ഗര്‍ഭിണിയായ യുവതിയും ഭര്‍ത്താവും ഡല്‍ഹിയില്‍ നിന്ന് വീട്ടിലെത്താന്‍ താണ്ടിയത് 3061 കിലോമീറ്റര്‍ ! വിഷ്ണുവിന്റെയും വൃന്ദയുടെയും ലോക്ക് ഡൗണ്‍ കാലത്തെ ആംബുലന്‍സ് യാത്ര ഇങ്ങനെ…

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിരവധി മലയാളികളാണ് അന്യനാട്ടില്‍ കുടുങ്ങിപ്പോയത്.

ചിലരാവട്ടെ വളരെ സാഹസികമായ യാത്രയിലൂടെ കേരളത്തിലെത്തുകയും ചെയ്തു. ഇത്തരമൊരു സാഹസികയാത്രയ്‌ക്കൊടുവിലാണ് ഗര്‍ഭിണിയായ ഭാര്യയുമായി യുവാവ് നാട്ടിലെത്തിയത്.

ഡല്‍ഹിയില്‍ കോള്‍സെന്ററില്‍ ജോലി ചെയ്യുന്ന വിഷ്ണുവും ഭാര്യ വൃന്ദയുമാണ് ആംബുലന്‍സ് മാര്‍ഗം ഹരിപ്പാട് തൃക്കുന്നപ്പുഴ പല്ലനയിലെ വീട്ടില്‍ എത്തിയത്.

ഗ്രേറ്റര്‍ നോയിഡയിലെ നവീന്‍ ആശുപത്രിയില്‍നിന്ന് വീട്ടിലെത്തിയപ്പോള്‍ ഗര്‍ഭിണിയായ വൃന്ദയും ഭര്‍ത്താവ് വിഷ്ണുവും പിന്നിട്ടത് 3061 കിലോമീറ്ററാണ്. മൂന്ന് ദിവസമെടുത്തായിരുന്നു ഇവരുടെ യാത്ര.

നോയിഡക്കാരായ രാജും സത്യവീറുമായിരുന്നു ഡ്രൈവര്‍മാര്‍. 1,20,000 രൂപ ആംബുലന്‍സ് വാടകയും.

ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെയായിരുന്നു ഇവരുടെ യാത്ര. വൃന്ദയ്ക്ക് പൂര്‍ണവിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്.

ഇതേത്തുടര്‍ന്നാണ് ഐസിയു സൗകര്യമുള്ള ആംബുലന്‍സില്‍ ദമ്പതികള്‍ യാത്ര തിരിച്ചത്.

കഴിഞ്ഞ ഞായറാഴ്ച രാവിലെ യാത്ര തുടങ്ങിയ ഇവര്‍ ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തുകയായിരുന്നു. ഇനി മൂന്നാഴ്ച ഇവര്‍ ക്വാറന്റൈനില്‍ കഴിയണം.

ഒരു മാസം മുന്‍പാണ് വൃന്ദ ഗര്‍ഭിണിയാണെന്നു മനസ്സിലായത്. ലോക്ഡൗണിനിടെ ഭക്ഷണവും മരുന്നും വാങ്ങാന്‍ പുറത്തേക്കിറങ്ങിയ വിഷ്ണുവിന് പോലീസിന്റെ മര്‍ദനവും ഏല്‍ക്കേണ്ടി വന്നു. ആംബുലന്‍സും വൈദ്യസഹായവും നല്‍കിയത് ആശുപത്രി അധികൃതരാണ്.

ഇന്നലെ രാവിലെ വാളയാറെത്തിയപ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ ആംബുലന്‍സ് തടഞ്ഞിരുന്നു.

എന്നാല്‍, വൃന്ദയ്ക്ക് അടിയന്തര വൈദ്യസഹായം വേണമെന്ന് വിശദമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ഇവരുടെ പക്കല്‍ ഉണ്ടായിരുന്നതിനാല്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനും സാധിച്ചു.

ക്വാറന്റൈനില്‍ കഴിയേണ്ടി വരുമെങ്കിലും സാഹസിക യാത്രയ്‌ക്കൊടുവില്‍ സുരക്ഷിതമായി വീട്ടിലെത്താന്‍ സാധിച്ചതിന്റെ ആശ്വാസത്തിലാണ് ദമ്പതികള്‍.

Related posts

Leave a Comment