എരുമേലി: ശബരിമല സീസണിൽ എരുമേലി ടൗണും പരിസരവും ശുചീകരിച്ച തമിഴ്നാട്ടുകാരായ 125 പേരടങ്ങുന്ന വിശുദ്ധിസേന ശമ്പളം കിട്ടാതെ മടങ്ങി.
ഇന്നലെ ഉച്ചവരെ ശമ്പളം കാത്തിരുന്ന അവർ ഒടുവിൽ മൗനമായി റോഡിൽ വലിയമ്പലത്തിന്റെ ഗോപുരവാതിലിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിനുശേഷമാണ് നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചത്.
ഇക്കഴിഞ്ഞ ഡിസംബർ 16 വരെയുള്ള വേതനം ഇവർക്ക് ലഭിച്ചിരുന്നു. ഇതിന് ശേഷമുള്ള 35 ദിവസത്തെ വേതനമായ 24 ലക്ഷത്തിൽപരം രൂപയാണ് കിട്ടാനുള്ളത്.
ഇന്നലെ വരെയായിരുന്നു ഇവർക്ക് സൗജന്യ താമസവും ഭക്ഷണവും കരാർ പ്രകാരം ദേവസ്വം ബോർഡിൽ നിന്നുള്ളത്. ഇത് കഴിഞ്ഞതോടെയാണ് ശമ്പളം പ്രതീക്ഷിച്ച് എരുമേലിയിൽ തങ്ങാൻ ഭക്ഷണവും താമസവും ഇല്ലാത്തതിനാൽ മടങ്ങുന്നതെന്ന് ഇവർ പറയുന്നു.
ദേവസ്വം ബോർഡാണ് ഇവർക്ക് വേതനം നൽകേണ്ടത്. പത്തനംതിട്ട ജില്ലാ കളക്ടറുടെ ഫണ്ടിലേക്കാണ് ദേവസ്വം ബോർഡ് തുക നൽകുക. ഇത് ആരോഗ്യ വകുപ്പിന് കൈമാറി കിട്ടണം. തുടർന്നാണ് ഇവർക്ക് വേതനം ലഭിക്കുക. ഏതാനും ദിവസങ്ങൾക്കകം വേതനത്തിനുള്ള ഫണ്ട് ലഭിക്കുമെന്നാണ് അധികൃതർ പറയുന്നത്.
