തിരുവനന്തപുരം: പേരാമ്പ്ര മണ്ഡലത്തിലെ സ്ട്രോംഗ് റൂം തുറന്ന സംഭവത്തില്‍ ഇന്നുതന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്കി. ഏത് സാഹചര്യത്തിലായാലും മുറി തുറന്നതു ഗൗരവതരമായ വിഷയമാണെന്നും തുടര്‍നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സ്ട്രോംഗ് റൂം തുറന്നതിനെതിരെ യുഡിഎഫ് പരാതി നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സ്ട്രോംഗ് റൂം തുറന്നതെന്നായിരുന്നു യുഡിഎഫിന്റെ ആരോപണം. എന്നാല്‍ സ്ട്രോംഗ് റൂമിന് സമീപമുള്ള റിസര്‍വ് റൂമാണ് തുറന്നതെന്നായിരുന്നു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്.
വോട്ടെടുപ്പുമായി ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ് മുറിയില്‍ വച്ച് മറന്നതിനാല്‍ അത് എടുക്കാനാണ് സ്ഥാനാര്‍ഥികളെയും ഏജന്റുമാരെയും അറിയിച്ച് അവരുടെ സാന്നിധ്യത്തില്‍ മുറി തുറന്നതെന്നായിരുന്നു റിട്ടേണിംഗ് ഓഫീസര്‍ വിശദീകരിച്ചത്. തന്നെ അറിയിച്ചിരുന്നുവെന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയും വ്യക്തമാക്കിയിരുന്നു.
