മാഹി: രണ്ട് വർഷമായി മാറ്റമില്ലാതെ തുടരുന്ന ഇന്ധന വില വർധിച്ചു. പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ ക്രൂഡ് ഓയിൽ വില ഉയർന്നതോടെയാണ് വർധനവ്. പെട്രോളിന് കണ്ണൂരിൽ ലിറ്ററിന് 3.44 രൂപയും, ഡീസലിന് 3.33 രൂപയുമാണ് വർധിച്ചത്.
പെട്രോൾ 105.78 രൂപയുള്ളത് ലിറ്ററിന് 109. 22 രൂപയായി വർധിച്ചു. ഡീസൽ 94.78 രൂപയുള്ളത് 98.11 രൂപയായും വർധിച്ചു. മാഹിയിൽ പെട്രോൾ വില 93.93 എന്നത് ലിറ്ററിന് 96.89 രൂപയായും ഡീസൽ 83.91 ൽ നിന്ന് 86.78 ആയും ഉയർന്നു.
2022 മെയ് മാസത്തിൽ ഇന്ധനത്തിന് റിക്കാർഡ് വിലയായപ്പോൾ കേന്ദ്ര സർക്കാർ ഇന്ധനത്തിന്റെ എക്സൈസ് തീരുവ കുറച്ച് വിലക്കയറ്റം പിടിച്ചു നിറുത്തിയിരുന്നു. പെട്രോൾ 10 രൂപയും ഡീസൽ 7. 50 രൂപയും കുറച്ചു. പിന്നീട് ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ഇന്ധന വില ലിറ്ററിന് രണ്ട് രൂപ വീണ്ടും കുറച്ചിരുന്നു.
വിൽപ്പന നികുതി കുറവായതിനാൽ മാഹിയിൽ ഇന്ധന വില പെട്രോളിന് 2.96 രൂപയും ഡീസൽ 2.87 രൂപയുമാണ് വർധിച്ചത്. 2024 അവസാനത്തിൽ പുതുച്ചേരി സർക്കാർ രണ്ട് രൂപ വിൽപ്പന നികുതി മാഹിയുൾപ്പെടെ പുതുച്ചേരി സംസ്ഥാനത്ത് വർധിപ്പിച്ചിരുന്നു.
കേരളവുമായി ഇന്ധന വില ലിറ്ററിന് 14 രൂപയോളം കുറവുണ്ടായിരുന്നത് പുതുച്ചേരിയിൽ വിൽപ്പന നികുതി കുട്ടിയപ്പോൾ കേരളവുമായി വിലയിലെ അന്തരം ലിറ്ററിന് 12 രൂപയുടെ വ്യത്യാസമായി.
