മുണ്ടക്കയം: കൂട്ടിക്കൽ, പാറത്തോട്, മുണ്ടക്കയം പഞ്ചായത്തുകളിലെ നൂറുകണക്കിന് കുടുംബങ്ങൾക്ക് ആശ്രയമായിരുന്ന പറത്താനം പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ പ്രവർത്തനം അവതാളത്തിൽ. ആകെയുണ്ടായിരുന്ന ഒരു ഡോക്ടറുടെ സേവനവും നാളുകൾക്ക് മുമ്പ് നിന്നതോടെ ആശുപത്രിയുടെ പ്രവർത്തനം ഇപ്പോൾ ഏതാണ്ട് നിലച്ച അവസ്ഥയിലാണ്.
ഒരു ഡോക്ടറും 11 ജീവനക്കാരുമാണ് ഇവിടെയുണ്ടായിരുന്നത്. അടിസ്ഥാന സൗകര്യങ്ങളും ആവശ്യത്തിന് ജീവനക്കാരുമുള്ളപ്പോഴും ഡോക്ടറുടെ സേവനം ലഭിക്കാത്തതുമൂലം ആശുപത്രി ഇപ്പോൾ പ്രവർത്തനരഹിതമായ അവസ്ഥയിലാണ്. എരുമേലി ഹെൽത്ത് ബ്ലോക്കിൽ നിന്നു ആഴ്ചയിൽ ഒരു ദിവസം എത്തുന്ന ഡോക്ടറുടെ സേവനം മാത്രമാണ് ഇവിടെ ലഭിക്കുന്നത്. ഇതാകട്ടെ കുട്ടികളുടെ വാക്സിനേഷൻ അടക്കമുള്ള ജോലികൾ നിർവഹിക്കുന്നതിനും.
വർഷങ്ങളായി നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന ആശുപത്രിയിൽ ഒരു ഡോക്ടറുടെ സേവനമാണ് ലഭിച്ചിരുന്നത്. സ്ഥിരമായി ഉണ്ടായിരുന്ന ഡോക്ടറുടെ സേവനം നിലച്ചതോടെ പിന്നീട് താത്കാലിക നിയമനം നടത്തിയെങ്കിലും മാസങ്ങൾക്ക് മുമ്പ് ഇതും നിലച്ചു.
ചോലത്തടം, പറത്താനം, ആനക്കുഴി, വെട്ടുകല്ലാംകുഴി എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു പ്രധാനമായും ഈ പ്രാഥമികാരോഗ്യ കേന്ദ്രത്തെ ആശ്രയിച്ചിരുന്നത്. രക്തസമ്മർദം, ഷുഗർ തുടങ്ങി പതിവായി മരുന്നു കഴിക്കുന്നവർക്കും ഡോക്ടറുടെ കുറിപ്പ് ഇല്ലാത്തതിനാൽ ആശുപത്രിയിൽ നിന്ന് മരുന്ന് ലഭിക്കാത്ത സാഹചര്യമുണ്ട്. ഇപ്പോൾ 10 കിലോമീറ്ററിലധികം സഞ്ചരിച്ച് മുണ്ടക്കയത്തെ സർക്കാർ ആശുപത്രിയിലോ അല്ലെങ്കിൽ സ്വകാര്യ ആശുപത്രിയിലോ ചികിത്സ തേടേണ്ട അവസ്ഥയിലാണ്.
മഴക്കാലമാകുന്നതോടെ സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കാൻ ഇടയുള്ള സാഹചര്യത്തിൽ ഡോക്ടറുടെ സേവനം ലഭിക്കാത്തത് പ്രദേശവാസികൾക്ക് വലിയ ബുദ്ധിമുട്ടാകും സമ്മാനിക്കുക. ഇവിടെ സ്ഥിരമായി ഡോക്ടറെ നിയമിക്കുവാൻ അധികാരികൾ തയാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്താൻ ഒരുങ്ങുകയാണ് പ്രദേശവാസികൾ
