റാവലകോട്ട്: പാക് അധീന കാഷ്മീരിലെ റാവലകോട്ടിൽ ജനകീയ പ്രക്ഷോഭകർക്കുനേരേ പോലീസ് നടത്തിയ വെടിവയ്പിലും തുടർന്നുണ്ടായ അക്രമസംഭവങ്ങളിലും മരണസംഖ്യ 11 ആയി ഉയർന്നു. അതേസമയം, സർക്കാർ പുറത്തുവിട്ട കണക്കുകൾ തെറ്റാണെന്നും കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം ഇതിലും കൂടുതലാണെന്നും പ്രാദേശികവാസികളും പ്രക്ഷോഭകരും ആരോപിക്കുന്നു. നിലവിൽ പ്രദേശം കടുത്ത സൈനിക അടിച്ചമർത്തലിലാണ്. നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
23 സെനികർ ഉൾപ്പെടെ എഴുപതിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. സാമ്പത്തിക-രാഷ്ട്രീയ അവകാശങ്ങൾ മുൻനിർത്തി സമരം ചെയ്യുന്ന സിവിൽ സൊസൈറ്റി കൂട്ടായ്മയായ “ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി’യെ ഭീകരവിരുദ്ധ നിയമപ്രകാരം പാക് ഭരണകൂടം നിരോധിച്ചതിന് പിന്നാലെയാണ് മേഖലയിൽ സംഘർഷം കടുത്തത്.
ജൂൺ 9-ന് പ്രഖ്യാപിച്ചിരുന്ന സമ്പൂർണ ഹർത്താലിനു മുന്നോടിയായി റാവലകോട്ട് നഗരത്തിലാണ് അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. നേരത്തെയുണ്ടായ വെടിവയ്പിൽ കൊല്ലപ്പെട്ട ജനകീയ പ്രവർത്തകന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന ആശുപത്രി മോർച്ചറിക്ക് മുന്നിൽ ജെഎഎസി അനുകൂലികൾ തടിച്ചുകൂടിയിരുന്നു. ഇവരെ പിരിച്ചുവിടാൻ പോലീസും പാരാമിലിട്ടറി സേനയും ശ്രമിച്ചതോടെയാണ് സ്ഥിതിഗതികൾ നിയന്ത്രണാതീതമായത്.
പ്രതിഷേധക്കാർക്കിടയിൽ ഒളിച്ചിരുന്ന സാമൂഹിക വിരുദ്ധർ നടത്തിയ വെടിവയ്പിൽ നാല് പോലീസ് ഉദ്യോഗസ്ഥരും ഒരു വഴിയാത്രക്കാരനും കൊല്ലപ്പെട്ടതായി പൂഞ്ച് സെക്ടർ കമ്മീഷണർ സർദാർ വഹീദ് ഖാൻ പറഞ്ഞു. തുടർന്ന് പോലീസ് പ്രത്യാക്രമണത്തിലാണ് ആറ് പ്രതിഷേധക്കാർ കൊല്ലപ്പെട്ടത്.
