ഒന്നിനു പിറകെ ഒന്നായി പതിനൊന്നു മണിക്കൂറിനുള്ളില്‍ കയറിയിറങ്ങിയത് എട്ട് ആശുപത്രികള്‍ ! ഗര്‍ഭിണിക്ക് ദാരുണാന്ത്യം

ഉത്തര്‍പ്രദേശിലെ നോയ്ഡയില്‍ ഗര്‍ഭിണിയായ യുവതി ചികിത്സ കിട്ടാതെ മരിച്ചു. എട്ടു മാസം ഗര്‍ഭിണിയായ മുപ്പതുകാരിയാണ് മരിച്ചത്.

പെട്ടെന്ന് രക്തസമ്മര്‍ദം ഉയരുകയും ശ്വാസതടസം നേരിടുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ വീട്ടുകാര്‍ ശ്രമിക്കുകയായിരുന്നു.

സര്‍ക്കാര്‍ ആശുപത്രികളിലടക്കം കയറിയിറങ്ങി. എന്നാല്‍ മതിയായ ചികിത്സ ലഭ്യമായില്ല. പതിനൊന്ന് മണിക്കൂറിനിടെ എട്ട് ആശുപത്രികളില്‍ കയറിയിറങ്ങിയെന്നും ചികിത്സ നിഷേധിക്കപ്പെട്ടതാണ് മരണകാരണമെന്നും യുവതിയുടെ കുടുംബാംഗങ്ങള്‍ ആരോപിച്ചു.

ഗൗതമബുദ്ധ നഗര്‍ ജില്ലയിലാണ് സംഭവം. വെള്ളിയാഴ്ച നടന്ന സംഭവത്തില്‍ ജില്ലാഭരണകൂടം ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. ചികിത്സ തേടിയുള്ള യാത്രയില്‍ ആംബുലന്‍സില്‍ വച്ചാണ് യുവതി മരിച്ചത്.

ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഭര്‍ത്താവ് വിജേന്ദര്‍ സിങ് ആംബുലന്‍സ് സംഘടിപ്പിച്ച് സാധാരണ ചികിത്സ തേടുന്ന ശിവാലിക് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

എന്നാല്‍ ചികിത്സ ലഭിച്ചില്ല. ആറ് ആശുപത്രികളിലേക്ക് ഓട്ടോറിക്ഷയിലും രണ്ട് ആശുപത്രികളിലേക്ക് ആംബുലന്‍സിലും പോകുകയായിരുന്നു എന്ന് യുവതിയുടെ വീട്ടുകാര്‍ പറഞ്ഞു. അടിയന്തരമായി ഓക്സിജന്‍ നല്‍കേണ്ട അവസ്ഥയിലായിരുന്നു യുവതി.

കിടത്തി ചികിത്സയ്ക്ക് സൗകര്യമില്ലെന്ന് പറഞ്ഞാണ് പലരും തങ്ങളെ അവഗണിച്ചതെന്ന് വീട്ടുകാര്‍ ആരോപിച്ചു. യുവതിയെ അഡ്മിറ്റ് ചെയ്യാന്‍ പലയിടത്തും നീരസം കാണിക്കുകയായിരുന്നു എന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.

Related posts

Leave a Comment