വാഷിംഗ്ടൺ: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിനായുള്ള ഉഭയകക്ഷി വ്യാപാര കരാറിന്റെ ചർച്ചയ്ക്കായി ഇന്ത്യൻ പ്രതിനിധി സംഘം വാഷിംഗ്ടണിലെത്തി. അമേരിക്കൻ സുപ്രീം കോടതി ട്രംപ് ഭരണകൂടത്തിന്റെ വിപുലമായ താരിഫ് നയങ്ങൾക്കെതിരേ വിധി പുറപ്പെടുവിച്ച പശ്ചാത്തലത്തിൽ, നിലവിലെ സാഹചര്യങ്ങൾക്കനുസരിച്ച് കരാറിൽ മാറ്റങ്ങൾ വരുത്താനാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്.
വാണിജ്യ വകുപ്പ് അഡീഷണൽ സെക്രട്ടറി ദർപൺ ജെയിനിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണു മൂന്നു ദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിലെത്തിയത്. കരാറിന് അന്തിമരൂപം നൽകുന്നതിനായുള്ള സാങ്കേതികവും നയപരവുമായ ചർച്ചകൾ സന്ദർശനത്തിൽ നടക്കും. ഇന്ത്യൻ സംഘത്തിന്റെ വരവിനെ യുഎസ് അംബാസഡർ സെർജിയോ ഗോർ സ്വാഗതം ചെയ്തു.
“ഇന്ത്യൻ വ്യാപാര പ്രതിനിധി സംഘം വാഷിംഗ്ടണിലെത്തുന്നത് ഇരുരാജ്യങ്ങൾക്കും ഗുണകരമായ വ്യാപാര കരാറിന് അന്തിമരൂപം നൽകാനുള്ള വലിയ ചുവടുവയ്പാണ്’ – ഗോർ എക്സിൽ കുറിച്ചു.
2030-ഓടെ ഉഭയകക്ഷി വ്യാപാരം 500 ബില്യൺ ഡോളറിലേക്ക് എത്തിക്കുകയാണ് ഇരുരാജ്യങ്ങളുടെയും ലക്ഷ്യം. നേരത്തെയുള്ള ധാരണ പ്രകാരം, ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതി നികുതി 50 ശതമാനത്തിൽനിന്ന് 18 ശതമാനമായി കുറയ്ക്കാൻ അമേരിക്ക സമ്മതിച്ചിരുന്നു.
റഷ്യൻ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യക്കുമേൽ ചുമത്തിയിരുന്ന 25 ശതമാനം അധിക നികുതി നേരത്തെ ഒഴിവാക്കിയിരുന്നു. ബാക്കിയുള്ള 25 ശതമാനത്തിൽനിന്നാണ് നികുതി 18 ശതമാനത്തിലേക്കു കുറയ്ക്കാൻ തീരുമാനിച്ചിരുന്നത്.
1977-ലെ ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട് പ്രകാരം പ്രസിഡന്റ് ട്രംപ് ഏർപ്പെടുത്തിയ കടുത്ത നികുതി വർധനവിനെതിരേ ഫെബ്രുവരി 20-ന് യുഎസ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചു. ഇതു കരാർ ചർച്ചകളിൽ പുതിയ വഴിത്തിരിവുണ്ടാക്കി.
അമേരിക്കൻ വിപണിയിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്കു മുൻഗണന ഉറപ്പാക്കുക എന്നതാണു ചർച്ചയിലെ ഇന്ത്യയുടെ പ്രധാന ആവശ്യം. മാറുന്ന അമേരിക്കൻ വ്യാപാര നയങ്ങൾക്കനുസരിച്ചു വിവിധ രാജ്യങ്ങൾ തങ്ങളുടെ കരാറുകൾ പരിഷ്കരിക്കാനുള്ള ശ്രമത്തിലാണ്. ഈ സാഹചര്യത്തിൽ അമേരിക്കയുമായുള്ള പുതിയ ധാരണ ആഗോളവിപണിയിൽ ഇന്ത്യക്കു ഗുണകരമാകും.
