അട്ടപ്പാടിയില്‍ നിന്ന് ഒരു വിലാപകാവ്യം ! മഴയത്ത് റോഡ് ഒലിച്ചു പോയതിനെ തുടര്‍ന്ന് ഗര്‍ഭിണിയെ ആശുപത്രിയിലെത്തിച്ചത് കമ്പില്‍ കെട്ടിച്ചുമന്ന്…വീഡിയോ വൈറലാകുന്നു…

അഗളി: അട്ടപ്പാടിയില്‍ ഗര്‍ഭിണിയായ ആദിവാസി യുവതിയെ ഊരുവാസികള്‍ കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ എത്തിച്ചത് കമ്പില്‍ കെട്ടി ചുമന്ന്.കനത്ത മഴയില്‍ റോഡ് ഒലിച്ചു പോയതോടെ ഒറ്റപ്പെട്ട അവസ്ഥയിലാണ് എടവാണി കുംബ ഊര് നിവാസികള്‍. ഊരിലെ തണലിയുടെ ഭാര്യ മണിയെയാണ് ആശുപത്രിയിലേയ്ക്കുള്ള പകുതി വഴി വരെ കമ്പില്‍ തുണികെട്ടി ചുമന്ന് എത്തിക്കേണ്ടി വന്നത്.

അരളിക്കോണത്ത് വരെ യുവതിയെ എത്തിച്ചതിനു ശേഷം അവിടെ നിന്നും കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ എത്തിക്കുന്നതിനായി ആംബുലന്‍സ് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ലെന്ന പരാതിയും ഉയര്‍ന്നു. ജൂണ്‍ അഞ്ചിനു പുലര്‍ച്ചെയാണ് യുവതി അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചത്. ഇതോടെ വാഹനം ആവശ്യപ്പെട്ട് യുവതിയുടെ വീട്ടുകാര്‍ പബ്ലിക് ഹെല്‍ത്ത് സെന്ററിലേക്ക് വിളിച്ച് മൂന്നു മണിക്കൂറോളം കാത്തു നിന്നിട്ടും വാഹനം എത്താത്തതിനെ തുടര്‍ന്ന് സ്വകാര്യ വാഹനം വിളിച്ചാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്.

ആശുപത്രിയില്‍ എത്തിച്ച് പത്തു മിനുറ്റുകള്‍ക്കുള്ളില്‍ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ആംബുലന്‍സ് കേടായതിനാലാണ് സ്ഥലത്തേക്ക് വാഹനം എത്തിക്കാന്‍ കഴിയാതിരുന്നതെന്ന് അധികൃതര്‍ പറയുന്നു. സ്വര്‍ണ്ണഗദ മുതല്‍ എടവാണി വരെ റോഡിനായി ഒമ്പതേമുക്കാല്‍ ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെങ്കിലും ഇതുവരെ നടപ്പിലാക്കിയിട്ടില്ല. ഊരില്‍ മുപ്പത്തിയെട്ടു കുടുംബങ്ങളിലായി മൂന്നൂറോളം പേര്‍ താമസിക്കുന്നുണ്ട്. മഴക്കാലമായതിനാല്‍ പുഴ നാലു തവണ മറികടന്നുവേണം ഊരു നിവാസികള്‍ക്ക് പുറംലോകത്തെത്താന്‍. ഗര്‍ഭിണിയെ കമ്പില്‍ കെട്ടി ചുമക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്…

Related posts