എന്തുകൊണ്ട് പോലീസുകാര്‍ ‘ഉമ്മന്‍ ചാണ്ടി’യെ മാത്രം പൊക്കിമാറ്റി ? പുറത്തു വന്ന ദൃശ്യങ്ങള്‍ വിവാദമാകുന്നു…

മലയിന്‍കീഴ്:ഭരണം പോയപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ വിലയും പോയോ ? മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സ്വാഗതം ചെയ്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മലയിന്‍കീഴ് ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന ഫഌക്‌സ് ബോര്‍ഡുകള്‍ പോലീസ് രാത്രിയില്‍ അഴിച്ചുമാറ്റി. ഫഌക്‌സ് ബോര്‍ഡുകള്‍ ജീപ്പില്‍ കയറ്റിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ഇതിനോടകം വിവാദമായിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് കുരുവിന്‍മുകള്‍ യൂണിറ്റും കോണ്‍ഗ്രസ് മണപ്പുറം വാര്‍ഡ് കമ്മിറ്റിയും ചേര്‍ന്നു പ്രദേശവാസിയായ അശോകനു നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം നിര്‍വഹിക്കാന്‍ ശനിയാഴ്ച എത്തുന്ന ഉമ്മന്‍ചാണ്ടിക്കു സ്വാഗതമേകി വച്ചിരുന്ന ബോര്‍ഡുകളാണു പോലീസുകാര്‍ പൊക്കിയത്.

ഫഌക്‌സ് സ്ഥാപിച്ച സ്ഥലത്തിനു സമീപത്തു വ്യാപാരി വ്യവസായി ഏകോപനസമിതി സ്ഥാപിച്ചിരുന്ന സിസിടിവി പരിശോധിച്ചപ്പോഴാണു പൊലീസുകാരുടെ നടപടി പുറത്തുവന്നത്. ഇന്നലെ പുലര്‍ച്ചെ 2.49നു മലയിന്‍കീഴ് പൊലീസ് ജീപ്പ് ബോര്‍ഡ് വച്ചിരുന്ന ഹൈമാസ്റ്റ് ലൈറ്റിന്റെ ചുവട്ടില്‍ നിര്‍ത്തുന്നതും ഒരു ഹോംഗാര്‍ഡും പൊലീസുകാരും ഇറങ്ങി ഫ്‌ളക്‌സ് വലിച്ചിളക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. മൂന്നു ബോര്‍ഡുകളും ശക്തിയായി ഇളക്കിയെടുക്കുകയും ചവിട്ടുകയും ചെയ്യുന്നുണ്ട്. തുടര്‍ന്നു ജീപ്പിനു മുകളില്‍ കയറ്റിവച്ചു കൊണ്ടുപോകുന്നതും കാണാം.

ജംക്ഷനിലെ മറ്റു ബോര്‍ഡുകളോ കൊടികളോ എടുക്കാതെ ഒരു മുന്നറിയിപ്പുമില്ലാതെ രാത്രിയുടെ മറവില്‍ കോണ്‍ഗ്രസിന്റെ ഫഌക്‌സ് ബോര്‍ഡുകള്‍ മാത്രം നീക്കംചെയ്തതില്‍ ദുരൂഹതയുണ്ടെന്നു നേതാക്കള്‍ പറഞ്ഞു. ഫ്‌ളക്‌സ് കാണാനില്ലെന്ന പരാതിയുമായി സ്റ്റേഷനിലെത്തിയ പ്രവര്‍ത്തകരോട് അന്വേഷിക്കാമെന്നാണ് ആദ്യം പൊലീസ് അറിയിച്ചതെന്നു യൂത്ത്‌കോണ്‍ഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് എന്‍.ഷാജി പറഞ്ഞു.

എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് മലയിന്‍കീഴ് എസ്‌ഐ എന്‍.സുരേഷ്‌കുമാര്‍ പറയുന്നത്. ാത്രാതടസ്സം സൃഷ്ടിച്ചു ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റില്‍ കെട്ടിവച്ചിരുന്ന ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ മാറ്റണമെന്നു കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചിരുന്നു. എന്നാല്‍ ഒരു നടപടിയും ഇവരുടെ ഭാഗത്തു നിന്നുമുണ്ടായില്ല. ഇതിനെത്തുടര്‍ന്നാണ് ബോര്‍ഡുകള്‍ പോലീസ് മാറ്റിയതെന്നും വരും ദിവസങ്ങളില്‍ ഇത് തുടരുമെന്നും എസ്‌ഐ വ്യക്തമാക്കി.

Related posts