കര്‍ഷകര്‍ക്ക് മോശം കാലത്ത് താങ്ങായി പാഷന്‍ ഫ്രൂട്ട്, മറ്റു വിളകള്‍ ചതിച്ചതോടെ പാഷന്‍ ഫ്രൂട്ട് കൃഷി വ്യാപിക്കുന്നു, കിലോയ്ക്ക് 60 രൂപ മുതല്‍ 90 രൂപ വരെ, പഷന്‍ഫ്രൂട്ട് ഫാഷനാകുമ്പോള്‍

ഉയര്‍ന്ന വിലയും വിപണിസാധ്യതയും കണ്ടുതുടങ്ങിയതോടെ ഹൈറേഞ്ചില്‍ പാഷന്‍ഫ്രൂട്ട് കൃഷി വ്യാപകമാകുന്നു. കൃഷി വ്യാപനത്തിന് സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷനും കൃഷിവകുപ്പും രംഗത്തെത്തിയതോടെ നിരവധി കര്‍ഷകരാണ് പാഷന്‍ഫ്രൂട്ട് കൃഷിയിലേക്ക് തിരിഞ്ഞിരിക്കുന്നത്.

പ്രളയത്തില്‍ പാടേതകര്‍ന്ന കാര്‍ഷിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് പകര്‍ന്നുനല്‍കുന്നതാണ് ഏറ്റവുംകുറഞ്ഞചിലവില്‍ തികച്ചും ജൈവമായ പരിപാലനത്തിലൂടെ ലാഭകരമായി മുമ്പോട്ടു കൊണ്ടുപോകാന്‍ കഴിയുന്ന പാഷന്‍ഫ്രൂട്ട് കൃഷി. വിനോദസഞ്ചാര മേഖലയായ ഇടുക്കിയിലേക്കെത്തുന്ന സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട പഴവര്‍ഗങ്ങളില്‍ ഒന്നാണ് പാഷന്‍ഫ്രൂട്ട്. അതുകൊണ്ടുതന്നെ ഇന്ന് വിപണിയില്‍ ഇതിന് ആവശ്യക്കാരും ഏറെയാണ്.

കിലോയ്ക്ക് 60 മുതല്‍ 90 രൂപവരെയാണ് പാഷന്‍ഫ്രൂട്ടിന്റെ ഇപ്പോഴുള്ള വില. മറ്റു കൃഷിയെ അപേക്ഷിച്ച് പരിപാലനവും ചിലവും വളരെ കുറവുമാണ്. കര്‍ഷകര്‍ക്ക് സഹായകരമാകുന്ന തരത്തില്‍ സബ്‌സിഡിയും ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കൃഷിവകുപ്പുവഴി നല്‍കുന്നുണ്ട്. രാജാക്കാട് പഞ്ചായത്തില്‍ നിരവധി കര്‍ഷകരാണ് നിലവില്‍ പാഷന്‍ഫ്രൂട്ട് കൃഷിയിലേക്കു തിരിഞ്ഞിരിക്കുന്നത്. രാസവളങ്ങള്‍ക്കും കീടനാശിനികള്‍ക്കും അമിതമായ വിലവര്‍ധനവുണ്ടായ സാഹചര്യത്തില്‍ ഇവയൊന്നുമില്ലാതെ ജൈവരീതിയില്‍ മികച്ച നേട്ടം കൈവരിക്കാമെന്നുള്ളതുകൊണ്ടാണ് പാഷന്‍ ഫ്രൂട്ട് കൃഷിയിലേക്കു തിരിഞ്ഞതെന്ന് കര്‍ഷകനായ കള്ളിമാലി മധുരമറ്റത്തില്‍ സദാശിവന്‍ പറയുന്നു.

ഒരേക്കറോളംവരുന്ന സ്ഥലത്താണ് സദാശിവന്‍ പാഷന്‍ഫ്രൂട്ട് കൃഷി ഇറക്കിയിരിക്കുന്നത്. വിളവെടുപ്പ് ആരംഭിച്ചാല്‍ ആഴ്ചയില്‍ അഞ്ഞൂറ് കിലോയോളം വിപണിയില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് ഇദ്ദേഹത്തിന്റെ പ്രതീക്ഷ. മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ക്ക് വന്‍ ഡിമാന്റുള്ളതിനാല്‍ കൃഷിക്കു വലിയ സാധ്യതയുണ്ടെന്നാണ് സദാശിവന്റെ കണക്കുകൂട്ടല്‍.

Related posts