പാട്ടുപാടിയും വൈറൽ കണ്ടന്റുകൾ സൃഷ്ടിച്ചും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ് പയ്യന്നൂർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറായ പി.പി. രാഹുൽ. കണ്ണൂർക്കാരനായ രാഹുൽ സിനിമതാരം അഖില ഭാർഗവന്റെ ഭർത്താവാണ്.
ടിക് ടോക്കിലൂടെ അഭിനയ മോഹം വളർത്തിയെടുത്ത താരവും ഭാര്യയും വിവാഹത്തിന് ശേഷം എആർ റീൽസ് എന്ന പേരിൽ ഇൻസ്റ്റഗ്രം അക്കൗണ്ട് തുടങ്ങുകയായിരുന്നു. അഭിനയത്തോട് കൂടുതൽ താത്പര്യമുള്ള ഇരുവരും ചേർന്ന് റീലുകൾ ചെയ്ത് അക്കൗണ്ടിൽ പോസ്റ്റ് ചെയ്താണ് കാണികളെ കൈയിലെടുത്തത്.
സമൂഹമാധ്യമങ്ങളിൽ താരമായ രാഹുൽ “പീപീ’എന്ന പേരിലാണ് അറിയപ്പെടുന്നത്. തന്റേതായ രീതിയിൽ സിനിമാ സീനുകളും ട്രെൻഡിംഗ് പാട്ടുകൾക്ക് ലിപ്സിംഗും നൽകിയുമാണ് കണ്ടന്റുകളുടെ തുടക്കം. നിലവിൽ ഇൻസ്റ്റഗ്രാമിൽ 150 കെ ഫോളോവേഴ്സുള്ള താരമാണ് രാഹുൽ. തുടക്കത്തിൽ സിനിമാ രംഗങ്ങൾ അഭിനയിച്ച് തുടങ്ങിയ രാഹുൽ പിന്നീട് തന്റെ ജോലിയെയും കണ്ടന്റാക്കി മാറ്റി. അതാണ് കൂടുതൽ ജനശ്രദ്ധ നേടിയത്.
ജനങ്ങൾക്ക് ബോധവത്കരണം നൽകുന്ന വിധത്തിൽ തന്റെ ജോലി സംബന്ധമായ വിവരങ്ങൾ സഹപ്രവർത്തകരെ കൂടെക്കൂട്ടി ഇൻസ്റ്റഗ്രാം റീൽ ആക്കിമാറ്റുകയായിരുന്നു. എല്ലാ കണ്ടന്റുകളും ലക്ഷക്കണക്കിന് ആളുകളിലേക്കാണ് എത്തുന്നത്. പോസിറ്റീവായ ആയിരക്കണക്കിന് കമന്റുകളാണ് ഓരോ പോസ്റ്റിന് താഴെയും പിപിയെ തേടിയെത്തുന്നത്. എന്നാൽ, കണ്ടന്റുകൾക്ക് പുറമേ പാട്ടുപാടി പോസ്റ്റ് ചെയ്താണിപ്പോൾ വൈറലായിരിക്കുന്നത്. ഓരോ സമയത്തും ട്രെൻഡുകൾ മാറ്റിപിടിച്ചാണ് രാഹുൽ സമൂഹമാധ്യമത്തിൽ വൈറലായിരിക്കുന്നത്.
പാട്ടിലേക്കുള്ള കടന്നുവരവ്
പാട്ട് പഠിച്ചില്ലെങ്കിലും പണ്ടുമുതൽക്കേ പാട്ടു പാടുമായിരുന്നു. വലിയ പാട്ടുകാരനല്ലെങ്കിലും പാട്ടുപാടാൻ ഇഷ്ടമാണ്. എന്നാൽ, പെട്ടന്ന് ജോലിത്തിരക്കുകൾ കാരണം പാട്ടിൽ ശ്രദ്ധ നൽകാൻ സാധിച്ചില്ല. പിന്നീടാണ് പാടി തുടങ്ങണമെന്ന ആഗ്രഹം തോന്നിയത്. അങ്ങനെ റീൽസ് ചെയ്യുന്നതിനൊപ്പം പാട്ടുകൾ കൂടി അവതരിപ്പിക്കാമെന്ന് വിചാരിച്ചാണ് പതിയെ പാട്ടുകൾ പാടി പോസ്റ്റ് ചെയ്തത്. അത് സമൂഹമാധ്യമം ഏറ്റെടുത്തതോടെ പാട്ടിൽ സജീവമാകുകയായിരുന്നു.
കണ്ടന്റുകൾ വൈറലാകുമെന്ന് പ്രതീക്ഷിച്ചിരുന്നോ
ഓരോ വീഡിയോ ചെയ്യുമ്പോഴും പാട്ടായാലും മറ്റു കണ്ടന്റുകളായാലും ചെയ്യുന്ന സമയത്ത് ആൾക്കാർ കാണണമെന്ന ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, അത് ഇത്രത്തോളം വൈറലാകുമെന്നോ ഇത്രയും ആൾക്കാരറിയുന്ന കണ്ടന്റായി മാറുമെന്നോ പ്രതീക്ഷിച്ചിരുന്നില്ല.
അതുകൊണ്ടുതന്നെ വളരെ സന്തോഷമുണ്ട്. ആളുകൾക്ക് കണ്ടന്റുകൾ ഇഷ്ടപ്പെട്ടതോടുകൂടി എന്റെ ഉത്തരവാദിത്തങ്ങളും കൂടിയിട്ടുണ്ട്. ഇഷ്ടപ്പെടുന്ന ആളുകൾക്ക് വേണ്ടി ഇനിയും നല്ല രീതിയിലുള്ള കണ്ടന്റുകൾ തയാറാക്കാൻ ശ്രമിക്കണം. അതിനുവേണ്ടിയുള്ള കാര്യങ്ങളാണ് ഇപ്പോൾ ചെയ്യുന്നത്. അതിനായി ജോലിത്തിരക്കിലും സമയം കണ്ടെത്താനായി ശ്രമിക്കുന്നുണ്ട്.
അഗ്നിരക്ഷാ സേനയുമായി ബന്ധപ്പെട്ട റീലുകൾ
ഫയർഫോഴ്സുമായി ബന്ധപ്പെട്ട ബോധവത്കരണ റീൽസുകളാണ് ആദ്യം ചെയ്തു തുടങ്ങിയത്. എങ്ങനെയാണ് ഫയർ എക്സ്റ്റിംഗ്ക്യുഷർ ഉപയോഗിക്കുന്നതെന്ന് ആദ്യം ചെയ്തു. ഹസ്ക്കി ഡാൻസ് ട്രെൻഡായ സമയമായിരുന്നു അത്.
എല്ലാ ആൾക്കാരും റീൽ ചെയ്തിടുന്നത് കണ്ടപ്പോൾ ഓഫീസിലെ സാറിനോട് എന്റെ മനസിലുള്ള ഐഡിയയെക്കുറിച്ച് പറയുകയായിരുന്നു. സാർ ഓക്കെ പറഞ്ഞപ്പോൾ തന്നെ സഹ പ്രവർത്തകർ എല്ലാവരും മുന്നോട്ടു വരികയായിരുന്നു. വീഡിയോ പെട്ടന്ന് ചെയ്ത് പോസ്റ്റ് ചെയ്തപ്പോൾ 16 മില്യൺ വ്യൂസ് ലഭിച്ചു. അതിനു ശേഷമാണ് ഇൻസ്റ്റഗ്രാമിൽ ട്രെൻഡാകുന്ന പാട്ടുകൾ ഉപയോഗിച്ച് ജനങ്ങൾക്ക് ഉപകാര പ്രദമാകുന്ന തരത്തിലുള്ള വീഡിയോകൾ ചെയ്യാൻ തീരുമാനിച്ചത്. ഇതുവരെയായി ചെയ്ത വീഡിയോകളെല്ലാം വൈറലായിട്ടുണ്ട്. ഇനിയും ഇത്തരത്തിലുള്ള കണ്ടന്റുകൾ തയാറാക്കാനുള്ള പരിശ്രമത്തിലാണ്.
തിരക്കേറിയ ജോലിക്കിടയിൽ വൈറൽ കണ്ടന്റുകൾ
ജോലിക്കിടയിൽ വീഡിയോ ചെയ്യാനായി സമയം ലഭിക്കാറുണ്ട്. എല്ലാവർക്കും ഒരു ദിവസം 24 മണിക്കൂർ കിട്ടുന്നുണ്ട്. ആ 24 മണിക്കൂർ നമ്മൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ് കാര്യം. നമ്മൾക്ക് ഇഷ്ടപ്പെട്ട മറ്റു കാര്യങ്ങൾക്ക്കൂടി സമയം മാറ്റിവച്ചാൽ എല്ലാം ചെയ്യാൻ പറ്റും.
നമ്മളിൽ പലരും ചെയ്യാത്തത് അതാണ്. നമ്മൾക്ക് സമയമില്ലായെന്ന് പറഞ്ഞ് ഒന്നിൽ തന്നെ കുടുങ്ങിക്കിടക്കുന്നു. നമ്മൾക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾക്ക് വേണ്ടി പരിശ്രമിച്ചാൽ അതിന് ഫലമുണ്ടാകും. എന്റെ കാര്യത്തിൽ ഞാൻ ഫ്രീ ടൈം കണ്ടെത്തി അടുത്ത കണ്ടന്റിന് വേണ്ട ഐഡികൾ തയാറാക്കി വയ്ക്കും. അതിനനുസരിച്ച് വീഡിയോ തയാറാക്കും.
ഫാമിലി സപ്പോർട്ട്
കുടുംബത്തിന്റെയും പിന്തുണ നല്ല രീതിയിൽ ലഭിക്കുന്നുണ്ട്. അച്ചനും അമ്മയും ചേച്ചിയും ഭാര്യയുമടങ്ങുന്നതാണ് കുടുംബം. ഞാനും ഭാര്യ അഖിലയും സുഹൃത്തുക്കൾ പോലെയാണ്. പരസ്പരം എല്ലാ കാര്യങ്ങളും സംസാരിച്ച് ഒരുമിച്ച് വളരാൻ ആഗ്രഹിക്കുന്നവരാണ്.
എന്റെ വളർച്ചയിൽ അവൾക്കും അവളുടെ നളർച്ചയിൽ എനിക്കും ഒരുപാട് സന്തോഷമുണ്ട്. ഇനിയും ഒരുപാട് ഉയർച്ചയിലേക്ക് പോകാനുണ്ട് രണ്ടാൾക്കും. അതിനു വേണ്ടിയുള്ള പരിശ്രമത്തിലാണ്. എല്ലാം നടക്കുമെന്ന പ്രതീക്ഷയുണ്ട്.
സിനിമയിൽ
സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. പ്രേമലു എന്ന സിനിമയിൽ ഞാനും ഭാര്യയോടൊപ്പം അഭിനയിച്ചിട്ടുണ്ട്. സിനിമയിലേക്ക് പോകാൻ താത്പര്യമുണ്ട്. അതിനായി സിനിമ രംഗത്തെ ആളുകളെ കോൺടാക്റ്റ് ചെയ്യാറുണ്ട്. ഓഡീഷനുകൾക്ക് പോകാറുണ്ട്. ഇപ്പോഴാണ് അഭിനയരംഗത്തേക്ക് വരാൻ കൂടുതൽ പരിശ്രമിക്കുന്നത്. ആഗ്രഹം സഫലമാകുമെന്ന് പ്രതീക്ഷിക്കുന്നു.
സഹ പ്രവർത്തകരുടെ പിന്തുണ
സഹപ്രവർത്തകരെല്ലാവരും നല്ല സപ്പോർട്ടാണ്. പ്രത്യേകിച്ച് പയ്യന്നൂർ സ്റ്റേഷനെ സംബന്ധിച്ചിടത്തോളം ധാരാളം കലാകാരൻമാരുള്ള സ്റ്റേഷൻ കൂടിയാണ്. അതുകൊണ്ട് പെട്ടന്നൊരു കണ്ടന്റ് കിട്ടികഴിഞ്ഞാൽ അപ്പോൾതന്നെ ചെയ്യാൻ മുന്നോട്ടു വരുന്ന സാഹചര്യമാണ് ഉണ്ടാകാറ്. അത് വലിയൊരു കാര്യമായി കാണുന്നു. അവരുടെ സപ്പോർട്ട് തീർച്ചയായിട്ടും എന്റെ വളർച്ചയ്ക്ക് കാരണമായിട്ടുണ്ട്.
