ഒരു വര്‍ഷം വെറുതെ കളയേണ്ടെന്ന് കരുതിയാണ് നെയ്ത്ത് ശാലയില്‍ പണിയെടുക്കാന്‍ പോയത്; നന്നായി നെയ്ത്തുകൂലിയും വാങ്ങി; കുട്ടിക്കാലത്തെ കഷ്ടപ്പാടുകള്‍ വിദ്യാര്‍ത്ഥികളുമായി പങ്കുവച്ച് മുഖ്യമന്ത്രി

ഇരട്ട ചങ്കന്‍ എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയപ്പെടുന്നത്. ശത്രുക്കളുടെ ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ താന്‍ നടന്നിട്ടുള്ള കഥ അദ്ദേഹം തന്നെ പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ ഇന്ന് മുഖ്യമന്ത്രിയും വലിയ നേതാവുമൊക്കെയായെങ്കിലും ചെറുപ്പത്തില്‍ സാധാരണക്കാരില്‍ സാധാരണക്കാരനായിരുന്നു താനെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

കൈത്തറി തുണി നെയ്ത് കൂലി വാങ്ങിയ ആളാണ് താനെന്നാണ് പിണറായി വെളിപ്പെടുത്തിയത്. പാഠപുസ്തകത്തിന്റേയും സൗജന്യ കൈത്തറി യൂണിഫോമിന്റേയും വിതരണം മണക്കാട് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ ഈ വെളിപ്പെടുത്തല്‍. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ…

എസ്.എസ്.എല്‍.സി കഴിഞ്ഞ സമയത്തായിരുന്നു നെയ്ത്ത് ശാലയില്‍ പണിയെടുക്കാന്‍ പോയത്. പത്താം ക്ലാസ് കഴിഞ്ഞ് കോളജിലേക്ക് അപേക്ഷിക്കാന്‍ താമസിച്ചു. ഒരു വര്‍ഷം വെറുതെ കളയേണ്ടെന്ന് കരുതിയാണ് കൈത്തറി ശാലയില്‍ പോയത്.

ചുരുങ്ങിയ ദിവസത്തിനുള്ളില്‍ പഠിച്ചെടുക്കാവുന്ന തൊഴിലാണ് നെയ്ത്ത്. വീടിനു സമീപത്തെ നെയ്ത്തു ശാലയിലാണ് പോയത്. നന്നായി നെയ്ത്തു കൂലിയും വാങ്ങി. മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയില്‍ ഇത് ഉണര്‍വിന്റെ കാലമാണെന്നും എല്ലാ വിദ്യാര്‍ത്ഥികളെയും പഠനത്തിന് സഹായിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related posts