ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്, ഇങ്ങനെയും ഒരു മുഖ്യമന്ത്രി!! പാക് ഒളിയാക്രമണം കനത്തപ്പോള്‍ അതിര്‍ത്തിയിലേക്ക് ഓടിയെത്തി സൈനികര്‍ക്ക് ആത്മവിശ്വാസമേകി, രാഷ്ട്രീയമല്ല രാജ്യമാണ് വലുതെന്ന് പ്രഖ്യാപിച്ച പഞ്ചാബിന്റെ മുഖ്യന്‍ ഹീറോയാകുന്നത് ഇങ്ങനെ

അടിമുടി സൈനികനാണ് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. പാക്കിസ്ഥാന്‍ തീവ്രവാദികള്‍ ഇന്ത്യന്‍ സൈനികരെ പുല്‍വാമയില്‍ വധിച്ചപ്പോള്‍ രോക്ഷത്തോടെ അദേഹം പാക്കിസ്ഥാനോട് വിളിച്ചുപറഞ്ഞു, നിങ്ങള്‍ക്ക് വയ്യെങ്കില്‍ മറയൂ ഞങ്ങള്‍ വന്ന് മസൂദ് അസറിനെ വധിച്ചുകൊള്ളാം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പഞ്ചാബില്‍ അധികാരത്തിലേറിയത് രാഹുല്‍ ഗാന്ധിയെ മുന്‍നിര്‍ത്തി ആയിരുന്നില്ല, ക്യാപ്റ്റനെന്ന് ഏവരും വിളിക്കുന്ന ഈ മുന്‍ സൈനികന്റെ തോളിലേറിയായിരുന്നു.

ഇന്ത്യ-പാക് യുദ്ധം ആസന്നമാണെന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയസമയത്ത് തലസ്ഥാനത്ത് എസിയുടെ കുളിര്‍മയിലായിരുന്നില്ല ക്യാപ്റ്റന്‍. പാക് അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഗ്രാമങ്ങളില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് ആവേശം പകര്‍ന്നും നാട്ടുകാരുടെ ഭയം അകറ്റിയും ദേശസ്‌നേഹത്തിന്റെ പുതിയ പാത തീര്‍ക്കുകയായിരുന്നു അമരീന്ദര്‍.

രാജ്യസ്‌നേഹം ഈ സൈനികന് വെറും വാചകകസര്‍ത്തല്ല. നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ നിന്നും ഇന്ത്യന്‍ മിലിറ്ററി അക്കാദമിയില്‍ നിന്നും ബിരുദമെടുത്ത അമരീന്ദര്‍ 1963 ജൂണില്‍ ഇന്ത്യന്‍ സൈന്യത്തില്‍ ചേര്‍ന്നു. 1965 ന്റ തുടക്കത്തില്‍ പട്ടാളത്തില്‍ നിന്നും രാജിവെച്ചു. പിന്നീട് പാക്കിസ്ഥാനുമായി യുദ്ധം ഉണ്ടായപ്പോള്‍ രാജ്യത്തിനായി യുദ്ധം ചെയ്യാന്‍ തിരിച്ചെത്തുകയും ചെയ്തിട്ടുണ്ട് ക്യാപ്റ്റന്‍. രാജ്യസ്‌നേഹം പ്രവര്‍ത്തിയിലൂടെ തെളിയിച്ച നേതാവെന്ന് ചുരുക്കം.

ഇത്തവണ പാക്കിസ്ഥാന്റെ ഒളിയാക്രമണത്തിന് രാജ്യം തക്ക തിരിച്ചടി നല്കിയപ്പോള്‍ രാഷ്ട്രീയം നോക്കാതെ ആദ്യം രംഗത്തെത്തിയ നേതാവും അമരീന്ദര്‍ സിംഗ് തന്നെ. കോണ്‍ഗ്രസുകാരനെങ്കിലും രാജ്യതാല്പര്യത്തില്‍ രാഷ്ട്രീയം നോക്കില്ലെന്നായിരുന്നു ക്യാപ്റ്റന്‍ അന്ന് പറഞ്ഞത്.

രാജ്യസേവനത്തിനായി എന്ത് ആവശ്യപ്പെട്ടാലും ചെയ്യാന്‍ സന്നദ്ധമായി പഞ്ചാബ് ഒപ്പമുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനയച്ച ട്വിറ്റര്‍ സന്ദേശത്തില്‍ അദ്ദേഹം അന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. പാക് സേനയുടെ പിടിയിലായ വോമ്യസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ തിരികെയെത്തിയപ്പോള്‍ വാഗ അതിര്‍ത്തി സ്വീകരിക്കാനും മുന്‍നിരയില്‍ ക്യാപ്റ്റനുണ്ടായിരുന്നു.

തൊഴിലില്ലാത്ത പഞ്ചാബിലെ ചെറുപ്പക്കാര്‍ മയക്കുമരുന്ന് കടത്തലിലേക്ക് തിരിഞ്ഞ സമയത്താണ് ക്യാപ്റ്റന്‍ പഞ്ചാബിന്റെ അമരക്കാരനാകുന്നത്. ആദ്യ നടപടി തന്നെ ലഹരിമാഫിയയെ തകര്‍ത്തെറിയുകയായിരുന്നു. സംസ്ഥാനത്ത് അങ്ങോളമിങ്ങോളം റെയ്ഡുകളും ഏറ്റുമുട്ടലുകളും നടത്തി പഞ്ചാബിനെ വീണ്ടും പഴയസ്ഥിതിയിലാക്കാന്‍ അദേഹത്തിന് സാധിച്ചു.

Related posts