പുതുക്കാട്: ദേശീയപാതയിൽ പുതുക്കാട് ബൈക്ക് യാത്രക്കാരൻ പിക്കപ്പ് വാൻ ഇടിച്ചു മരിച്ച സംഭവം കൊലപാതകമെന്ന ആരോപണവുമായി കുടുംബം. റിജാസിനെ മനഃപൂർവം വാഹനമിടിച്ച് കൊലപ്പെടുത്തിയതാണെന്ന് പിതാവ് ഇബ്രാഹീം മാനു ആരോപിച്ചു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് തൃശൂർ റൂറൽ പോലീസ് മേധാവിക്കും ക്രൈംബ്രാഞ്ചിനും പരാതി നൽകിയിരിക്കുകയാണ് കുടുംബം.
ഞായറാഴ്ച വൈകീട്ട് പുതുക്കാട് സിഗ്നലിനു സമീപമായിരുന്നു അപകടം. പട്ടാന്പി തിരുമിറ്റക്കോട് സ്വദേശിയായ റിജാസ്(22) സഞ്ചരിച്ച ബൈക്കിനു പിന്നിലാണ് പിക്കപ്പ് വാൻ ഇടിച്ചത്. റിജാസ് സംഭവസ്ഥലത്തുതന്നെ മരിക്കുകയും ബൈക്കിൽ കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിക്കു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. പിക്കപ്പ് വാൻ നിയന്ത്രണംവിട്ടതാണ് അപകടത്തിനു കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം.
റിജാസിന്റെ ബൈക്കിനു മുന്നിലുണ്ടായിരുന്ന കാറിലെ കാമറ ദൃശ്യങ്ങളാണു സംശയങ്ങൾക്ക് ഇടയാക്കുന്നത്. അപകടത്തിനിടയാക്കിയ പിക്കപ്പ് വാനിലെ ഡ്രൈവറും റിജാസും തമ്മിൽ അപകടത്തിന് 15 മിനിട്ടുമുൻപ് തർക്കം ഉണ്ടായതായി പരിക്കേറ്റു ചികിത്സയിലുള്ള പെണ്‍കുട്ടി പറഞ്ഞതായി റിജാസിന്റെ ബന്ധുക്കൾ ആരോപിക്കുന്നു.
പിക്കപ്പ് വാൻ ഡ്രൈവർ മനഃപൂർവം വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതാണെന്നും നീതി കിട്ടണമെന്നും റിജാസിന്റെ പിതാവ് പറഞ്ഞു. സംഭവത്തിൽ പരിക്കേറ്റ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായി പുതുക്കാട് പോലീസ് എസ്എച്ച്ഒ അറിയിച്ചു.
