പ്രവാസികളുടെ പ്രതിഷേധം ഫലംകണ്ടു; ഗൾഫിൽ നിന്ന് മൃതദേഹം എത്തിക്കാനുള്ള നിരക്ക് ഏകീകരിച്ചു

ന്യൂഡൽഹി: പ്രവാസികളുടെ ദീർഘകാലത്തെ ആവശ്യം ഒടുവിൽ എയർ ഇന്ത്യ അംഗീകരിച്ചു. ഗൾഫിൽ നിന്ന് ഇന്ത്യയിലേക്ക് മൃതദേഹം എത്തിക്കാനുള്ള ടിക്കറ്റ് നിരക്ക് ഏകീകരിച്ചു. ഇതുപ്രകാരം എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവ വഴി ഇന്ത്യയിൽ എവിടേക്ക് മൃതദേഹം എത്തിക്കാനും ഒരേ നിരക്കായിരിക്കും. പ്രവാസികളുടെ പ്രതിഷേധത്തെ തുടർന്നാണ് നിരക്ക് ഏകീകരിക്കാനുള്ള നടപടി സ്വീകരിച്ചത്.

പുതിയ നിരക്ക് പ്രകാരം 12 വയസിൽ താഴെയുള്ളവരുടെ മൃതദേഹങ്ങൾ എത്തിക്കുന്നതിന് 750 ദിർഹം അടച്ചാൽ മതിയാകും. 12 വയസിൽ മുകളിലുള്ളവർക്ക് 1500 ദിർഹമാണ് നിരക്ക്. ജിസിസി രാജ്യങ്ങൾക്കെല്ലാം ഇത്തരത്തിൽ നിരക്ക് നിശ്ചയിച്ചിട്ടുണ്ട്. നിരക്ക് ഏകീകരിച്ചുകൊണ്ടുള്ള അറിയിപ്പ് എയർ ഇന്ത്യ കാർഗോ ഏജൻസികൾക്ക് കൈമാറി. തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി സാമൂഹ്യസംഘടനകൾ അറിയിച്ചു.

ഗൾഫിൽ നിന്ന് മൃതദേഹങ്ങൾ എത്തിക്കാനുള്ള നിരക്ക് എയർ ഇന്ത്യ നേരത്തെ ഇരട്ടിയാക്കിയിരുന്നു. മൃതദേഹങ്ങളുടെ ഭാരം നോക്കി നിരക്ക് നിശ്ചയിക്കുന്ന രീതി വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.

അയൽരാജ്യങ്ങളായ പാക്കിസ്ഥാനും ബംഗ്ലാദേശും തങ്ങളുടെ പൗരന്മാരുടെ മൃതദേഹങ്ങൾ സൗജന്യമായി നാട്ടിലെത്തിക്കുന്ന സാഹചര്യത്തിൽ നിരക്ക് കുറയ്ക്കാനെങ്കിലും എയർ ഇന്ത്യ തയാറാകണമെന്ന് വിവിധ പ്രവാസി സംഘടനകൾ ആവശ്യമുയർത്തിയിരുന്നു.

Related posts