ശ്രീരാമ… കൃഷ്ണാ..! സ്വജനപക്ഷ ഭരണം നടത്തിയാല്‍ സിപിഎമ്മിന് കോണ്‍ഗ്രസിന്റെ ഗതിയെന്ന് ഒ.രാജഗോപാല്‍

tvm-rajagopalതിരുവനന്തപുരം: പരിചയക്കുറവുള്ള ചെറുപ്പക്കാരന്‍ മേയറെ മുന്‍നിര്‍ത്തി പഴയ പെരുച്ചാഴികളാണോ കോര്‍പ്പറേഷന്‍ ഭരിക്കുന്നതെന്ന് സംശയിച്ചാല്‍ തെറ്റ് പറയാന്‍ കഴിയില്ലെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ. സമസ്ത മേഖലയിലും പരാജയപ്പെട്ട കോര്‍പപ്പറേഷന്‍ ഭരണത്തിനെതിരെ ബിജെപി കൗണ്‍സിലര്‍മാര്‍ കോര്‍പ്പറേഷന്‍ അങ്കണത്തില്‍ നടത്തിയ ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോര്‍പ്പറേഷന്‍ ഭരണം സ്വജനപക്ഷപാതവും അഴിമതിയുമായി മാറി കഴിഞ്ഞു.

മേയറെ മുന്‍പില്‍ നിര്‍ത്തി പാര്‍ട്ടിക്കാരും ബന്ധുക്കളും അഴിമതി നടത്തുകയാണ്. പൊതുജനങ്ങള്‍ക്കും മറ്റ് കക്ഷികള്‍ക്കും ഈ ഭരണം മൂലം പൊറുതി മുട്ടിയിരിക്കുകയാണ്. തെരുവ് വിളക്ക് വിഷയത്തിലും റോഡ് കരാര്‍ പണിയിലും ഉള്‍പ്പെടെ സമസ്ത മേഖലയിലും ഈ ഭരണമുന്നണി പരാജയമാണ്. മേയറുടെ പരിചയക്കുറവ് മുന്‍നിര്‍ത്തി പാര്‍ട്ടിക്കാരാണ് കോര്‍പ്പറേഷന്‍ ഭരിക്കുന്നത്. ജനങ്ങള്‍ക്ക് വേണ്ടി പ്രതിപക്ഷം സമരം നടത്തേണ്ട അവസ്ഥയാണ്. കോര്‍പ്പറേഷനും സംസ്ഥാനവും ഒരേ പാര്‍ട്ടി ഭരിച്ചിട്ടും കാര്യങ്ങള്‍ നടക്കാത്തത് ഭരിക്കുന്നവരുടെ പരാജയമാണ് കാണിക്കുന്നത്.

സ്വജനപക്ഷപാതത്തിലൂടെ ഭരണം നടത്തി കേന്ദ്രത്തില്‍ ഇല്ലാതായ കോണ്‍ഗ്രസിന്റെ ഗതി കോര്‍പ്പറേഷനിലും സംസ്ഥാനത്തും സിപിഎമ്മിനും ഉണ്ടാകുമെന്നും രാജഗോപാല്‍ പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടി നേതാവ് വിവി ഗിരികുമാര്‍, കൗണ്‍സിലര്‍മാരായ കരമന അജിത്, പാപ്പനംകോട് സജി, എം ആര്‍ ഗോപന്‍, സിമി ജ്യോതിഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കോര്‍പ്പറേഷനിലെ മുഴുവന്‍ ബിജെപി കൗണ്‍സിലര്‍മാരും പങ്കെടുത്ത ഉപവാസം വൈകിട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.വി. രാജേഷ് നാരങ്ങാ നീര് നല്‍കി അവസാനിപ്പിച്ചു.

Related posts