ഇന്നത്തെ കാലത്ത് ഗർഭിണികൾ ആകുന്ന സ്ത്രീകൾ ചെയ്യാത്തതായി ഒന്നും തന്നെയില്ലന്ന് പറയാം. മുറ്റമടിക്കാനും ഡാൻസ് ചെയ്യാനും ജിമ്മിൽ പോകാനുമൊക്കെ അവർ റെഡിയാണ്. ഗർഭിണിയാണെന്നും പറഞ്ഞ് ഒരു മൂലയിൽ ഒതുങ്ങി ഇരിക്കാനൊന്നും ഇന്നത്തെ പെൺകുട്ടികളെ കിട്ടില്ല.
ഡോക്ടർമാർ റെസ്റ്റ് പറഞ്ഞില്ല എങ്കിൽ ഇതൊക്കെ ചെയ്യാൻ ഇവർക്ക് ഒരു ക്ഷീണവുമില്ല. ഇപ്പോഴിതാ വർഷങ്ങൾക്ക് മുൻപ് അതായത് 1965 -ലെ ആശുപത്രി ഡിസ്ചാർജ് ബുക്ക്ലെറ്റ് ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഈ ബുക്ക്ലെറ്റിൽ ഗർഭിണികൾ പാലിക്കേണ്ട ചിട്ടകളും അതുപോലെ തന്നെ പ്രസവാനന്തരം യുവതികൾ നിർവഹിക്കേണ്ട കർത്തവ്യങ്ങളും എഴുതിവച്ചിട്ടുണ്ട്.
ബുക്ക്ലെറ്റിൽ ഉൾപ്പെടുത്തിയിരുന്ന മാർഗ്ഗനിർദ്ദേശങ്ങളിൽ ചിലത് ഇപ്പോൾ കേൾക്കുമ്പോൾ അത്ഭുതം ജനിപ്പിക്കുന്നതാണ്. കുഞ്ഞുണ്ടായി 21 ദിവസത്തിന് ശേഷം മാത്രമേ അമ്മ നടക്കാനും പടികൾ കയറാനും പാടുള്ളൂ. കുഞ്ഞിന് 21 ദിവസം പ്രായമായി കഴിഞ്ഞാൽ മാത്രമേ അമ്മ കാറിൽ യാത്ര ചെയ്യാൻ പാടുള്ളൂവെന്നും ഇതിൽ പറയുന്നു. തീർന്നില്ല കുഞ്ഞിന് 118 ദിവസം പ്രായമായാൽ മാത്രമേ അമ്മ വാഹനങ്ങൾ ഓടിക്കാൻ പാടുള്ളൂ എന്നതാണ് അടുത്ത നിർദ്ദേശം.
ഇത് വൈറലായതോടെ നിരവധി യുവതികളാണ് കമന്റുമായി എത്തിയത്. കുഞ്ഞ് ഉണ്ടായി രണ്ട് ആഴ്ച കഴിഞ്ഞ് ജോലിക്കു പോകുന്ന ഞങ്ങളോടോ ബാല, എന്ന നിലയിലാണ് മിക്ക കമന്റുകളും.