തന്റെ കരിയറിലെ ഏറ്റവും കഠിനമേറിയ ഗാനങ്ങളിൽ ഒന്നായിരുന്നു ‘മോണിക്ക…’ എന്ന് തെന്നിന്ത്യൻ താരസുന്ദരി പൂജ ഹെഗ്ഡെ. തന്റെ സർവവും ആ പാട്ടിനു നൽകിയിട്ടുണ്ടെന്നും തിയറ്ററുകളിൽ പാട്ട് വിജയമാകുമെന്നും പൂജ ഹെഗ്ഡെ പറഞ്ഞു. കൂടെ ഡാൻസ് കളിച്ച നർത്തകർക്കും പൂജ നന്ദി അറിയിച്ചു. ‘മോണിക്ക…’ ഗാനത്തിന്റെ ബിടിഎസ് വിഡിയോയ്ക്ക് ഒപ്പമാണ് വികാരഭരിതമായ കുറിപ്പ് താരം പങ്കുവച്ചത്.
പൂജ ഹെഗ്ഡെയുടെ കുറിപ്പ്… മോണിക്കയോടു നിങ്ങൾ കാണിച്ച എല്ലാ സ്നേഹത്തിനും നന്ദി. എന്റെ കരിയറിലെ ഏറ്റവും കഠിനമേറിയതും ശാരീരിക അധ്വാനമുള്ളതുമായ ഗാനങ്ങളിൽ ഒന്നായിരുന്നു മോണിക്ക. കഠിനമായ ചൂട്, ഹ്യുമിഡിറ്റി, പൊടി, ചടുലമായ ചുവടുകൾ (പ്രത്യേകിച്ച് ലിഗമെന്റിനു പരിക്കേറ്റതിനുശേഷമുള്ള ആദ്യ ഹെക്ടിക് ഷൂട്ട്), എന്നിവയെല്ലാം മറികടന്ന് മോണിക്കയെ ഗ്ലാമറസായും ആയാസരഹിതമായും കാണിക്കുക എന്നതു വെല്ലുവിളിയായിരുന്നു. മോണിക്കയ്ക്കു ഞാൻ എന്റെ സർവവും നൽകി. തിയറ്ററുകളിൽ ഇതൊരു തരംഗമായിരിക്കുമെന്നു ഞാൻ ഉറപ്പുനൽകുന്നു.
ഈ ടാസ്കിൽ എനിക്കൊപ്പം നിൽക്കുകയും എനിക്ക് ഊർജം നൽകുകയും ചെയ്ത നർത്തകർക്കു പ്രത്യേക അഭിനന്ദനങ്ങൾ, പ്രത്യേകിച്ച് ഞാൻ ഉപവാസം അനുഷ്ഠിച്ചിരുന്ന മഹാശിവരാത്രിദിനത്തിൽ എന്നോടൊപ്പം നിന്നതിന്. നിങ്ങൾ എല്ലാവരും അടിപൊളിയാണ്. രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ‘കൂലി’ എന്ന ചിത്രത്തിലെ തകർപ്പൻഗാനമാണു ‘മോണിക്ക’.
പൂജയ്ക്കൊപ്പം മലയാളികളുടെ സ്വന്തം സൗബിൻ ഷാഹിറാണ് പാട്ടിൽ പ്രത്യക്ഷപ്പെടുന്നത്. പാട്ടിന്റെ ലിറിക്കൽ വിഡിയോ പുറത്തുവന്നതിനു പിന്നാലെ സൗബിന്റെ ഡാൻസിനെ അഭിനന്ദിച്ചു നിരവധി പേരാണ് എത്തിയത്. പൂജ ഹെഗ്ഡെയും സൗബിന്റെ ഡാൻസിനെ അഭിനന്ദിച്ചു രംഗത്തുവന്നിരുന്നു.