രാഹുല്‍ ഗാന്ധിയെ ട്രോളി അമുല്‍ പരസ്യം! രാഹുലിന്റെ കാരിക്കേച്ചര്‍ ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന പരസ്യത്തിലെ വാചകങ്ങള്‍ക്കെതിരെ പ്രതിഷേധം

അമുല്‍ ബേബിയെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ എതിരാളികള്‍ പരിഹസിക്കുന്നത്. അതേസമയം താന്‍ അതല്ലെന്ന് വ്യക്തമാക്കാന്‍ ഇതിനോടകം രാഹുല്‍ ഗാന്ധിക്ക് സാധിക്കുകയും ചെയ്തിട്ടുണ്ട്. വയനാട്ടിലും രാഹുല്‍ ഗാന്ധി മത്സരിക്കുന്നുണ്ടെന്ന് വ്യക്തമായ അവസരത്തില്‍ ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ രാഹുല്‍ ഗാന്ധിയെ വീണ്ടും അമുല്‍ ബേബിയെന്ന് വിളിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ അതിന് തൊട്ടുപിന്നാലെ രാഹുല്‍ ഗാന്ധിയെ ട്രോളി രംഗത്ത് വന്നിരിക്കുകയാണ് അമുലിന്റെ പരസ്യം. രാഹുലിന്റെ കാരികേച്ചര്‍ പരസ്യത്തില്‍ നല്‍കിയിട്ടുണ്ട്.

വയനാട് ഹാവ് ഇറ്റ് വിത്ത് ബട്ടര്‍? ( ബട്ടര്‍ ചേര്‍ത്ത് ഇത് കഴിക്കുമോ) എന്നും രാഹുലിന്റെ ചിത്രത്തിനൊപ്പം നല്‍കിയിട്ടുണ്ട്. അമുല്‍ ഔദ്യോഗിക ഫേസ്ബുക്ക് വഴിയാണ് ഈ പരസ്യം പങ്കുവെച്ചിരിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് പരസ്യം പോസ്റ്റ് ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രണ്ടുസീറ്റുകളിലായി മത്സരിക്കുന്നുവെന്ന അടിക്കുറിപ്പും ഇതിന് നല്‍കിയിട്ടുണ്ട്.

പരസ്യത്തില്‍ അമുല്‍ അമേഠി കാ പറാത്ത (അമേഠിയുടെ പറാത്ത) എന്നും കാണാം. വളരെ വേഗത്തില്‍ പരസ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായി. അതേസമയം ഇതിനെ അനുകൂലിച്ചും കുറ്റപ്പെടുത്തിയുമുള്ള ധാരാളം കമന്റുകളും പോസ്റ്റിന് താഴെ വന്നിട്ടുണ്ട്.

Related posts