വിലകുടിയ കാറുകളില്‍ ചുറ്റിക്കറങ്ങുക അരുണിന്റെ ഹോബി, 60,000 രൂപയിലധികം ശമ്പളമുള്ള അമ്മ മറിയാമ്മ അറസ്റ്റിലായപ്പോള്‍ കൈയിലുണ്ടായിരുന്നത് 4,000 രൂപ മാത്രം, കള്ളനോട്ട് കേസിലെ പ്രതികള്‍ക്ക് വിനയായത് ഇതൊക്കെ

ബാങ്കിന്റെ കാഷ് ഡിപ്പോസിറ്റ് മെഷീനില്‍ കള്ളനോട്ടു നിക്ഷേപിച്ച കേസില്‍ റിമാന്‍ഡിലായ പ്രതിയെയും മറ്റൊരു കേസില്‍ ഉള്‍പ്പെട്ട അമ്മയെയും പോലീസ് കസ്റ്റഡിയില്‍ വാങ്ങും. രണ്ടായിരത്തിന്റെ അഞ്ചു കള്ളനോട്ടുകള്‍ കണ്ടെത്തിയ സംഭവത്തിലാണ് പാലാ ഓലിക്കല്‍ അരുണ്‍ ജോസഫ് (29) കഴിഞ്ഞ ദിവസം പാലാ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 12നാണ് കള്ളനോട്ടുകള്‍ കണ്ടെത്തിയത്. മൂന്നാഴ്ചയിലധികം ഒളിവില്‍ കഴിഞ്ഞ ഇരുവരെയും എറണാകുളത്തുനിന്നു പിടികൂടുകയായിരുന്നു.

അതേസമയം, വിലകൂടിയ കാറുകളോടുള്ള കമ്പമാണ് അരുണിനെ ലക്ഷങ്ങളുടെ കടക്കാരനാക്കിയതും ഒടുവില്‍ കള്ളനോട്ട് നിര്‍മിക്കാന്‍ പ്രേരിപ്പിച്ചതുമെന്നു പോലീസ്. 14 ലക്ഷം രൂപയുടെ റെനോ ഡസ്റ്റര്‍, 10 ലക്ഷത്തിലേറെ വില വരുന്ന മറ്റു കാറുകള്‍ എന്നിവയാണ് അരുണ്‍ മാറിമാറി ഉപയോഗിച്ചിരുന്നത്. ഇവയ്‌ക്കെല്ലാം പണം കണ്ടെത്തിയിരുന്നതു പലിശക്കാരില്‍നിന്നു കടം വാങ്ങിയാണ്. ബാങ്കുകളില്‍നിന്നു ലോണും തരപ്പെടുത്തിയെടുത്തിട്ടുണ്ട്.പലിശ കൊടുക്കാന്‍ പണമില്ലാതാകുന്‌പോള്‍ കാറുകള്‍ കിട്ടുന്ന വിലയ്ക്കു വില്‍ക്കും. നാലും അഞ്ചും ലക്ഷം രൂപ നഷ്ടത്തിലായിരുന്നു പല കച്ചവടങ്ങളും.

എറണാകുളത്ത് നോര്‍ത്ത് ഭാഗത്ത് ഫോട്ടോസ്റ്റാറ്റ്, ഡിടിപി, കംപ്യൂട്ടര്‍ സെന്റര്‍ നടത്തിയിരുന്നു. ഇവിടേക്കു ദിവസവും കാറിലാണ് അരുണ്‍ പോയിരുന്നത്. ആയിരം രൂപയുടെ പെട്രോളും ഭക്ഷണവും ഡ്രൈവര്‍ക്കുള്ള കൂലിയും ഉള്‍പ്പെടെ 2,500 രൂപയോളം ചെലവ് വരും. വിലകൂടിയ വസ്ത്രങ്ങള്‍, ഫോണുകള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവയും ശീലമാക്കിയിരുന്നതായി പോലീസ് പറഞ്ഞു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 30 ലക്ഷത്തോളം രൂപ പലിശ മാത്രമായി പല സ്ഥാപനങ്ങള്‍ക്കായി അടച്ചിട്ടുണ്ട്. പലിശ നല്‍കാന്‍ പണമില്ലാതായതോടെയാണ് ഇയാള്‍ കള്ളനോട്ട് നിര്‍മാണത്തിലേക്ക് തിരിഞ്ഞതെന്നു പോലീസ് പറയുന്നു.

അരുണിന്റെ അമ്മ മറിയാമ്മ കാഷ്യറായി ജോലി ചെയ്യുന്ന സഹകരണബാങ്കില്‍നിന്ന് അരക്കോടിയിലധികം രൂപ കാണാതായ കേസിലാണ് ഇവര്‍ പിടിയിലായത്. വിശദമായ ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമായി ഇരുവരെയും നാലു ദിവസത്തിനകം കസ്റ്റഡിയില്‍ വാങ്ങുമെന്നു പാലാ സിഐ രാജന്‍ കെ. അരമന പറഞ്ഞു. രക്തസമ്മര്‍ദം കുറഞ്ഞതിനെത്തുടര്‍ന്ന് സബ് ജയിലില്‍നിന്നു മറിയാമ്മയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരെയും ഒരുമിച്ചു കസ്റ്റഡില്‍ വാങ്ങുന്നതിന് മറിയാമ്മ ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്താലുടന്‍ അപേക്ഷ നല്‍കാനാണ് പോലീസ് തീരുമാനം.

അരുണിന്റെ ഉടമസ്ഥതയില്‍ പാലായില്‍ പ്രവര്‍ത്തിച്ചിരുന്ന ഫോട്ടോസ്റ്റാറ്റ് സ്ഥാപനത്തില്‍നിന്നു മെഷീനുകളും ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തിരുന്നു. ഇവ വിശദമായ പരിശോധനയ്ക്കു ഫോറന്‍സിക് വിഭാഗത്തിനു കൈമാറിയിട്ടുണ്ട്. ഒറിജിനല്‍ നോട്ടിന്റെ കളര്‍ ഫോട്ടോസ്റ്റാറ്റ് എടുത്ത് കള്ളനോട്ട് നിര്‍മിക്കുകയായിരുന്നുവെന്ന് അരുണ്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഒരു മാസത്തിനുള്ളില്‍ ഒരു ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകള്‍ നിര്‍മിച്ച് വിവിധ സ്ഥലങ്ങളിലെ സിഡിഎമ്മുകളില്‍ നിക്ഷേപിച്ചതായി സൂചനയുണ്ട്. പുതിയ സിഡിഎമ്മുകള്‍ക്ക് കള്ളനോട്ടുകള്‍ തിരിച്ചറിയാന്‍ സംവിധാനമുണ്ട്. തൊടുപുഴയിലും കള്ളനോട്ടു നിര്‍മാണത്തിന് അരുണിനെതിരേ കേസുണ്ട്.

പലരില്‍നിന്നായി വാങ്ങിയ ലക്ഷക്കണക്കിനു രൂപ വായ്പയുടെ പലിശ നല്‍കുന്നതിനും ആര്‍ഭാട ജീവിതത്തിനുമാണ് കള്ളനോട്ടുകള്‍ നിര്‍മിച്ചതെന്നാണ് പോലീസ് പറയുന്നത്. അരുണിന്റെ കള്ളനോട്ട് നിര്‍മാണം സംബന്ധിച്ച് വീട്ടുകാര്‍ക്ക് സൂചനയൊന്നും ഉണ്ടായിരുന്നില്ല. പാലായിലെ ബാങ്കിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണു പോലീസ് അരുണിനെ തിരിച്ചറിഞ്ഞത്. പോലീസ് അന്വേഷിച്ചെത്തിയതോടെ ഇരുവരും മുങ്ങുകയായിരുന്നു. ആദ്യം തിരുവനന്തപുരത്തും പിന്നീട് തമിഴ്‌നാട്ടിലും ഒളിവില്‍ കഴിഞ്ഞ ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കാന്‍ എറണാകുളത്തെത്തിയപ്പോഴാണു പിടിയിലായത്.

പോലീസിന്റെ ചോദ്യംചെയ്യലില്‍ മാസശമ്പളത്തേക്കാള്‍ കൂടുതല്‍ തുക പലിശയിനത്തില്‍ മറിയാമ്മ മകനുവേണ്ടി നല്കിയിരുന്നതായി പറഞ്ഞു. മാസം അറുപതിനായിരത്തിലധികം രൂപ മറിയാമ്മയ്ക്കു ശമ്പളമുണ്ട്. പിടിയിലാകുന്‌പോള്‍ 4,200 രൂപ മാത്രമാണ് മറിയാമ്മയുടെ കൈവശമുണ്ടായിരുന്നത്. ഇവര്‍ വാടകയ്ക്കു താമസിച്ച പാലായിലെ ഫ്‌ലാറ്റിലും മകളുടെ എറണാകുളത്തെ ഫ്‌ലാറ്റിലും പോലീസ് പരിശോധന നടത്തിയെങ്കിലും പണം കണ്ടെത്താന്‍ സാധിച്ചില്ല. മറിയാമ്മ ജോലി ചെയ്തിരുന്ന സഹകരണബാങ്കിലെ രണ്ടു മാനേജര്‍മാരെ ബാങ്ക് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. പണം സംബന്ധമായ കാര്യങ്ങളില്‍ കൂട്ടുത്തരവാദിത്വമുള്ള ജീവനക്കാരാണിവര്‍. പോലീസ് ഇവരെയും ചോദ്യം ചെയ്തു. വര്‍ഷങ്ങളായി ജോലി ചെയ്യുന്ന മറിയാമ്മയെ ഇവര്‍ വിശ്വാസത്തിലെടുക്കുകയായിരുന്നു. മറിയാമ്മ കുറ്റസമ്മതം നടത്തിയില്ലെങ്കില്‍ ഇവരും പ്രതികളാകും.

 

Related posts