉപേക്ഷിക്കുന്നത്. അന്നു മുതല്‍ നാട്ടുകാരുടെ ആശ്രയത്തില്‍ കഴിഞ്ഞു വരുകയായിരുന്നു. ഭര്‍ത്താവിന്റെ മരണശേഷമായിരുന്നു കുഞ്ഞമ്മയുടെ ദുര്യോഗം. ഗോപി, പരമു എന്നീ രണ്ടാണ്‍മക്കളാണ് കുഞ്ഞമ്മയ്ക്കുണ്ടായിരുന്നത്.

മൂത്തമകന്‍ ഗോപി എന്‍ജിനിയര്‍ ഉദ്യോഗം കഴിഞ്ഞ് ചേര്‍ത്തലയിലെ സ്വന്തം വീട്ടില്‍ വിശ്രമജീവിതത്തിലാണ്. ഇതിനിടെ ഗോപി മകളെ പഠിപ്പിച്ച് ശാസ്ത്രജ്ഞയാക്കുകയും ചെയ്തു. പരമു ഖത്തറില്‍ വലിയനിലയില്‍ കഴിയുന്നു. പരമുവിന്റെ മകന്‍ അങ്ങ് അമേരിക്കയിലും. ഇതാണ് കുഞ്ഞമ്മയുടെ മക്കളുടെയും ചെറുമക്കളുടെയും സ്ഥിതി. ഇനി കാര്യത്തിലേക്ക് കടക്കാം. പാരമ്പര്യമായി സ്വത്തുവകകളുള്ള കുടുംബമായിരുന്നു കുഞ്ഞമ്മയുടെത്. അതുക്കൊണ്ടുതന്നെ മക്കളെ വിദ്യാ സമ്പന്നരാക്കുന്നതില്‍ കുഞ്ഞമ്മയ്ക്ക് യാതൊരു മടിയുമില്ലായിരുന്നു. മൂത്തമകന്‍ ഗോപി എന്‍ജിനീയര്‍ ആയതും രണ്ടാമത്തെ മകന്‍ പരമു വിദേശത്ത് വൈദ്യുതി മേഖലയില്‍ ജോലി സമ്പാദിച്ചതും കുഞ്ഞമ്മ എന്ന മാതാവിന്റെ ത്യാഗത്തിന്റെ ഫലമായിരുന്നു.

മക്കളെ വലിയ നിലയില്‍ എത്തിക്കണമെന്ന ആഗ്രഹം സാധിച്ചെങ്കിലും വയസുകാലത്ത് മക്കള്‍ തുണയാകുമെന്നു കരുതിയ കുഞ്ഞമ്മയ്ക്ക് തെറ്റി. ഭര്‍ത്താവ് മരിച്ചതോടെ കുഞ്ഞമ്മയുടെ പ്രതീക്ഷകള്‍ അസ്ഥാനത്താക്കിക്കൊണ്ട് മക്കള്‍ അമ്മയെ കൈയ്യൊഴിഞ്ഞു. തുടര്‍ന്ന് നാട്ടുകാരായി കുഞ്ഞമ്മയുടെ സംരക്ഷകര്‍. മക്കള്‍ ഉപേക്ഷിച്ചതോടെ മാനസികമായും ശാരീരികമായും തളര്‍ന്ന കുഞ്ഞമ്മ ഒടുവില്‍ മരണത്തിന്റെ കൈകള്‍ കുഞ്ഞമ്മയെയും ഏറ്റുവാങ്ങി.

തന്റെ അവസാന സമയങ്ങളില്‍ പോലും മക്കളാരെങ്കിലും കാണാനെത്തുമെന്ന പ്രതീക്ഷ കുഞ്ഞമ്മയ്ക്കുണ്ടായിരുന്നു. ഒടുവില്‍ കുഞ്ഞമ്മയ്ക്ക ബോധം നഷ്ടമായപ്പോള്‍ മക്കളിലൊരാള്‍ നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന്് വീട്ടിലെത്തി. ജീവിച്ചിരിക്കുന്ന അമ്മയെ കാണാനോ സംസാരിക്കാനോ നില്‍ക്കാതെ മകന്‍ അമ്മയെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ തിടുക്കം കാട്ടി. ഇതുകണ്ട നാട്ടുക്കാര്‍ ഇയാളോട് തട്ടികയറി. നാട്ടുക്കാരുടെ ചോദ്യങ്ങളില്‍നിന്നും രക്ഷപ്പെടാനാണ് ആശുപത്രിയിലേക്ക് പോകാന്‍ ഇയാള്‍ തിടുക്കം കാട്ടിയത്. അമ്മ അബോധാവസ്ഥയില്‍ മരണത്തോട് മല്ലിടുമ്പോഴും അമ്മയുടെ പേഴ്‌സും ബാങ്ക് പാസ് ബുക്കും കാതില്‍ കിടന്ന കമ്മലും അഴിച്ചെടുക്കാന്‍ ഇയാള്‍ മറന്നില്ല. എന്നാല്‍ മകന് ഒട്ടും ബുദ്ധിമുട്ടുണ്ടാകാതെ തന്നെ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പെ ആ അമ്മ മരിച്ചു.

പിന്നീട് മൃതദേഹം മോര്‍ച്ചറിയില്‍  സൂക്ഷിക്കാന്‍ ഏര്‍പ്പാടാക്കി ഇയാള്‍ ചേര്‍ത്തലയിലെ സ്വ്ന്തം വീട്ടിലേക്കു മടങ്ങി. രണ്ടാമത്തെ മകന്‍ പരമു വിദേശത്തുനിന്നും എത്തിയിട്ടുവേണം ഇനി കാര്യങ്ങള്‍ തീരുമാനിക്കാന്‍. ഇതിനിടെ അമ്മയുടെ പറമ്പ് വിറ്റ പണം വീതിക്കുന്നതില്‍ ചേട്ടനും അനിയും തെറ്റിയിരുന്നുവെന്നും പറയുന്നു. ഈ അമ്മയുടെ പേരില്‍ ഇനിയും സ്വത്തുവകകളും ആഭരണങ്ങളും ബാങ്ക് നിക്ഷേപങ്ങളും ഉണ്ടെന്നാണ് നാട്ടുക്കാര്‍ പറയുന്നത്. കഴിഞ്ഞ പതിനഞ്ചു കൊല്ലമായി കുഞ്ഞമ്മയെ നാട്ടുക്കാരാണ് പരിചരിച്ചിരുന്നത്. മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മകന്‍ ഗോപി മുതുകുളത്തെ വീട്ടില്‍ അവസാനമായെത്തുന്നത്. അമ്മയുടെ പേരിലുള്ള പറമ്പ് വിറ്റ് കാശ് കൊണ്ടുപോകാനായിരുന്നു അന്ന് ഗോപി വന്നത്. എന്നാല്‍ കുടുംബത്തെത്തിയ ഗോപി ഭാര്യയെയും മക്കളെയും ഹരിപ്പാട് ഇയാള്‍ വാങ്ങിയ പുതിയ വീട്ടിലാണ് താമസിപ്പിച്ചത്. ഇടപാടു തീരുന്നതുവരെ അമ്മയ്ക്കുള്ള ഭക്ഷണം ഹരിപ്പാട്ടെ വീട്ടില്‍നിന്നും കുടുംബത്ത് എത്തിക്കലായിരുന്നു പതിവ്. പറമ്പുവിറ്റ കാശുമായി മടങ്ങിയ ഗോപി പിന്നീട് ഇങ്ങോട്ടു തിരിഞ്ഞു നോക്കിയിട്ടില്ല.

കുഞ്ഞമ്മയ്ക്ക് അസുഖം കൂടുതലാണെന്ന് നാട്ടുകാര്‍ പലവുരു അറിയിച്ചിട്ടും മക്കള്‍ കേട്ടഭാവം നടിച്ചില്ല. പണം വല്ലതും ആവശ്യമാണെങ്കില്‍ തരാമെന്ന് ഒരു മകന്‍ നാട്ടുകാരോടു പറഞ്ഞു. ഇത് നാട്ടുകാരില്‍ അമര്‍ഷം നിറച്ചെങ്കിലും അവര്‍ ആ അമ്മയെ ഉപേക്ഷിച്ചില്ല.അവര്‍ സമയം കിട്ടുമ്പോഴെല്ലാം കുഞ്ഞമ്മയെ പരിചരിച്ചു. ഒടുവില്‍ ഇന്നലെ അസുഖം കലശലായി. ആശുപത്രിയിലേക്കുള്ള വഴിമധ്യേ ആഗ്രഹങ്ങള്‍ ബാക്കിയാക്കി കുഞ്ഞമ്മ ലോകത്തോട് വിടപറഞ്ഞു. മക്കള്‍ ഉപേക്ഷിച്ച കുഞ്ഞമ്മയെ ഏറെക്കാലം പരിചരിച്ച നാട്ടുക്കാര്‍ തന്നെ ഇവരുടെ സംസ്ക്കാരം നടത്തുമെന്നാണറിയുന്നത്. ഭര്‍ത്താവിന്റെ ചിതയ്ക്കരികില്‍ തന്നെ അടക്കം ചെയ്യാനാണ് ആലോചന. അതേസമയം അമ്മ മരിച്ചതോടെ സ്വത്തുവകകള്‍ വിറ്റ് കിട്ടുന്ന പണം പ്രതീക്ഷിച്ചെത്തുന്ന മക്കളെ കര്‍മ്മങ്ങള്‍ക്ക് പങ്കെടുപ്പിക്കില്ലെന്ന തീരുമാനത്തിലാണ് നാട്ടുകാര്‍.

Related posts