പരവൂർ (കൊല്ലം): രാജ്യത്തെ വിലക്കയറ്റത്തെയും പണപ്പെരുപ്പത്തെയും കുറിച്ചുള്ള ഉപഭോക്തൃ കാഴ്ചപ്പാടുകൾ ശേഖരിക്കുന്നതിന് റിസർവ് ബാങ്ക് രാജ്യത്തെ 19 നഗരങ്ങളിൽ സർവേ നടത്തുന്നു. നഗരങ്ങളിലെ തെരഞ്ഞെടുത്ത വീടുകളിൽ നിന്നാണ് ബാങ്ക് പ്രതികരണങ്ങൾ തേടുന്നത്. കേരളത്തിൽ തിരുവനന്തപുരത്താണ് സർവേ നടത്തുക.
അഹമ്മദാബാദ്, ബംഗളൂരു, ഭോപാൽ, ഭുവനേശ്വർ, ചണ്ഡിഗഡ്, ചെന്നൈ, ഡൽഹി, ഗുവഹാത്തി, ഹൈദരാബാദ്, ജയ്പൂർ, ജമ്മു , കൊൽക്കത്ത, ലക്നൗ, മുംബൈ, നാഗ്പൂർ, പാട്ന, റായ്പൂർ, റാഞ്ചി എന്നിവയാണ് സർവേ നടക്കുന്ന മറ്റ് നഗരങ്ങൾ.കുടുംബങ്ങളിലെ പണപ്പെരുപ്പ പ്രതീക്ഷകൾ അളക്കുന്നതിനുള്ള സർവേ നടത്തുന്നതിന് റിസർവ് ബാങ്ക് ഒഫ് ഇന്ത്യ മുംബൈ ആസ്ഥാനമായ സ്വകാര്യ ഏജൻസിയെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.
ഇവരുടെ പ്രതിനിധികൾ തെരഞ്ഞെടുത്ത ഉപഭോക്കാക്കളെ നേരിട്ട് സമീപിച്ച് അവരുടെ പ്രതികരണങ്ങൾ രേഖപ്പെടുത്തും. ഇതിനായി പ്രത്യേക ചോദ്യാവലി ബാങ്ക് തയാറാക്കിയിട്ടുണ്ട്.സമ്പത് വ്യവസ്ഥ, ജോലി, വരുമാനം, വിലകൾ, ചെലവ് എന്നിവ അടക്കമുള്ള കാര്യങ്ങളിൽ ആധികാരിക വിവര ശേഖരണമാണ് നടത്തുക. ഇതിനുള്ള നടപടികൾ ബാങ്ക് ആരംഭിച്ച് കഴിഞ്ഞു. സെപ്റ്റംബറിൽ സർവേ പൂർത്തിയാകും.
ഇതുകൂടാതെ കൂടുതൽ പൊതുജന പങ്കാളിത്തത്തിനായി ആർബിഐ ഓൺ ലൈൻ സർവേയ്ക്കും അവസരം ഒരുക്കിയിട്ടുണ്ട്. ഏജൻസി പ്രതിനിധികൾ സമീപിക്കാത്ത വ്യക്തികൾക്ക് ആർബിഐയുടെ വെബ്സൈറ്റിൽ നൽകിയിരുന്ന ലിങ്ക് വഴി ലഭ്യമാകുന്ന ഫോമുകൾ പൂരിപ്പിച്ചും സർവേയിൽ പങ്കെടുക്കാം.
അവശ്യ വസ്തുക്കൾ മുതൽ ഇതര ഉത്പന്നങ്ങളിലെ സേവനങ്ങൾ അടക്കമുള്ള ദൈനംദിന ചെലവുകളിലെ മാറ്റങ്ങൾ ആളുകൾ എങ്ങനെ കാണുന്നു എന്ന് വിലയിരുത്തുകയാണ് സർവേ വഴി റിസർവ് ബാങ്ക് പ്രധാനമായും ലക്ഷ്യമിടുന്നത്. ഇങ്ങനെ ലഭിക്കുന്ന ഇൻപുട്ടുകൾ ബാങ്കിന്റെ നയരൂപീകരണത്തിലടക്കം നിർണായക ഘടകമാകും. സർവേ ഫലങ്ങൾ റിസർവ് ബാങ്ക് അവരുടെ ഔദ്യോഗിക പ്ലാറ്റ്ഫോമുകളിൽ പ്രസിദ്ധീകരിക്കും.
എസ്.ആർ. സുധീർ കുമാർ