കാൻബറ: രാജ്യത്ത് വംശീയ വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്.ബോണ്ടി ബീച്ചിൽ യഹൂദർക്കെതിരേ ഭീകരാക്രമണം നടന്നതിന്റെ പശ്ചാത്തലത്തിലാണു നടപടി.
വിദ്വേഷം, ഭിന്നത, മൗലികവാദം എന്നിവ പ്രചരിപ്പിക്കുന്നവരെ നേരിടാനായി പ്രത്യേക നിയമങ്ങളുണ്ടാക്കും. വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കു വീസ നിഷേധിക്കാനുള്ള അധികാരം ആഭ്യന്തരമന്ത്രിക്കു നല്കും. വിദ്യാഭ്യാസ സംവിധാനങ്ങളിൽ യഹൂദവിരുദ്ധത ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാനായി ടാസ്ക് ഫോഴ്സ് രൂപവത്കരിക്കും.
അക്രമത്തെ പിന്തുണയ്ക്കുന്ന പുരോഹിതരിൽനിന്നും നേതാക്കളിൽനിന്നും പിഴ ഈടാക്കാനുള്ള നിർദേശവും നിയമത്തിലുണ്ടാകും. ഓസ്ട്രേലിയയിലെ ഓരോ യഹൂദനും സുരക്ഷാബോധത്തോടെ ജീവിക്കാനും ബഹുമാനം ലഭിക്കാനും അവകാശമുണ്ടെന്നു പ്രധാനമന്ത്രി ആൽബനീസ് കൂട്ടിച്ചേർത്തു.
ഞായറാഴ്ച സിഡ്നിയിലെ ബോണ്ടി ബീച്ചിൽ യഹൂദ ആഘോഷം നടക്കുന്നതിനിടെ ഇന്ത്യക്കാരനായ സാജിദ് അക്രമും ഓസ്ട്രേലിയൻ പൗരത്വമുള്ള മകൻ നവീദ് അക്രമും ചേർന്നു നടത്തിയ വെടിവയ്പിൽ 15 പേരാണു കൊല്ലപ്പെട്ടത്.
യഹൂദവിരുദ്ധത തടയാനായി ജൂലൈയിൽ മുന്നോട്ടുവച്ച റിപ്പോർട്ടിലെ നിർദേശങ്ങൾ സർക്കാർ അംഗീകരിക്കുന്നതായും ആൽബനീസ് അറിയിച്ചു.യൂണിവേഴ്സിറ്റികളെയും കലാസംഘടനകളെയും നിരീക്ഷണവിധേയമാക്കാനും ആവശ്യമെങ്കിൽ ഫണ്ട് നിരസിക്കാനുമുള്ള നിർദേശങ്ങളാണു റിപ്പോർട്ടിലുള്ളത്.
