പാടത്ത് കക്കൂസ് മാലിന്യം നിക്ഷേപിക്കാനെത്തിയ വാഹനം തടഞ്ഞ പഞ്ചായത്ത് പ്രസിഡന്റിനെ മര്‍ദ്ദിച്ച് അവശനാക്കി ചെളിയില്‍ താഴ്ത്തി;മര്‍ദ്ദിച്ചത് ഇടിക്കട്ട കൊണ്ട്

waste600ആലുവ: പാടത്ത് കക്കൂസ് മാലിന്യം നിക്ഷേപിക്കാനെത്തിയ ഗുണ്ടാസംഘം പഞ്ചായത്ത് പ്രസിഡന്റിനെ മര്‍ദ്ദിച്ച് അവശനാക്കി പാടത്തെ ചെളിയില്‍ താഴ്ത്തി. കക്കുസ് മാലിന്യവുമായെത്തി വാഹനം പഞ്ചായത്ത് പ്രസിഡന്റ് തടഞ്ഞതാണ് ഗുണ്ടകളെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് പ്രസിഡന്റ് ഗുണ്ടാ സംഘത്തിനെതിരേ പോലീസില്‍ പരാതിപ്പെട്ടു. കുപ്രസിദ്ധ ഗുണ്ട തമ്മനം ഫൈസലിനും സംഘത്തിനുമെതിരെ ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡന്റും സി പി എം അംഗവുമായ പി ആര്‍ രാജേഷാണ് ചെങ്ങമനാട് പൊലീസില്‍ മൊഴി നല്‍കിയിട്ടുള്ളത്. ആക്രമത്തില്‍ രാജേഷിനും തലപ്പിള്ളി സ്വദേശികളായ കെ പി രമേശ്, അഭിലാഷ് എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. ഇടിക്കട്ടകൊണ്ടുള്ള പ്രഹരത്തിന്റെ ചതവുകള്‍ ഇപ്പോഴും ദേഹത്തുണ്ട്. ശാരീരിക അസ്വസ്ഥതകള്‍ ഉള്ളതിനാല്‍ ചികത്സ തുടരുകയാണെന്നു രാജേഷ് വ്യക്തമാക്കി. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും പ്രതികളെ അന്വേഷിച്ചുവരികയാണെന്നുമാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം.

സംഭവത്തെക്കുറിച്ചു രാജേഷ് നല്‍കുന്ന വിവരം ഇങ്ങനെ, രാത്രി 12 മണിയോടെ തലപ്പിള്ളിയില്‍ നിന്നും നാട്ടുകാരിലൊരാള്‍ മൊബൈലില്‍ വിളിച്ച്, പാടത്ത് കക്കൂസ് മാലിന്യം തള്ളാനെത്തിയ മിനിലോറി തങ്ങള്‍ തടഞ്ഞിട്ടിരിക്കുന്നതായും ഉടന്‍ എത്തണമെന്നും ആവശ്യപ്പെട്ടു. ഉടന്‍ ബൈക്കില്‍ തലപ്പിള്ളിക്ക് തിരിച്ചു. ഏതാണ്ട് അരകിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ വീണ്ടും ഫോണ്‍വിളിയെത്തി.

മിനിലോറിക്കാര്‍ അറിയിച്ചതു പ്രകാരം സ്ഥലത്തെത്തിയ ഗുണ്ടാ സംഘം തങ്ങളെ മര്‍ദ്ദിച്ചവശരാക്കി ലോറിയുമായി സ്ഥലം വിട്ടെന്നും മാര്‍ഗമധ്യേ തടയണമെന്നുമായിരുന്നു മറുതലക്കല്‍ നിന്നുള്ള നിര്‍ദ്ദേശം. ഫോണ്‍ കട്ടുചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ ഒരു മിനിലോറി എതിര്‍ദിശയില്‍ നിന്നും വരുന്നത് കണ്ടു. രണ്ടും കല്‍പ്പിച്ച് ബൈക്ക് റോഡിനു കുറുകെ വച്ചു. തൊട്ടുതൊട്ടില്ല എന്ന മട്ടില്‍ ലോറി നിന്നു. ഉടന്‍ ലോറിയിലുണ്ടായിരുന്നവര്‍ അസഭ്യംവിളി തുടങ്ങി. ഇതിനിടയില്‍ ജീപ്പിലെത്തിയ ഗുണ്ടാസംഘം രാജേഷിനെ തലങ്ങും വിലങ്ങും ഇടിക്കട്ടകൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു.

മര്‍ദ്ദനം സഹിക്കാതെ വീണു പോയപ്പോള്‍ ഗുണ്ടകള്‍ തന്നെ പന്ത്രണ്ടടിയോളം ഉയരത്തില്‍ നിന്ന് താഴെ പാടത്തേക്ക്് എടുത്തിടുകയായിരുന്നെന്നും രാജേഷ് പറയുന്നു. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ വീട്ടിലെത്തുകയും വേഷംമാറിയതിനു ശേഷം ആശുപത്രിയില്‍ ചികിത്സ തേടുകയുമായിരുന്നു. എന്നാല്‍ കക്കൂസ് മാലിന്യം നിക്ഷേപിച്ച സ്ഥലം കണ്ടെത്താനായില്ല. സംഭവസ്ഥലത്തുനിന്നും ലോറിയുമായി കടന്ന സംഘം സമീപപ്രദേശത്തെവിടെങ്കിലും മാലിന്യം നിക്ഷേപിച്ചിരിക്കാമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍.

ആലുവയിലെ അറിയപ്പെടുന്ന ഗുണ്ടയായിരുന്ന ഫൈസല്‍ അടുത്തിടെയായി കക്കൂസ് മാലിന്യം നീക്കം ചെയ്യുന്ന ജോലിയിലാണ് പ്രധാനമായും ശ്രദ്ധിച്ചിരുന്നതെന്നും ഇതുമൂലം സമീപപ്രദേശങ്ങളില്‍ ഈ തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നവര്‍ കളം വിട്ടെന്നും ഇതേത്തടര്‍ന്നുള്ള സാമ്പത്തിക വരുമാനം നിലനിര്‍ത്താന്‍ എന്തു കടുംകൈക്കും ഇയാള്‍ തയ്യാറാവുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളതെന്നും രാജേഷ് ചൂണ്ടിക്കാട്ടി.ഭരണകക്ഷിയില്‍പ്പെട്ട പഞ്ചായത്ത് പ്രസിഡന്റായ തന്നേ നേരിട്ടത് ഈ വിധത്തിലാവുമ്പോള്‍ സാധാരണക്കാരെ ഇയാള്‍ വച്ചേക്കുമോയെന്നും രാജേഷ് ചോദിക്കുന്നു.

Related posts