പരവൂർ: വ്യവസായ സൗഹൃദപരമായ ലോജിസ്റ്റിക്സ് സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഉദാരവൽക്കരിച്ച പുതിയ വാഗൺ ഡിസൈൻ നയം ഇന്ത്യൻ റെയിൽവേ ഉടൻ പുറത്തിറക്കും. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ പുതിയ നയം പ്രാബല്യത്തിൽ വരുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന. ചരക്കുകളുടെ വൈവിധ്യത്തിനനുസരിച്ച് പ്രത്യേക വാഗണുകൾ രൂപകൽപ്പന ചെയ്യാനും വികസിപ്പിക്കാനും വ്യവസായ മേഖലയ്ക്ക് കൂടുതൽ സ്വാതന്ത്ര്യവും വഴക്കവും നൽകുന്നതാണ് പുതിയ ചട്ടക്കൂട്.
റെയിൽവേ വഴിയുള്ള ചരക്കുനീക്കം ഗണ്യമായി വർധിപ്പിക്കുന്നതിനൊപ്പം കൂടുതൽ ബിസിനസ് സംരംഭങ്ങളെ റെയിൽ ലോജിസ്റ്റിക്സിലേക്ക് ആകർഷിക്കുകയുമാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.പുതിയ നയപ്രകാരം വിവിധ വ്യവസായങ്ങൾക്ക് അവരുടെ തനത് ആവശ്യങ്ങൾക്കനുസരിച്ച് വാഗണുകളുടെ ഡിസൈനുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ അനുമതിയുണ്ടാകും.
എന്നാൽ, ഈ വാഗണുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പൂർണ ഉത്തരവാദിത്തം റെയിൽവേയുടെ ഗവേഷണ വിഭാഗമായ റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷനും ചീഫ് കമ്മിഷണർ ഓഫ് റെയിൽവേ സേഫ്റ്റിക്കും ആയിരിക്കും.വിവിധ വ്യവസായ സ്ഥാപനങ്ങളുമായും പ്രമുഖ ചരക്ക് ഉപഭോക്താക്കളുമായും റെയിൽവേ അധികൃതർ നടത്തിയ വിപുലമായ ചർച്ചകൾക്ക് ശേഷമാണ് ഈ നയരൂപീകരണം നടന്നിട്ടുള്ളത്.
ചരക്കുകൾ എളുപ്പത്തിൽ കയറ്റാനും ഇറക്കാനും ഗതാഗത കാര്യക്ഷമത വർധിപ്പിക്കാനും ഡിസൈനുകളിലെ ഈ മാറ്റം സഹായിക്കുമെന്ന് വ്യവസായ പ്രധിനിധികൾ വ്യക്തമാക്കുന്നു. റോഡ് ഗതാഗതത്തെ അപേക്ഷിച്ച് 90 ശതമാനത്തോളം പരിസ്ഥിതി സൗഹൃദമാണ് റെയിൽ ഗതാഗതമെന്നതിനാൽ, പുതിയ നയം ഹരിത റെയിൽവേ എന്ന ലക്ഷ്യത്തിലേക്കുള്ള ദൂരം കുറയ്ക്കുമെന്നാണ് വിലയിരുത്തൽ. സിമന്റ്, ഉപ്പ് തുടങ്ങിയ ചരക്കുകൾക്കായി അടുത്തിടെ പരീക്ഷണാടിസ്ഥാനത്തിൽ വികസിപ്പിച്ച പ്രത്യേക വാഗണുകളുടെ വൻ വിജയം ഇത്തരം ചരക്ക്-നിർദിഷ്ട ഡിസൈനുകളുടെ പ്രാധാന്യം തെളിയിച്ചിട്ടുണ്ട്.
പുതിയ ഡിസൈനുകൾക്ക് അനുമതി നൽകുന്നതിനൊപ്പം തന്നെ റെയിൽവേ ഇതര സ്ഥാപനങ്ങൾക്ക് സ്വകാര്യ ഉടമസ്ഥതയിലുള്ള വാഗണുകളുടെ അറ്റകുറ്റപ്പണികൾ നടത്താൻ അനുവാദം നൽകുന്ന കാര്യവും ദേശീയ ട്രാൻസ്പോർട്ടറായ ഇന്ത്യൻ റെയിൽവേയുടെ സജീവ പരിഗണനയിലുണ്ട്.
- എസ്. ആർ. സുധീർ കുമാർ
