ഞാനൊരു കൊലപാതകി ആകാന്‍ കാരണം മാതാപിതാക്കള്‍; ആദ്യം ചിന്തിച്ചത് വിഷം നല്‍കി കൊലപ്പെടുത്താന്‍ ;ഞെട്ടിക്കുന്ന തുറന്നു പറച്ചിലുമായി അറസ്റ്റിലായ പ്ലസ് വണ്‍ വിദ്യാര്‍ഥി

ഗുഡ്ഗാവ്: റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ഥി പ്രദ്യുമ്‌നനെ കൊല്ലാനുള്ള തീരുമാനം ആലോചിച്ചെടുത്തതെന്ന് അറസ്റ്റിലായ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ വെളിപ്പെടുത്തല്‍. ചോദ്യം ചെയ്യലിന് ഇനിയും വിധേയമാകേണ്ടതില്ലെന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പാകെ സിബിഐ അറിയിച്ചതിനെ തുടര്‍ന്ന് കുട്ടിയെ ഈ മാസം 22 വരെ ഒബ്സര്‍വേഷന്‍ ഹോമിലേയ്ക്ക് മാറ്റി. മാതാപിതാക്കള്‍ തമ്മിലുള്ള വഴക്കുകളും വീട്ടിലെ സമാധാനമില്ലായ്മയുമാണ് പഠനത്തിലുള്ള തന്റെ താത്പര്യം കുറച്ചതെന്നും, ഇത്തരത്തില്‍ പഠനത്തില്‍ പിന്നോട്ടായതാണ് ഇത്തരമൊരു കൊലപാതകത്തിലേയ്ക്ക് തന്നെ നയിച്ചതെന്നും വിദ്യാര്‍ത്ഥി അന്വേഷണസംഘത്തോട് പറഞ്ഞു.

വിഷം നല്‍കി കൊലപ്പെടുത്താനായിരുന്നു ആദ്യം ഉദ്ദേശിച്ചതെന്ന് ചോദ്യം ചെയ്യലിനിടെ പ്ലസ്വണ്‍ വിദ്യാര്‍ത്ഥി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. പിന്നീടാണ് കത്തി ഉപയോഗിക്കാന്‍ തീരുമാനിച്ചത്. കൃത്യം നടക്കുന്ന അന്ന് രാവിലെ സ്‌കൂളില്‍ എത്തിയപ്പോഴും ഇതൊക്കെ വേണോ എന്ന് ചിന്തിച്ചിരുന്നു. സംഭവത്തിന് തൊട്ടു മുന്‍പ് സ്‌കൂള്‍ വരാന്തയില്‍ പ്രദ്യുമ്നനെ കണ്ട് സംസാരിച്ചപ്പോഴും താന്‍ ആശയക്കുഴപ്പത്തിലായിരുന്നുവെന്നും വിദ്യാര്‍ത്ഥി മൊഴി നല്‍കി. സഹായത്തിനെന്ന പേരില്‍ സ്‌കൂളിലെ ശൗചാലയത്തിലേയ്ക്ക് വിളിച്ചു വരുത്തിയാണ് കൊല നടപ്പാക്കിയത്.കത്തികൊണ്ട് തന്നെ ഒരാള്‍ മുറിവേല്‍പ്പിച്ചാല്‍ എത്രമാത്രം വേദനിക്കുമെന്നും തന്റെ ഇളയ സഹോദരനോട് ആരങ്കിലും ഇങ്ങനെ ചെയ്താല്‍ സഹിക്കാനാകുമോ എന്നുമൊക്കെ ചിന്തിച്ചിരുന്നതായും വിദ്യാര്‍ത്ഥി പറഞ്ഞതായി അന്വേഷണസംഘം അറിയിച്ചു. മനസ് ചാഞ്ചാടുമ്പോഴും പരീക്ഷയും രക്ഷകര്‍ത്തൃയോഗവും എങ്ങനെയും മാറ്റിവയ്പ്പിക്കണമെന്ന ചിന്ത തന്നെ അലട്ടിയിരുന്നെന്നും ഇതോടെയാണ് കുട്ടിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും വിദ്യാര്‍ഥി പറയുന്നു.

Related posts