ആശുപത്രിക്കരികെ കടുത്ത ഗതാഗതക്കുരുക്കിൽപ്പെട്ട് വാഹനം അനങ്ങാനാകാതെ വന്നതോടെ ഗർഭിണിയായ യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലുള്ള ഉൽഹാസ് നഗറിലാണ് സംഭവം. യുവതി പ്രസവിച്ച ആൺകുട്ടിയും അമ്മയും നിലവിൽ പൂർണ ആരോഗ്യവാന്മാരായി ഇരിക്കുന്നതായി അധികൃതർ അറിയിച്ചു.
പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് യുവതിയെ സമീപത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് എത്തിക്കാൻ ബന്ധുക്കൾ അടിയന്തരമായി ഓട്ടോറിക്ഷ വിളിച്ച് പുറപ്പെടുകയായിരുന്നു. എന്നാൽ ആശുപത്രിക്ക് തൊട്ടടുത്തെത്തിയപ്പോൾ വാഹനം കടുത്ത ഗതാഗതക്കുരുക്കിൽപ്പെട്ടു.
ഓട്ടോറിക്ഷ 15 മുതൽ 20 മിനിറ്റോളം ഒരിഞ്ചുപോലും മുന്നോട്ട് പോകാനാകാതെ റോഡിൽ കിടന്നു. ഈ സമയത്ത് യുവതിക്ക് പ്രസവവേദന അതികഠിനമായി മാറിയതോടെ ഓട്ടോറിക്ഷയിൽ വെച്ച് തന്നെ കുഞ്ഞിന് ജന്മം നൽകേണ്ടി വരികയായിരുന്നു.
ആശുപത്രിയിലേക്ക് ഏതാനും മിനിറ്റുകളുടെ ദൂരം മാത്രമുണ്ടായിരുന്നപ്പോഴാണ് ഗതാഗതക്കുരുക്ക് വില്ലനായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രദേശത്തെ രൂക്ഷമായ ഗതാഗതക്കുരുക്ക് അടിയന്തര വൈദ്യസഹായം ആവശ്യമായി വരുന്ന രോഗികൾക്ക് വലിയ ഭീഷണിയാകുന്നുവെന്ന ജനങ്ങളുടെ പരാതി വീണ്ടും ശരിവെക്കുന്നതാണ് ഈ സംഭവം.
