കോഴിക്കോട്: ഓണ്ലൈന് വിപണിയായ ഒഎല്എക്സ് പോലുള്ള സൈറ്റുകളില് വാഹന, ഇലക്ട്രോണിക് ഉപകരണ വില്പ്പയ്ക്ക് പിന്നാലെ ഫര്ണിച്ചര് വ്യാപാര തട്ടിപ്പ്.
ആളുകളെ വിശ്വസിപ്പിക്കുന്നതിനായി പട്ടാളക്കാരുടെ വേഷത്തിലുള്ള ഫോട്ടോയും വ്യാജ ആധാര് കാര്ഡും പാന് കാര്ഡുമൊക്കെ വാട്സ് ആപ്പിലൂടെ അയച്ചാണ് തട്ടിപ്പ് നടത്തുന്നത്.
വീട്ടുപകരണങ്ങള് പകുതി വിലയ്ക്ക് നല്കാം എന്ന പേരിലാണ് തട്ടിപ്പ്. മിലിറ്ററി കാന്റീന് വഴി വിലക്കുറവില് ലഭിച്ചതാണെന്നും ട്രാന്സ്ഫര് ആയതിനാല് ഇവ കൂടെ കൊണ്ടുപോകാന് ബുദ്ധിമുട്ടായതിനാലാണ് പകുതിവിലയ്ക്ക് നല്കുന്നതെന്നുമാണ് തട്ടിപ്പുകാര് പറഞ്ഞു ഫലിപ്പിക്കുന്നത്.
തുച്ഛമായ വിലയ്ക്ക് വിലകൂടിയ സാധനങ്ങള് വിൽപ്പനയ്ക്കെന്ന പരസ്യത്തില് പ്രലോഭിതരാകുന്നവരെ പണം വാങ്ങിയ ശേഷം സാധനങ്ങള് നല്കാതെ കബളിപ്പിക്കും. കൂടാതെ കൊറിയര് ചാര്ജെന്ന പേരില് അഡ്വാന്സ് തുക വാങ്ങിയും തട്ടിപ്പ് നടക്കുന്നുണ്ട്.
ഫോണിലൂടെ ഇടപാട് ഉറപ്പിക്കുകയും പണം അയച്ചു കഴിഞ്ഞാല് ആ ഫോണ് ഓഫ് ചെയ്തു മുങ്ങുകയും ചെയ്യുന്നതാണ് ഇവരുടെ രീതി. വിലക്കുറവെന്ന പ്രലോഭനങ്ങളും മികച്ച അവസരമാണെന്ന വാഗ്ദാനങ്ങളും കേട്ട് ഇത്തരക്കാരുടെ തട്ടിപ്പിന് ഇരയാകാതിരിക്കണമെന്ന് പോലീസ് അറിയിച്ചു.
രാഷ്ട്രദീപിക മുമ്പേ പറഞ്ഞു… ഇപ്പോള് പോലീസും… ഒഎല്എക്സില് നിറയെ വ്യാജ മിലിട്ടറി ഓഫീസര്മാർ
കോഴിക്കോട് : ഇന്ത്യയിലെ ഏറ്റവും വലിയ ഉപയോഗിച്ച സാധനങ്ങളുടെ ഓണ്ലൈന് വിപണിയായ ഒഎല്എക്സ് വഴിയുള്ള തട്ടിപ്പിന് ഉപയോഗിക്കുന്നത് ഇന്ത്യന് മിലിട്ടറിയുടെ പേര്.
വിശ്വാസ്യത ഉറപ്പിക്കുന്നതിനാണ് സൈനികരുടെ പേരുപയോഗിച്ച് തട്ടിപ്പ് നടത്തുന്നത്. രണ്ടുവര്ഷം മുമ്പ് സമാനമായ രീതിയില് സൈനികന്റെ പേരില് തട്ടിപ്പ് നടത്തിയിരുന്നു. ഇത് സംബന്ധിച്ച് രാഷ്ട്രദീപിക വാര്ത്ത നല്കിയിരുന്നു. എന്നാല് കൂടുതല് അന്വേഷണം നടത്താന് പോലീസിന് സാങ്കേതിക ബുദ്ധിമുട്ടികളുണ്ടായി.
വിപണിയില് ആറ് ലക്ഷം മുതല് ഏഴ് ലക്ഷം വരെ വിലവരുന്ന ബൊലേറോ ജീപ്പ് രണ്ടുലക്ഷം രൂപയ്ക്ക് വില്ക്കാനുണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. വാഹനത്തിന്റെ വിവിധ ഫോട്ടോകള് ബന്ധപ്പെടാനുള്ള ഫോണ് നമ്പര് സഹിതം നല്കുകയും ചെയ്തിരുന്നു.
വാഹനം ഇഷ്ടപ്പെട്ടാല് കാര്ഗോയായി ഉടന് തന്നെ അയച്ചു നല്കാമെന്നും കാര്ഗോ തുക മുന്കൂട്ടി ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു തരണമെന്നുമാണ് ആവശ്യപ്പെടുന്നത്. നാസിക്കിലുള്ള സൈനിക ഉദ്യോഗസ്ഥന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില് ഇത് തട്ടിപ്പ് സംഘമാണെന്ന് ബോധ്യപ്പെടുകയായിരുന്നു.
ഇന്ത്യന് മിലിട്ടറിയുടെ നാസിക്കിലെ ആസ്ഥാനത്ത് ജോലി ചെയ്യുന്ന സൈനികന്റെ ഉടമസ്ഥതയിലുള്ള വാഹനമാണിതെന്നാണ് ഫോണ് വഴി ബന്ധപ്പെട്ടവരോട് പറയുന്നത്. ചില സാങ്കേതിക ബുദ്ധിമുട്ടുകളാലാണ് വാഹനം കുറഞ്ഞ വിലയില് വില്ക്കുന്നതെന്നും ഇവര് പറയും.
വിളിക്കുന്നവരെ വിശ്വസിപ്പിക്കുന്നതിനായി സൈനിക വേഷത്തില് നില്ക്കുന്ന ഭാര്യയുടേയും ഭര്ത്താവിന്റെയും ഫോട്ടോ വാട്സ് ആപ്പ് ഡിപിയാക്കിയിടും.
ഫോണ് വഴി ബന്ധപ്പെടുമ്പോള് ആദ്യം യുവതിയാണ് ഫോണെടുക്കുക. ഹിന്ദിയില് മാത്രം സംസാരിക്കുന്ന ഇവര് കൂടുതല് വിവരങ്ങള് ചോദിക്കുമ്പോള് ഭര്ത്തായ സൈനിക ഉദ്യോഗസ്ഥന് ഫോണ് കൈമാറും. പിന്നീട് സൈനികനെന്ന പേരില് പരിചയപ്പെടുത്തികൊണ്ടാണിയാള് സംസാരിക്കുന്നത്.
ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് സംസാരം. വാഹനം സംബന്ധിച്ചുള്ള വിവരങ്ങള് വാട്സ് ആപ്പില് അയച്ചു നല്കുകയും ചെയ്യും. വാഹനത്തിന്റെ ഫോട്ടോയില് ആര്മി എന്ന പേരും വാഹനത്തിനുള്ളില് ദേശീയ പതാകയും കൂടി കാണുമ്പോള് സൈനികനാണെന്നത് ഏവരും വിശ്വസിക്കും.
കാര്ഗോ തുക അയച്ചു നല്കാന് ആവശ്യപ്പെട്ടതിനാല് കച്ചവടത്തിന് താല്പര്യമില്ലെന്ന് പറഞ്ഞവരെ വിശ്വസിപ്പിക്കുന്നതിനായി വാഹനത്തിന്റെ സര്വീസ് ഹിസ്റ്ററിയും ആര്സി ബുക്കും മറ്റ് രേഖകളും അയച്ചു നല്കും.
ആവശ്യക്കാരേറെയുണ്ടെന്നും സുവര്ണാവസരം നഷ്ടപ്പെടുത്തരുതെന്നുമാണ് ഒടുവില് പറയുന്നത്. ഇത്തരത്തിലുള്ള നിരവധി തട്ടിപ്പുകള് നടക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. പരാതി ലഭിച്ചാലും മറ്റ് സംസ്ഥാനങ്ങളില് പോയി അന്വേഷിച്ചാല് കാര്യമായ വിവരങ്ങളൊന്നും ലഭിക്കാറില്ല.
താത്കാലികമായി സംഘടിപ്പിക്കുന്ന സിംകാര്ഡുകള് ഉപയോഗിച്ചും വ്യാജ പ്രൊഫൈലുണ്ടാക്കിയുമാണ് തട്ടിപ്പ് നടത്തുന്നത്. ഒരു സിംക ാര്ഡ് കുറഞ്ഞ ദിവസം മാത്രമേ ഉപയോഗിക്കുന്നുള്ളൂ. സിമ്മിനൊപ്പം ഫോണ് കൂടി ഉപേക്ഷിച്ചാല് തട്ടിപ്പ് നടത്തിയവരെ കണ്ടെത്താന് പോലും ഏറെ ബുദ്ധിമുട്ടാണ്.