ലോക്ക്ഡൗണ്‍ മുതലെടുത്ത് കള്ളന്മാര്‍ ! മോഷണ വസ്തുക്കളില്‍ അരിയും മുട്ടയും മുതല്‍ സിഗരറ്റും തമ്പാക്കും വരെ; പല കള്ളന്മാര്‍ക്കും കോവിഡ്; പിടിക്കുന്ന പോലീസുകാര്‍ ക്വാറന്റൈനിലാകും…

ലോക്ക്ഡൗണ്‍ മുതലെടുത്ത് പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന ചിലരെങ്കിലും നമ്മുടെ സമൂഹത്തിലുണ്ട്. അവസരം മുതലെടുത്ത് നിരവധി കള്ളന്മാരാണ് രംഗത്തിറങ്ങിയിരിക്കുന്നത്.

ലോക്ക്ഡൗണിനെത്തുടര്‍ന്ന് ആളുകളെല്ലാം വീട്ടിനുള്ളിലായപ്പോള്‍ സ്വര്‍ണവും പണവും അടിച്ചുമാറ്റാമെന്ന മോഹം ഉപേക്ഷിച്ച കള്ളന്മാര്‍ ഇപ്പോള്‍ ഉന്നംവച്ചിരിക്കുന്നത് പലചരക്ക് കടകളും ബേക്കറികളും മദ്യവില്‍പ്പന ശാലകളുമാണ്.

ലോക്ക്ഡൗണ്‍ കര്‍ശനമായതോടെ കള്ളന്മാരുടെ ഇഷ്ടകേന്ദ്രമായി മാറിയ മഹാരാഷ്ട്രയില്‍ നടന്ന ഒരു മോഷണ പരമ്പരയില്‍ ഒരു റസ്റ്ററന്റില്‍ നിന്നും പോലീസ് സാധനങ്ങള്‍ കുറിച്ച ഒരു ലിസ്റ്റ് കണ്ടെത്തി. ബേക്കറി സാധനങ്ങള്‍ക്ക് പുറമേ മുട്ടയും വെണ്ണയുമെല്ലാം ഇതില്‍ കുറിച്ചിരുന്നു.

ഭിവാനിയിലെ ഒരു കടയില്‍ നടന്ന മോഷണത്തില്‍ പോയത് 300 മുട്ടകളും ആറ് പായ്ക്കറ്റ് ധാന്യപ്പൊടികളും നാലു ലിറ്റര്‍ പാലും 60 ബാഗ് അരിയും ആയിരുന്നു.

അരിയും പച്ചക്കറികളും ഉള്‍പ്പെടെ രാകേഷ് കിരാനാ എന്ന കടയില്‍ നിന്നും പോയത് രണ്ടു ലക്ഷം രൂപയുടെ സാധനങ്ങളായിരുന്നു.

ബോറിവാലിയിലെ ഒരു കടയില്‍ നിന്നും 1400 രൂപയോളം വരുന്ന വെണ്ണ ആരോ കട്ടു കൊണ്ടു പോയി.

മുംബൈ തിലക് നഗറിലെ പോലീസ് എടുത്ത ഒരു മോഷണക്കേസില്‍ ചെമ്പൂരിലെ ഒരു കടയില്‍ നിന്നും പോയത് സിഗററ്റ്, ലഹരി നല്‍കുന്ന പുകയില പായ്ക്കറ്റുകളും ബീഡിയും 3000 രൂപയുമായിരുന്നു.

കൊല്‍ക്കത്തയിലെ ചിറ്റ്പോറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസില്‍ കട കുത്തിത്തുറന്ന് കള്ളന്‍ കൊണ്ടുപോയത് വിവിധ കറിപൗഡറുകളും സോപ്പുപൊടിയും സോപ്പുമൊക്കെ ആയിരുന്നു.

അതുപോലെ മദ്യശാലകളെയും കള്ളന്മാര്‍ വിടുന്നില്ല. ആന്ധ്രയില്‍ നിന്ന് മോഷണം പോയത് 24 കെയ്‌സ് മദ്യമാണ്.

ഏപ്രില്‍ ഒന്നിന് നടന്ന സംഭവത്തില്‍ ഭോയ്ഗുഡയിലെ ശ്രീ വെങ്കിടേശ്വര വൈന്‍സില്‍ നിന്നും പോയത് 26,000 രൂപയോളം വില വരുന്ന 20 കുപ്പി മദ്യവും 8000 രൂപയുമായിരുന്നു.

നാലു ദിവസം കഴിഞ്ഞ് സിസിടിവി പരിശോധിച്ചപ്പോഴാണ് ഉടമ ഇക്കാര്യം തിരിച്ചറിഞ്ഞത്.

തുടര്‍ന്ന ഇയാള്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസുകാര്‍ കള്ളന്മാരെ കണ്ടെത്തി. രണ്ടു ബികോം വിദ്യാര്‍ത്ഥികളായിരുന്നു കള്ളന്മാര്‍.

ഏപ്രില്‍ 10 ന് പോലീസ് ഇവരെ അറസ്റ്റ് ചെയ്യുമ്പോള്‍ ബാക്കി ഉണ്ടായിരുന്നത് എട്ട് ബോട്ടിലുകള്‍ മാത്രമായിരുന്നു. 12 ബോട്ടിലുകള്‍ ഇവര്‍ 42,000 രൂപയ്ക്ക് വില്‍പ്പന നടത്തി.

ഡല്‍ഹിയിലും ലക്ഷങ്ങള്‍ വില വരുന്ന മദ്യം മോഷ്ടിക്കപ്പെട്ടു. ഇതിനിടയില്‍ കള്ളന്മാരെ പിടികൂടിയാലും അത് പണിയാകുമെന്ന അവസ്ഥയാണുള്ളത്.

പഞ്ചാബില്‍ ലുധിയാന പോലീസ് പിടികൂടിയ രണ്ടു കള്ളന്മാരില്‍ ഒരാള്‍ക്ക് കോവിഡ് ലക്ഷണം കാണിച്ചതിനെ തുടര്‍ന്ന് പോലീസ് പരിശോധന നടത്തി.

മോട്ടോര്‍ സൈക്കിളില്‍ നടന്ന് മോഷണം നടത്തിയിരുന്ന ഇവരില്‍ ഒരാള്‍ക്ക് പരിശോധനയില്‍ കോവിഡ് 19 പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയും ചെയ്തു.

തുടര്‍ന്ന് ഇയാള്‍ക്കൊപ്പം ക്വാറന്റൈനിലായത് ഇയാളെ ഹാജരാക്കിയ ജഡ്ജിയും എട്ടു പോലീസുകാരുമാണ്.

Related posts

Leave a Comment