വാഷിംഗ്ടൺ ഡിസി: സൈബീരിയയിലെ പ്ലേഗ് ഗവേഷണ കേന്ദ്രത്തിലെ 28കാരിയായ ജീവനക്കാരിയുടെ മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിടണമെന്ന് റഷ്യയോട് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ആവശ്യപ്പെട്ടു. സംഭവത്തിൽ അന്താരാഷ്ട്ര തലത്തിൽ ആശങ്കകളും ഊഹാപോഹങ്ങളും ശക്തമായ സാഹചര്യത്തിലാണ് യുഎസിന്റെ പ്രതികരണം.
“ലോകത്തിന് മുന്നിൽ കൂടുതൽ കാര്യങ്ങൾ റഷ്യ തുറന്നുപറയേണ്ടതുണ്ട്. ഓരോ മണിക്കൂറിലും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്,” ഐസ്ലൻഡ് സന്ദർശനത്തിനിടെ മാധ്യമപ്രവർത്തകരോട് റൂബിയോ പറഞ്ഞു.
യുവതിയുടെ മരണകാരണം സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും ഇവരുമായി സമ്പർക്കത്തിലായ ആർക്കും ന്യൂമോണിക് പ്ലേഗ് സ്ഥിരീകരിച്ചിട്ടില്ലെന്നും റഷ്യൻ ഉദ്യോഗസ്ഥർ അറിയിച്ചു. സൈബീരിയയിലെ ഇർകുട്സ്ക് മേഖലയിൽ ഗവേഷകയുടെ മരണത്തെ തുടർന്ന് നിരവധി പേരെ നിരീക്ഷണത്തിലാക്കിയതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഗവേഷണത്തിനിടെ രോഗാണു അടങ്ങിയ ടെസ്റ്റ് ട്യൂബ് അബദ്ധത്തിൽ പൊട്ടിയതിനെ തുടർന്നോ, വന്യജീവികളിൽ പ്ലേഗ് രോഗം കാണപ്പെടുന്ന പ്രദേശത്തെ ഫീൽഡ് സന്ദർശനത്തിനുശേഷമോ ആയിരിക്കാം ഇവർക്ക് രോഗബാധയുണ്ടായതെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
എന്നാൽ ഈ റിപ്പോർട്ടുകൾ റഷ്യൻ അധികൃതർ നിഷേധിച്ചു. വ്യക്തമായ കാരണം കണ്ടെത്താനാകാത്ത ന്യൂമോണിയയെ തുടർന്നാണ് ജീവനക്കാരി മരിച്ചതെന്നാണ് റഷ്യൻ ആരോഗ്യ ഏജൻസിയായ ‘റോസ്പോട്രെബ്നാഡ്സോർ’ വ്യക്തമാക്കിയത്.
ലോകാരോഗ്യ സംഘടനയ്ക്ക് നൽകിയ ഔദ്യോഗിക വിശദീകരണത്തിൽ, ഇർകുട്സ്ക് നഗരത്തിൽ ഇത്തരം അപകടകരമായ രോഗങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും റഷ്യ അറിയിച്ചു. രോഗിയുമായി സമ്പർക്കത്തിലായവരെ കണ്ടെത്തി നിരീക്ഷിച്ചുവരികയാണെന്നും ഇതുവരെ ആർക്കും രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ലെന്നും ലോകാരോഗ്യ സംഘടനാ വക്താവ് ക്രിസ്റ്റ്യൻ ലിൻഡ്മെയർ പറഞ്ഞു.
സ്ഥിതിഗതികൾ സങ്കീർണമാകുന്ന സാഹചര്യമുണ്ടായാൽ റഷ്യയെ സഹായിക്കാൻ യുഎസ് തയ്യാറാണെന്നും റൂബിയോ വ്യക്തമാക്കി. അതേസമയം, അമേരിക്കയിലെ പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ റഷ്യയ്ക്കും സഹായിക്കാമെന്ന പരിഹാസരൂപത്തിലുള്ള മറുപടിയാണ് റഷ്യ നൽകിയത്.
വിഷയം ഗൗരവമായി നിരീക്ഷിച്ചുവരികയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വ്യക്തമാക്കി. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും സമയബന്ധിതമായി ആന്റിബയോട്ടിക് ചികിത്സ ലഭിച്ചാൽ പ്ലേഗ് പൂർണമായും ഭേദമാക്കാൻ കഴിയുമെന്നും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
