റേഡിയോ ജോക്കി രാജേഷിന്റെ കൊലപ്പെടുത്താന്‍ ആയുധം എത്തിച്ചു നല്‍കിയ സ്ഫടികം പിടിയില്‍; കേസില്‍ വെളിപ്പെടുന്നത് നിര്‍ണായക വിവരങ്ങള്‍…

 

റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍.സ്ഫടികം എന്നു വിളിപ്പേരുള്ള സ്വാതി സന്തോഷാണ് അറസ്റ്റിലായത്. രാജേഷിനെ കൊലപ്പെടുത്താന്‍ ആവശ്യമായ ആയുധങ്ങള്‍ എത്തിച്ചു നല്‍കിയത് ഇയാളാണ്. ഞായറാഴ്ച കേസില്‍ മറ്റൊരു നിര്‍ണായക അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരുന്നു. കായംകുളം സ്വദേശി യാസിന്‍ മുഹമ്മദാണ് പോലീസിന്റെ പിടിയിലായത്. കൊലപാതകത്തിനു ശേഷം പ്രതികളെ ബംഗളുരുവിലേക്കു രക്ഷപ്പെടാന്‍ സഹായിച്ചതും, വാഹനം ഉപേക്ഷിച്ചതും എഞ്ചിനീയറായ യാസിന്‍ മുഹമ്മദാണെന്ന് പോലീസ് കണ്ടെത്തി.

ഗൂഢാലോചനയുടെയും പണം കൈമാറ്റത്തിന്റെയും തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. രാജേഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് ഗള്‍ഫില്‍ നിന്നാണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. വിദേശത്തുള്ള യുവതിയുമായുള്ള ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ക്വട്ടേഷന്‍ നല്‍കിയ ആളും കൊലയാളി സംഘവും തമ്മില്‍ ബന്ധപ്പെട്ടത് വാട്സാപ്പിലൂടെയാണ്. എന്നാല്‍ കൊലപാതകത്തിനു ശേഷം വാട്സ്ആപ്പിലൂടെ ഇവര്‍ ബന്ധപ്പെട്ടിട്ടില്ല. കായംകുളം കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട മൂന്നു പേരെ കുറിച്ച് വ്യക്തമായ സൂചന പോലീസിനു ലഭിച്ചതായാണു വിവരം. കൊലപാതക സംഘത്തില്‍ നാലു പേരുണ്ടെന്നാണ് ദൃക്സാക്ഷി മൊഴി.

രാജേഷിന്റെ കാമുകിയായ നൃത്താധ്യാപികയുടെ ഭര്‍ത്താവ് സത്താര്‍ അനുയായി അലിഭായ് എന്നിവരാണ് ക്വട്ടേഷന്‍ നടപ്പിലാക്കിയതെന്ന് പോലീസ് കരുതുന്നു. ക്വട്ടേഷന്‍ സംഘത്തിലെ മുഖ്യകണ്ണി അലിഭായിയെന്ന മുഹമ്മദ് സാലിഹ്, അപ്പുണ്ണി എന്നിവര്‍ വിദേശത്തു നിന്നും ആദ്യമെത്തിയത് ബംഗളുരുവിലെ യാസിന്റെ വീട്ടിലേക്കാണ്. തുടര്‍ന്ന് വിദേശത്തു നിന്നെത്തിയ പണം പിന്‍വലിച്ച് ക്വട്ടേഷന്‍ സംഘത്തിനു നല്‍കുകയായിരുന്നു.

വാടകയ്ക്കെടുത്ത ചുമന്ന സ്വിഫ്റ്റില്‍ കൊലപാതകത്തിനുശേഷം അലിഭായിയും അപ്പുണ്ണിയും ബെംഗളുരുവില്‍ യാസിന്റെ വീട്ടില്‍ മടങ്ങിയെത്തുകയായിരുന്നു. ഇവിടെ നിന്നും അലിഭായ് കാഠ്മണ്ഡുവിലേക്കും അപ്പുണ്ണി ചെന്നൈയിലേക്കും കടക്കുകയായിരുന്നു. പിന്നാലെ കാര്‍ കായംകുളത്ത് എത്തിച്ച് വഴിയരികില്‍ ഉപേക്ഷിച്ച ശേഷം യാസിനും മുങ്ങി. രാജേഷിന്റെ കാമുകിയും സത്താറിന്റെ മുന്‍ ഭാര്യയുമായിരുന്ന നൃത്താധ്യാപികയിലേക്കും സംശയമുന നീളുന്നുണ്ട്.

 

Related posts