പ്ര​ഫ. ഫ്രാ​ൻ​സി​സ് ഹാ​ൽ​സെ​ന് ഭൗ​തി​ക​ശാ​സ്ത്ര നൊ​ബേ​ൽ: ന്യൂ​ട്രി​നോ അ​സ്ട്രോ​ണ​മി​യി​ൽ പു​തു​വ​ഴി വെ​ട്ടി​യ ഗ​വേ​ഷ​ക​ൻ

സ്റ്റോ​ക്ക്ഹോം: ബെ​ൽ​ജി​യം-​അ​മേ​രി​ക്ക​ൻ ഭൗ​തി​ക ശാ​സ്ത്ര​ജ്ഞ​നാ​യ പ്ര​ഫ. ഫ്രാ​ൻ​സി​സ് ഹാ​ൽ​സെ​ന് 2026ലെ ​ഭൗ​തി​ക​ശാ​സ്ത്ര​ത്തി​നു​ള്ള നൊ​ബേ​ൽ സ​മ്മാ​നം. ഐ​സ്ക്യൂ​ബ് ന്യൂ​ട്രി​നോ ഒ​ബ്സ​ർ​വേ​റ്റ​റി വി​ക​സി​പ്പി​ച്ച​തി​നും പ്ര​പ​ഞ്ച​ത്തി​ലെ ഉ​യ​ർ​ന്ന ഊ​ർ​ജ​മു​ള്ള ന്യൂ​ട്രി​നോ​ക​ളെ ക​ണ്ടെ​ത്തി​യ​തി​നു​മാ​ണ് പു​ര​സ്കാ​രം.

അ​ന്‍റാ​ർ​ട്ടി​ക്ക​യി​ലെ ഒ​രു ക്യൂ​ബി​ക് കി​ലോ​മീ​റ്റ​ർ വ്യാ​പ്തി​യു​ള്ള മ​ഞ്ഞു​പാ​ളി​ക്കു​ള്ളി​ൽ ആ​യി​ര​ക്ക​ണ​ക്കി​നു പ്ര​കാ​ശ സെ​ൻ​സ​റു​ക​ൾ അ​ട​ങ്ങി​യ കേ​ബി​ളു​ക​ൾ താ​ഴ്ത്തി​യാ​ണ് ഐ​സ്ക്യൂ​ബ് ഒ​ബ്സ​ർ​വേ​റ്റ​റി നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​പ​ഞ്ച​ത്തി​ലെ ന​ക്ഷ​ത്ര സ്ഫോ​ട​ന​ങ്ങ​ൾ തു​ട​ങ്ങി​യ അ​തി​ശ​ക്ത​മാ​യ പ്ര​ക്രി​യ​ക​ളി​ൽ​നി​ന്നു പു​റ​ന്ത​ള്ള​പ്പെ​ടു​ന്ന ‘ന്യൂ​ട്രി​നോ’ എ​ന്ന സൂ​ക്ഷ്മ ക​ണി​ക​ക​ളെ നി​രീ​ക്ഷി​ക്കു​ക​യാ​ണ് ഈ ​നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ ചു​മ​ത​ല.

2011ൽ ​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ഈ ​നി​രീ​ക്ഷ​ണ​കേ​ന്ദ്രം 2013ലാ​ണ് പ്ര​പ​ഞ്ച​ത്തി​ൽ​നി​ന്നു​ള്ള ന്യൂ​ട്രി​നോ​ക​ളു​ടെ സാ​ന്നി​ധ്യം ആ​ദ്യ​മാ​യി സ്ഥി​രീ​ക​രി​ച്ച​ത്. പ്ര​കാ​ശ​ത്തെ ത​ട​യു​ന്ന ബ​ഹി​രാ​കാ​ശ ധൂ​ളീ​പ​ട​ല​ങ്ങ​ൾ​ക്കും ത​മോ​ദ്വാ​ര​ങ്ങ​ൾ​ക്കും പി​ന്നി​ൽ ന​ട​ക്കു​ന്ന പ്ര​തി​ഭാ​സ​ങ്ങ​ളെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​റി​യാ​ൻ ഐ​സ്‌​ക്യൂ​ബ് ഒ​ബ്സ​ർ​വേ​റ്റ​റി സ​ഹാ​യി​ക്കു​ന്നു.

1988ലാ​ണ് ദ​ക്ഷി​ണ​ധ്രു​വ​ത്തി​ലെ മ​ഞ്ഞി​ന​ടി​യി​ൽ ന്യൂ​ട്രി​നോ​ക​ളെ നി​രീ​ക്ഷി​ക്കാ​നു​ള്ള ആ​ശ​യം ഹാ​ൽ​സെ​ൻ ആ​ദ്യ​മാ​യി ശാ​സ്ത്ര​ലോ​ക​ത്തി​നു​മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ യു​എ​സി​ലെ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് വി​സ്കോ​ൺ​സി​ൻ-​മാ​ഡി​സ​ണി​ലാ​ണ് അ​ദ്ദേ​ഹം സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന​ത്.

12 ദ​ശ​ല​ക്ഷം സ്വീ​ഡി​ഷ് ക്രോ​ണ​റാ​ണ് (ഏ​ക​ദേ​ശം 1.2 ദ​ശ​ല​ക്ഷം യു​എ​സ് ഡോ​ള​ർ) പു​ര​സ്കാ​ര​ത്തു​ക. ഇ​ന്നു ര​സ​ത​ന്ത്ര​ത്തി​നും നാ​ളെ സാ​ഹി​ത്യ​ത്തി​നു​മു​ള്ള നൊ​ബേ​ൽ പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ക്കും. വെ​ള്ളി, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ യ​ഥാ​ക്ര​മം സ​മാ​ധാ​ന​ത്തി​നും സാ​മ്പ​ത്തി​ക ശാ​സ്ത്ര​ത്തി​നു​മു​ള്ള നൊ​ബേ​ൽ പു​ര​സ്കാ​ര​ങ്ങ​ളും പ്ര​ഖ്യാ​പി​ക്കും.

എ​ന്താ​ണ് ന്യൂ​ട്രി​നൊ
സൂ​ര്യ​നി​ൽ​നി​ന്നും ന​ക്ഷ​ത്ര​ങ്ങ​ളി​ൽ​നി​ന്നു​മെ​ല്ലാം പ്ര​തി​സെ​ക്ക​ൻ​ഡി​ൽ കോ​ടി​ക്ക​ണ​ക്കി​നു ന്യൂ​ട്രി​നോ​ക​ൾ ഭൂ​മി​യി​ലൂ​ടെ​യും ന​മ്മു​ടെ ശ​രീ​ര​ത്തി​ലൂ​ടെ​യും യാ​തൊ​രു ത​ട​സ​വു​മി​ല്ലാ​തെ ക​ട​ന്നു​പോ​കു​ന്നു​ണ്ട്. വൈ​ദ്യു​തി ചാ​ർ​ജ് ഇ​ല്ലാ​ത്ത​തി​നാ​ലും സാ​ധാ​ര​ണ പ​ദാ​ർ​ഥ​ങ്ങ​ളു​മാ​യി വി​ര​ള​മാ​യി മാ​ത്രം പ്ര​തി​പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ലും ഇ​വ​യെ ‘ഭൂ​ത​ക​ണ​ങ്ങ​ൾ’ (ഗോ​സ്റ്റി പാ​ർ​ട്ടി​ക്കി​ൾ​സ് ) എ​ന്നും വി​ളി​ക്കു​ന്നു.

ഇ​ത്ത​രം ക​ണ​ങ്ങ​ൾ അ​ന്‍റാ​ർ​ട്ടി​ക് മ​ഞ്ഞി​ലെ ആ​റ്റ​ങ്ങ​ളു​മാ​യി അ​പൂ​ർ​വ​മാ​യി കൂ​ട്ടി​യി​ടി​ക്കു​മ്പോ​ൾ ഉ​ണ്ടാ​കു​ന്ന നീ​ല വെ​ളി​ച്ച​ത്തി​ന്‍റെ മി​ന്ന​ലു​ക​ൾ സെ​ൻ​സ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് അ​ള​ന്നാ​ണ് ശാ​സ്ത്ര​ജ്ഞ​ർ പ്ര​പ​ഞ്ച​ര​ഹ​സ്യ​ങ്ങ​ൾ പ​ഠി​ക്കു​ന്ന​ത്.

സാ​ധാ​ര​ണ ടെ​ലി​സ്കോ​പ്പു​ക​ൾ​ക്കു കാ​ണാ​ൻ സാ​ധി​ക്കാ​ത്ത പ്ര​പ​ഞ്ച വി​സ്മ​യ​ങ്ങ​ളി​ലേ​ക്ക് ഒ​രു പു​തി​യ ജാ​ല​ക​മാ​ണ് പ്ര​ഫ. ഹാ​ൽ​സെ​ന്‍റെ ക​ണ്ടെ​ത്ത​ലി​ലൂ​ടെ തു​റ​ക്ക​പ്പെ​ട്ട​ത്.ഫ്രാ​ൻ​സി​സ് ഹാ​ൽ​സെ​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ന്താ​രാ​ഷ്‌​ട്ര സം​ഘ​വും പ്ര​പ​ഞ്ച​പ​ഠ​ന​ത്തി​ൽ ഒ​രു മി​ക​ച്ച ഉ​പ​ക​ര​ണം ശാ​സ്ത്ര​ലോ​ക​ത്തി​നു സം​ഭാ​വ​ന ചെ​യ്ത​താ​യി നൊ​ബേ​ൽ ഫി​സി​ക്സ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മാ​ർ​ക്ക് പി​യേ​ഴ്സ് പ​റ​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ശാ​സ്ത്രീ​യ വീ​ക്ഷ​ണ​വും നി​ശ്ച​യ​ദാ​ർ​ഢ്യ​വു​മാ​ണ് അ​സ്ട്രോ​ണ​മി മേ​ഖ​ല​യി​ൽ പു​തി​യൊ​രു വ​ഴി​കാ​ട്ടി​യാ​യ​തെ​ന്നും അ​ക്കാ​ദ​മി വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment