പ്രളയത്തിന് കാരണം അനിയന്ത്രിതമായി ഡാമുകൾ തുറന്നത്; പ്രളയക്കെടുതി നേരിടുന്നതിൽ സർക്കാർ വകുപ്പുകളെല്ലാം സമ്പൂർണ്ണ പരാജയമെന്ന് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തെ മുക്കിയ മഹാപ്രളയത്തിന് കാരണം ഡാമുകൾ അനിയന്ത്രിതമായി മുന്നറിയിപ്പുകളില്ലാതെ തുറന്നതുകൊണ്ടു തന്നെയെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

യാതൊരു മുന്നൊരുക്കവും ഇല്ലാതെ സംസ്ഥാനത്തെ ഡാമുകളെല്ലാം തുറന്നുവിട്ടതാണ് പ്രളയത്തിന്‍റെ പ്രധാന കാരണം. കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പുണ്ടായിരുന്നിട്ടും സർക്കാർ സംവിധാനമൊന്നും ഉണർന്നു പ്രവർത്തിച്ചില്ല. ഇടുക്കിയിൽ മാത്രമാണ് മുന്നൊരുക്കൾ നടന്നത്.

അവിടെ കളക്ടർ ജനപ്രതിനിധികളുടെ യോഗം വിളിച്ചുകൂട്ടി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ബാക്കി ഒരിടത്തും ഒരുവിധ കൂടിയാലോചനയും നടത്താതെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാതെ ഡാമുകളിൽ നിന്ന് വൻതോതിൽ വെള്ളം തുറന്നുവിടുകയായിരുന്നു. ഇതാണ് ഒരിക്കലും വെള്ളം കയറാത്ത റാന്നി, ചെങ്ങന്നൂർ, ചാലക്കുടി തുടങ്ങിയ പട്ടണങ്ങളെ മുക്കിയതെന്നും അദ്ദേഹം പറഞ്ഞു.

പ്രളയക്കെടുതി നേരിടുന്നതിൽ സർക്കാർ വകുപ്പുകളെല്ലാം സന്പൂർണ പരാജയമായിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ സർക്കാരിന് വലിയ വീഴ്ച പറ്റി. ഇതിനൊക്കെ പുറമേയാണ് പ്രളയ സമയത്ത് മന്ത്രി രാജു വിദേശയാത്ര നടത്തിയത്. താനറിയാതെയാണ് രാജു വിദേശയാത്രയ്ക്ക് പോയതെന്ന് മുഖ്യമന്ത്രി വരെ പറഞ്ഞു.

വിഷയം പ്രതിപക്ഷം ഉന്നയിക്കാതിരുന്നത് രാഷ്ട്രീയ ആരോപണങ്ങൽ ദുരന്ത സമയത്ത് വേണ്ട എന്ന് കരുതിയാണ്. എറണാകുളം ജില്ലയിലെ ഏകോപനത്തിന്‍റെ ചുമതലയുണ്ടായിരുന്ന മന്ത്രി സി.രവീന്ദ്രനാഥിനെ ഒരിക്കൽ പോലും കാണാൻ കഴിഞ്ഞില്ല. പിന്നീടാണ് എ.സി.മൊയ്തീൻ ജില്ലയുടെ ചുമതല ഏറ്റെടുത്തത്. അപ്പോഴേയ്ക്കും പ്രളയം എല്ലാം കഴിഞ്ഞിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

ഡാമുകൾ സൃഷ്ടിച്ച വെള്ളപ്പൊക്കമാണ് കേരളത്തിലുണ്ടായതെന്ന പ്രതിപക്ഷത്തിന്‍റെ വിമർശനത്തിന് അർഥം ഡാമുകൾ സംസ്ഥാനത്തിന് വേണ്ടെന്നല്ലെന്നും ഡാം മാനേജ്മെന്‍റിന്‍റെ വീഴ്ചകളാണ് ചൂണ്ടിക്കാണിച്ചതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രളയത്തിന്‍റെ കാരണം കണ്ടെത്തണമെന്നും അല്ലാത്തപക്ഷം ചരിത്രം മാപ്പു തരില്ലെന്നും അതാണ് ജുഡീഷൽ അന്വേഷണം എന്നയാവശ്യം പ്രതിപക്ഷം ഉന്നയിക്കാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.

രക്ഷാദൗത്യം ജനങ്ങളുടെ കൂട്ടായ്മയുടെ വിജയമായിരുന്നു. അതിന് ആരും അവകാശവാദം ഉന്നയിക്കേണ്ടതില്ല. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സർക്കാരിനൊപ്പം പ്രതിപക്ഷവും നിന്നു. അതുകൊണ്ടാണ് പ്രളയ ബാധിത സ്ഥലങ്ങൾ സന്ദർശിക്കാൻ മുഖ്യമന്ത്രി ക്ഷണിച്ചപ്പോൾ താൻ പോയത്.

ഒന്നിച്ചുപോയാൽ അത് നല്ല സന്ദേശമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് ശരിയാണെന്ന് തനിക്കും തോന്നി. സർക്കാരിനൊപ്പം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നിൽക്കുന്പോഴും വീഴ്ചകൾ ചൂണ്ടിക്കാണിക്കേണ്ടത് പ്രതിപക്ഷത്തിന്‍റെ ഉത്തരവാദിത്വമല്ലേ എന്നും രമേശ് ചെന്നിത്തല ചോദിച്ചു.

Related posts