ചാണക്യനായ അച്ഛന്‍ അഴിക്കുള്ളിലായതോടെ മക്കള്‍ തമ്മില്‍ അധികാരം പിടിക്കാന്‍ വടംവലി തുടങ്ങി, ജയിലില്‍ കിടക്കുന്ന ലാലുപ്രസാദ് യാദവ് വിഷാദ രോഗത്തില്‍, ബിഹാറില്‍ കോണ്‍ഗ്രസിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി

എന്നും കോണ്‍ഗ്രസിന്റെ നല്ല ചങ്ങാതിയായിരുന്നു ആര്‍ജെഡി. ബിഹാറില്‍ ശക്തമായ വേരുകളുള്ള പാര്‍ട്ടി. ലാലുപ്രസാദ് യാദവ് എന്ന അതികായന്‍ വളര്‍ത്തി വലുതാക്കിയ പാര്‍ട്ടിക്ക് പക്ഷേ ഇപ്പോള്‍ നല്ല കാലമല്ല. അച്ഛന്‍ ജയിലിലായതോടെ മക്കളായ തേജ് പ്രതാപും തേജസ്വി യാദവും പാര്‍ട്ടിയില്‍ ആധിപത്യം ഉറപ്പിക്കാന്‍ യുദ്ധം തുടങ്ങി. നഷ്ടം ബിജെപിയെ തറപറ്റിക്കാന്‍ അവസരം കാത്തിരുന്ന കോണ്‍ഗ്രസിനും.

ജയിലില്‍ കഴിയുന്ന ലാലുപ്രസാദ് യാദവ് വിഷാദ രോഗത്തിന് കീഴ്‌പ്പെടുകയാണെന്നു ഡോക്ടര്‍. ലാലു ചികിത്സയില്‍ കഴിയുന്ന രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഡയറക്ടര്‍ ആര്‍.കെ. ശ്രീവാസ്തവയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എയിംസില്‍ ചികിത്സ തേടുന്‌പോള്‍തന്നെ ലാലുവിന്റെ വിഷാദ രോഗം സംബന്ധിച്ചു മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങളുണ്ടെന്നും ശ്രീവാസ്തവ പിടിഐ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.

ബുധനാഴ്ച വൈകുന്നേരം ലാലുപ്രസാദിനെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ വാര്‍ഡിലേക്കു മാറ്റിയിരുന്നു. ഒരു ദിവസം 1000 രൂപയാണ് ഇവിടെ ലാലു താമസത്തിനു വാടക നല്‍കുന്നത്. ജയില്‍ സൂപ്രണ്ടില്‍നിന്ന് അനുമതി തേടിയശേഷമാണ് ലാലുവിനെ വാര്‍ഡിലേക്കു മാറ്റിയതെന്നു ശ്രീവാസ്തവ പറഞ്ഞു. ജാര്‍ഖണ്ഡ് ഹൈക്കോടതി നല്‍കിയ ജാമ്യത്തിന്റെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ലാലു ഇക്കഴിഞ്ഞ 30-ന് റാഞ്ചി സിബിഐ കോടതിയില്‍ കീഴടങ്ങിയിരുന്നു.

Related posts