2014 ല്‍ ബിജെപിയ്ക്കായി തന്ത്രം മെനഞ്ഞയാള്‍ 2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഭാഗമാകില്ലെന്ന് റിപ്പോര്‍ട്ട്! ഇനി ജനങ്ങള്‍ക്കൊപ്പം നേരിട്ട് പ്രവര്‍ത്തിക്കാനാണ് താത്പര്യമെന്ന് പ്രശാന്ത് കിഷോര്‍

എല്ലാ മുന്നണികള്‍ക്കും ഒരു പോലെ പ്രിയങ്കരനായ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ 2019ല്‍ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ ഭാഗമാകില്ലെന്ന് റിപ്പോര്‍ട്ട്. അദ്ദേഹം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. താന്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്ന ഗുജറാത്തിലേക്കോ തന്റെ ജന്മദേശമായ ബിഹാറിലേക്കോ പോകുമെന്നും അടിസ്ഥാന വര്‍ഗക്കാരായ ജനങ്ങളോടൊപ്പം പ്രവര്‍ത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രശാന്ത് കിഷോറിന്റെ ആദ്യ പൊതു പരിപാടിയായ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസിന്റെ നേതൃയോഗത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയുടെ വിജയത്തിന്റെ തന്ത്രം മെനഞ്ഞത് പ്രശാന്ത് കിഷോര്‍ ആയിരുന്നു.

അതിനുശേഷം പിന്നീട് കോണ്‍ഗ്രസിനൊപ്പവും ജെ.ഡി.യുവിനൊപ്പവും പ്രവര്‍ത്തിച്ചു. നിതീഷ് കുമാറിന്റെ ചാണക്യനായാണ് മാധ്യമങ്ങള്‍ പ്രശാന്ത് കിഷോറിനെ വിശേഷിപ്പിച്ചിരുന്നത്. മഹാസഖ്യം വിട്ട് ജെ.ഡി.യു ബി.ജെ.പിയ്‌ക്കൊപ്പം ചേര്‍ന്നപ്പോഴും നിതീഷിനൊപ്പമായിരുന്നു പ്രശാന്ത് കിഷോര്‍.

പിന്നീട് 2017ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സഹായിച്ചു. എന്നാല്‍ അതില്‍ പരാജയപ്പെട്ടതോടെ മറ്റൊന്നും ഏറ്റെടുത്തിട്ടില്ലെന്നും നടപ്പാക്കാന്‍ സാധിക്കില്ലെന്ന് തോന്നുന്ന കാര്യത്തില്‍ ഇടപെടില്ലെന്ന് തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.

ബീഹാറിലെ നിതീഷിന്റെ ജയത്തിനുശേഷം പ്രശസ്തനായ പ്രശാന്ത് കിഷോറിനെ രാഹുല്‍ ഗാന്ധിയാണ് കോണ്‍ഗ്രസിലെ ദൗത്യമേല്‍പ്പിച്ചിരുന്നത്. 2017ല്‍ നടന്ന യു.പി, ബീഹാര്‍ തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ടായിരുന്നു നീക്കം.

Related posts